ലോകത്ത് എട്ട് പെണ്‍കുട്ടികളിലൊരാള്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ്
- Published by:Nandu Krishnan
- trending desk
Last Updated:
ഒക്ടോബര്‍ 11ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ലോകമെമ്പാടുമായി 37 കോടിയിലധികം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിനോ ലൈഗിംകാതിക്രമത്തിനോ ഇരയാകുന്നതായി യുനിസെഫിന്റെ റിപ്പോര്‍ട്ട്. 18 വയസ്സ് തികയുന്നതിന് മുമ്പായി എട്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 11ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടിക്കാലത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന അത്രിക്രമങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ ആഗോള, പ്രാദേശിക വിശകലനമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൈബര്‍ ആക്രമണമോ വാക്കാലുള്ള ആക്രമണമോ പോലുള്ള 'ശാരീരികമല്ലാത്ത ഉപദ്രവം' കൂടി പരിഗണിക്കുമ്പോള്‍ 67 കോടിയോളം സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ അവകാശങ്ങളുടെ വ്യാപകമായ ലംഘനം തടയാനും അവ പരിഹരിക്കാനും നിര്‍ണായകമായ ഇടപെടല്‍ ആവശ്യമാണെന്ന് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അടിവരയിടുന്നു.
''കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം നമ്മുടെ ധാര്‍മിക മനസ്സാക്ഷിക്ക് കളങ്കം വരുത്തുന്നതാണെന്ന്'' യുനിസെഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കാതറില്‍ റസ്സല്‍ പറഞ്ഞു. കുട്ടിക്ക് സുരക്ഷിതത്വം തോന്നേണ്ട സ്ഥലങ്ങളില്‍ നിന്നും അടുത്തറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരാളില്‍ നിന്നും ശാരീരികമായ ഉപദ്രവം ഉണ്ടാകുമ്പോള്‍ അത് ആഴത്തിലുള്ളതും അവരുടെ ജീവിതകാലം മുഴുവൻ നിലനില്‍ക്കുന്നതുമായ ആഘാതമാണ് ഉണ്ടാക്കുന്നത്.
advertisement
ഭൂമിശാസ്ത്രപരവും സാമ്പത്തികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളെ സ്വാധീനിക്കുന്നുണ്ട്. സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഏകദേശം 7.9 കോടി സ്ത്രീകളും പെണ്‍കുട്ടികളുമാണ് അവിടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടിട്ടുള്ളത്. കിഴക്കന്‍, തെക്ക് കിഴക്കന്‍ ഏഷ്യയിൽ 7.5 കോടി പേരും, മധ്യ, തെക്കന്‍ ഏഷ്യയില്‍ 7.3 കോടി പേരും യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവടങ്ങളില്‍ 6.8 കോടി പേരും ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖല എന്നിവടങ്ങളില്‍ 4.5 കോടി പേരും ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട്.
advertisement
സംഘര്‍ഷവും രാഷ്ട്രീയ അസ്ഥിരതയും മൂലം തകര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. അഭയാര്‍ത്ഥി ക്യാംപുകളിലും യുഎന്‍ സമാധാന ദൗത്യത്തിന് കീഴിലുള്ള പ്രദേശങ്ങള്‍ പോലെയുള്ളവയിലും പെണ്‍കുട്ടികള്‍ വലിയ തോതിലുള്ള ഭീഷണി നേരിടുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാലിലൊരു പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ''യുദ്ധം പോലെയുള്ള സംഘര്‍ഷ മേഖലകളില്‍ ബലാത്സംഗം, ലിംഗാധിഷ്ഠിതമായ ആക്രമണം പോലെയുള്ള ഭയാനകമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്,'' റസ്സല്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുതലും സംഭവിക്കുന്നത് കൗമാരകാലഘട്ടത്തിലാണ്. 14 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഉപദ്രവത്തിന് ഇരയാകുന്നത്. അതേസമയം, ഒരു തവണ ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ വീണ്ടും വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം കുറയ്ക്കാന്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാനുള്ള ആവശ്യകത ഇത് ഊന്നിപ്പറയുന്നു.
advertisement
ലൈംഗികാതിക്രമങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കടുത്തതാണ്. അതിജീവിക്കുന്നവര്‍ പലപ്പോഴും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ജീവിതകാലം മുഴുവന്‍ പോരാടേണ്ടി വരുന്നു. ഇതിന് പുറമെ ലൈംഗികമായി പകരുന്ന അണുബാധകള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആരോഗ്യകരമായ ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍, അതിജീവിക്കുന്നവര്‍ തങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്താന്‍ വൈകുകയോ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുമ്പോള്‍ ആഘാതം കൂടുതല്‍ സങ്കീര്‍ണമാകുന്നു.
ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളും പെണ്‍കുട്ടികളുമാണെങ്കിലും ആണ്‍കുട്ടികളും സമാനമായ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 24 കോടിക്കും 31 കോടിക്കും ഇടയില്‍ ആണ്‍കുട്ടികളും പുരുഷന്മാരും കുട്ടിക്കാലത്ത് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ശാരീരികമായി സമ്പര്‍ക്കമില്ലാത്ത ആക്രമണങ്ങൾ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് 53 കോടിയായി ഉയരുന്നു,
advertisement
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ആഗോളമന്ത്രിതല സമ്മേളനം അടുത്തമാസം ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുക, ഇരകള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുക, ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ കുട്ടികളെ സജ്ജരാക്കുക എന്നിവയും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 14, 2024 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ലോകത്ത് എട്ട് പെണ്‍കുട്ടികളിലൊരാള്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ്