ചെന്നൈ: കോവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് മരണ സർട്ടിഫിക്കറ്റിന് പുറമേ കോവിഡ് കാരണമാണ് മരണമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് സംസ്ഥാന സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ മരണകാരണം ‘കോവിഡ്’ എന്ന് പരാമർശിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.എ ശ്രീരാജലക്ഷ്മി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രീംകോടതി അടുത്തിടെ തീർപ്പു കൽപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാർ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് മരണം എന്ന് പ്രത്യേകം പരാമർശിക്കണമെന്നും ഇത് സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരടങ്ങിയ ആദ്യബെഞ്ച് മരണ സർട്ടിഫിക്കറ്റിന് പുറമേ ഒരു സർട്ടിഫിക്കറ്റ് കൂടി നൽകണമെന്ന് സംസ്ഥാനത്തിന് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയാണെങ്കിൽ ഭാവിയിൽ ഈ സർട്ടിഫിക്കറ്റുകൾ തുക ക്ലെയിം ചെയ്യാൻ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. ഹർജി ഉന്നയിച്ച വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി 10 ആഴ്ച സമയം നൽകി.
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാർക്ക് നിയന്ത്രണം; 40 ശതാനത്തിലധികം പാടില്ല
കോവിഡ് പോസിറ്റീവായി മൂന്നു മാസത്തിനകം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീർണതകൾ കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വച്ച് മരിച്ചാൽ ഇത്തരത്തിൽ മരണ സർട്ടിഫിക്കറ്റ് നൽകേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സർട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന് മാർഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.
കോവിഡിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ ലളിതമാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. ഈ രേഖയിലെ മരണകാരണത്തിൽ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കാനും സംവിധാനമുണ്ടാക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിനുള്ള മാർഗരേഖയുണ്ടാക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ കാണണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ, തുക എത്രയെന്നു പറയാതെ ഉചിതമായ തുക സർക്കാർ നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതിനായി ആറ് ആഴ്ചയ്ക്കുള്ളിൽ പ്രത്യേക മാർഗരേഖ തയാറാക്കാനും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ധനകാര്യ കമ്മിഷൻ നിർദേശിച്ചതു പ്രകാരം ശ്മശാന ജീവനക്കാർക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുന്ന കാര്യവും പരിഗണിക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ട്. കോവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും വ്യക്തമാക്കിയിരിക്കണമെന്നാണ് സുപ്രീം കോടതിയും നിർദേശിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid 19, Covid death, Saudi arabia