Explained | മുതലപ്പൊഴിയിൽ പുലിമുട്ട് വന്നശേഷം 17 വർഷത്തിൽ ബലിയായത് 69 മത്സ്യത്തൊഴിലാളികൾ
- Published by:Arun krishna
- news18-malayalam
Last Updated:
2006 ൽ പുലിമുട്ടിന്റെ നിർമാണം പൂർത്തിയായ ശേഷം സ്ഥലത്ത് ഉണ്ടായ 125 അപകടങ്ങളിൽപ്പെട്ട് ഇതുവരെ 69 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്.
മഹാപ്രളയത്തില്‍ കേരളത്തിന്‍റെ കാവല്‍ മാലാഖമാരെന്ന് എല്ലാവരും വിശേഷിപ്പിച്ചവരാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍. നിത്യജീവിതം തള്ളിനീക്കുന്നതിനായി ജീവന്‍ പണയം വെച്ച് കടലില്‍ പോകുന്ന ഇവരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍പ്പെട്ട് 4 വിലപ്പെട്ട മനുഷ്യജീവനുകളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ബോട്ടപകടത്തിൽ കാണാതായ 3 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെത്തി. ഒരാളുടേത് തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
പുതുക്കുറിച്ചി സ്വദേശികളായ ചേരിയിൽ പുരയിടത്തിൽ സുരേഷ് ഫെർണാണ്ടസ് (58), തൈവിളാകം വീട്ടിൽ ബിജു ആന്റണി (45), തെരുവിൽ തൈവിളാകത്തിൽ റോബിൻ എഡ്വിൻ (42), കുഞ്ഞുമോന്‍ (40) എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തിനു മീറ്ററുകൾ മാത്രം അകലെ പുലിമുട്ടിലെ കല്ലുകൾക്കിടയിൽ ആഴത്തിൽ വലയിൽ കുരുങ്ങിയ നിലയിലായിരുന്നു സുരേഷ് ഫെർണാണ്ടസിന്റെയും ബിജു ആന്റണിയുടെയും മൃതദേഹങ്ങൾ. ഹാർബറിനു സമീപത്തുനിന്നാണ് റോബിൻ എഡ്വിന്റെ മൃതശരീരം കണ്ടെത്തിയത്.
advertisement
2006 ൽ പുലിമുട്ടിന്റെ നിർമാണം പൂർത്തിയായ ശേഷം സ്ഥലത്ത് ഉണ്ടായ 125 അപകടങ്ങളിൽപ്പെട്ട് ഇതുവരെ 69 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. എഴുനൂറിലേറെ പേർ പരുക്കേറ്റ് കഴിയുന്നു. തിങ്കൾ പുലർച്ചെ മുതലപ്പൊഴി അഴിമുഖത്തുനിന്നു തിരിച്ച 4 മത്സ്യത്തൊഴിലാളികളടങ്ങുന്ന ബോട്ടാണ് മറിഞ്ഞത്. പുലിമുട്ടിന്റെ അശാസ്ത്രീയ നിർമിതിയാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.
എവിടെയാണ് മുതലപ്പൊഴി ?
തിരുവനന്തപുരം ജില്ലയിൽ സെക്രട്ടേറിയേറ്റിൽ നിന്നു 27 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന തീര പ്രദേശമായ പെരുമാതുറയിലെ ഒരു പൊഴിയാണ് മുതലപ്പൊഴി. വാമനപുരംപുഴ കഠിനംകുളം കായൽ വഴി കടലിൽ പതിക്കുന്നിടമാണിവിടം. ശംഖുമുഖം – വേളി തുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്.
advertisement
കഠിനംകുളം കായലും അറബിക്കടലും അതിരുടുന്ന മുതലപ്പൊഴിയില്‍ 2006ലാണ് പുലിമുട്ട് നിര്‍മ്മാണം നടക്കുന്നത്. ഇതുവരെ ചെറുതും വലുതമായ 125 അപകടങ്ങളില്‍പ്പെട്ടത് 700 ഓളം മത്സ്യത്തൊഴിലാളികള്‍. ഇവരില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
എന്തുകൊണ്ട് മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ?
ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നു. തുടര്‍ന്ന് തിരയുടെ ശക്തിയില്‍പ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളില്‍ തലയിടിച്ചാണ് ഏറെയും മരണം സംഭവിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ ഉടനടി രക്ഷിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത്രയധികം പേര്‍ മരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തീരദേശ പോലീസ് സംവിധാനവും പരാജമാണ്. അഞ്ചുതെങ്ങിലെ കോസ്റ്റല്‍ പോലീസിന്‍റെ ബോട്ട് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
advertisement
മണല്‍ അടിയുന്ന പൊഴി ആയതിനാല്‍ നാവിക സേനയുടെയും മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെയും ബോട്ടുകള്‍ക്ക് ഇവിടേക്ക് അടുക്കാന്‍ കഴിയില്ല എന്നതും തിരിച്ചടിയാണ്. കടലിൽ ഇറങ്ങി പരിചയമുള്ള മുങ്ങൽ വിദഗ്ദ്ധരെയും നാട്ടുകാരായ മത്സ്യത്തൊഴിലാളി ഗാർഡുകളെയും ഉൾപ്പെടുത്തിയുള്ള രക്ഷാദൗത്യം മാത്രമാണ് മുതലപ്പൊഴിയിൽ പ്രായോഗികമെന്നാണ് പ്രദേശവാസികൾ പറയുന്നു. പ്രാദേശിക പരമ്പരാഗത മീൻപിടിത്ത തൊഴിലാളികളുടെ അഭിപ്രായം കൂടി മാ നിച്ച് പുലിമുട്ടുകൾ നിർമിച്ചിരു ന്നെങ്കിൽ ഇപ്പോഴത്തെ അശാസ്ത്രീയത ഉണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായമാണ് ആളുകൾക്കുള്ളത്
advertisement
പലപ്പോഴായി പുലിമുട്ടുകളുടെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിന്റെ ഫലമായി അഴിമുഖത്തെ വീതി പകുതിയായി കുറഞ്ഞു. കൂടാതെ പു ലമുട്ടുകളിലെ ടെട്രാപോട് കല്ലു കൾ അടർന്ന് കടലിൽ വീഴുക യും ചെയ്തു. ഇക്കാരണങ്ങൾകൊണ്ട് വൻ തോതിലുള്ള മണൽ നിക്ഷേപമാണ് അഴിമുഖത്തുണ്ടാകുന്നത്. ഇതാണ് അപകടങ്ങൾക്ക് വഴി വെയ്ക്കുന്നതും.
മുതലപ്പൊഴിയുടെ സുരക്ഷയ്ക്ക്
- നിലവിലുള്ള പുലിമുട്ടുകളുടെ നീളം 40 മീറ്ററില്‍ നിന്ന് 90 മീറ്ററാക്കുക.
- പുലിമുട്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ള ടെട്രാപോഡുകളും കരിങ്കല്‍പാളികളും മറിഞ്ഞ് കിടക്കുന്നത് നീക്കം ചെയ്യുക.
- പ്രദേശത്ത് ഡ്രഡിങ്ങിന് ഒരു സ്ഥിരം സംവിധാനം ഒരുക്കുക.
- അഴിമുഖ വിസ്തീര്‍ണം പുലിമുട്ടുകളുടെ നീളത്തിന് ആനുപാതികമാക്കുക.
- തുറമുഖം കേന്ദ്രീകരിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് റോഡ് സജ്ജമാക്കുക. മത്സ്യത്തൊഴിലാകളെ ഉള്‍പ്പെടുത്തിയുള്ള ശാസ്ത്രീയ പഠനം നടത്തുക.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 12, 2023 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | മുതലപ്പൊഴിയിൽ പുലിമുട്ട് വന്നശേഷം 17 വർഷത്തിൽ ബലിയായത് 69 മത്സ്യത്തൊഴിലാളികൾ


