വോട്ട് ചെയ്ത സെൽഫിയെടുക്കാൻ റെഡി ആയോ? വിരലിൽ പുരട്ടുന്ന മഷിയെക്കുറിച്ച് എന്തൊക്കെ അറിയാം?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയിൽ 1962 മുതലാണ് വോട്ടു ചെയ്തവരെ തിരിച്ചറിയാനുള്ള അടയാളമായി മഷി ഉപയോഗിക്കാൻ ആരംഭിച്ചത്
തിരഞ്ഞെടുപ്പു ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പതിവാണ് മഷി പുരട്ടിയ വിരലുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതോ ആ വിരലുകൾ കാണുന്ന വിധത്തിൽ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നതോ ഒക്കെ. എന്നാൽ വോട്ടെടുപ്പു ദിനം വിരലിൽ മഷി പുരട്ടുന്നതിന്റെ കാരണവും അതിന്റെ ചരിത്രവും എത്ര പേർക്കറിയാം? അതേക്കുറിച്ച് വിശദമായി മനസിലാക്കാം. ഇന്ത്യയിൽ 1962 മുതലാണ് മഷി ഉപയോഗിക്കാൻ ആരംഭിച്ചത്. അതിനുശേഷമുള്ള എല്ലാ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തവരെ തിരിച്ചറിയാനുള്ള അടയാളമായി ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
പൗര ധർമ്മത്തിൻ്റെയും ജനാധിപത്യത്തിൽ പങ്കാളികൾ ആകുന്നതിന്റെയും അടയാളമായാണ് ഈ ഇലക്ടറൽ സ്റ്റെയിൻ അല്ലെങ്കിൽ ഇലക്ടറൽ മഷിയെ കണക്കാക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വോട്ടർമാരുടെ വിരലുകൾ ഈ മഷിയടയാളം പുരട്ടാറുണ്ട്.കള്ളവോട്ടുകളും ഒരാൾ ഒന്നിലധികം വോട്ടുകൾ ചെയ്യുന്നത് തടയാനുമാണ് വോട്ടറുടെ ഇടത് ചൂണ്ടുവിരലിൽ ഈ മഷിയടയാളം രേഖപ്പെടുത്തുന്നത്. 1961ൽ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ റൂൾ 49K പ്രകാരമാണ് ഇത്തരത്തിൽ വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടുന്നത്. ഇത് പെട്ടെന്ന് മായിച്ചു കളയാൻ സാധിക്കാത്ത മഷിയാണ്.
advertisement
ഇത് സാധാരണയായി ലഭ്യമാകുന്ന തരം മഷിയല്ല. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിലുള്ള ലബോറട്ടറിയായ ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ (എൻപിഎൽ) 1961-ലാണ് ഈ മഷി വികസിപ്പിച്ചെടുത്തത്. 1962-ൽ കർണാടക സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ മൈസൂർ പെയിൻ്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡിന് (MPVL) ഈ മഷി ഉത്പാദിപ്പിക്കുന്നതിനുള്ള പേറ്റൻ്റ് നേടി. ആദ്യം, ഗ്ലാസ് ബോട്ടിലുകളിൽ മഷി നിറച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്.
advertisement
എന്നാൽ സാങ്കേതികവിദ്യ വികാസം പ്രാപിച്ചതോടെ, മഷി ആമ്പർ കളറുകളിലുള്ള (amber-colour) പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് മാറി. ഇത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ എളുപ്പമാകുകയും ചെയ്തു. ഈ മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെയും നഖത്തിലെയും രാസവസ്തുക്കളുമായി പ്രവർത്തിച്ച്, പുരട്ടിയ ഉടൻ തന്നെ ഒരു ഒരു സെമി-പെർമനന്റ് മാർക്കായി (semi-permanent mark) മാറുന്നു. വോട്ടർമാർക്ക് മഷി എളുപ്പത്തിൽ മായിച്ചു കളയാനും സാധിക്കില്ല. ഈ അടയാളം ആഴ്ചകളോളം നിലനിൽക്കുകയും ചെയ്യും. ഇത് ഏതെങ്കിലും തരത്തിൽ ചർമത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടില്ല, കൂടാതെ വാട്ടർ റെസിസ്റ്റന്റുമാണ്.
advertisement
മലേഷ്യ, കാനഡ, കംബോഡിയ, ഘാന, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാൻ, തുർക്കി, നൈജീരിയ, പാപുവ ന്യൂ ഗിനിയ, നേപ്പാൾ, മഡഗാസ്കർ, നൈജീരിയ, സിംഗപ്പൂർ, ദുബായ്, മംഗോളിയ, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, ഡെന്മാർക്ക് തുടങ്ങി മുപ്പതോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇടത് ചൂണ്ടുവിരൽ നീട്ടാനോ നിർദേശങ്ങൾക്കനുസൃതമായി മഷി പുരട്ടാനോ വോട്ടർ വിസമ്മതിച്ചാലോ, വിരലിൽ സമാനമായ മറ്റൊരു അടയാളം ഉണ്ടെങ്കിലോ അവരെ വോട്ടുചെയ്യാൻ അനുവദിക്കില്ല. മഷിയടയാളം പെട്ടെന്ന് മായുന്ന വിധത്തിൽ വോട്ടർ എന്തെങ്കിലും കൃത്രിമത്വം ചെയ്തെന്ന് മനസിലാക്കിയാലും അവരെ വോട്ടു ചെയ്യുന്നതിൽ നിന്ന് തടയും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 21, 2024 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വോട്ട് ചെയ്ത സെൽഫിയെടുക്കാൻ റെഡി ആയോ? വിരലിൽ പുരട്ടുന്ന മഷിയെക്കുറിച്ച് എന്തൊക്കെ അറിയാം?