നാനോയുടെ വിപണനതന്ത്രത്തിലെ പിഴവ് അംഗീകരിച്ച രത്തന്‍ ടാറ്റ; സിംഗൂരിലെ പദ്ധതി മുങ്ങിയത് എങ്ങനെ?

Last Updated:

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ കുടുംബങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് രത്തന്‍ ടാറ്റയെ നാനോയെന്ന കുഞ്ഞന്‍ കാറിന്റെ നിര്‍മാണത്തിന് പ്രേരിപ്പിച്ചത്

സാധാരണക്കാരായ ജനങ്ങളോട് അങ്ങേയറ്റം അലിവോടെ പെരുമാറിയിരുന്ന വ്യവസായിയാണ് രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ ദയ നിറഞ്ഞ പെരുമാറ്റവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ വളരെയധികം വിലമതിക്കുന്നു. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹത്തിന് വളരെയധികം പ്രാവീണ്യമുണ്ടായിരുന്നു. ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ പ്രീതി സ്വന്തമാക്കിയ ടാറ്റയുടെ നാനോ കാര്‍ അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ കുടുംബങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് രത്തന്‍ ടാറ്റയെ നാനോയെന്ന കുഞ്ഞന്‍ കാറിന്റെ നിര്‍മാണത്തിന് പ്രേരിപ്പിച്ചത്.
2009ലാണ് ടാറ്റ ആദ്യമായി നാനോ കാര്‍ പുറത്തിറക്കിയത്. വിലകുറഞ്ഞതും ഒതുക്കമുള്ളതുമായ ഒരു കാര്‍ നിര്‍മിക്കുന്നതിന് തന്നെ യഥാര്‍ത്ഥത്തില്‍ പ്രേരിപ്പിച്ചത് എന്താണെന്ന് 2022ല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. സ്‌കൂട്ടറുകളില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ കുടുംബങ്ങളെ നിരന്തരം താന്‍ കണ്ടുമുട്ടാറുണ്ടെന്നും അമ്മയ്ക്കും അച്ഛനുമിടയില്‍ കുട്ടി തിങ്ങിഞെരിഞ്ഞ് ഇരിക്കുന്നതും പലപ്പോഴും അവര്‍ യാത്ര ചെയ്യുന്നത് അപകടം നിറഞ്ഞ റോഡുകളിലൂടെയാണെന്നതുമാണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങള്‍ സുരക്ഷിതമാക്കാനാണ് താന്‍ ആദ്യം ശ്രമം നടത്തിയതെന്ന് ടാറ്റ പറഞ്ഞിരുന്നു. ഒഴിവുനേരങ്ങളില്‍ ഡൂഡില്‍ ചെയ്യാന്‍ പഠിച്ചത് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിച്ചതിന്റെ നേട്ടമായി കാണുന്നുവെന്നും അദ്ദേഹം കുറിച്ചു. ''ഡൂഡിലുകള്‍ നാല് ചക്രങ്ങളായി മാറി. എന്നാല്‍, അവയ്ക്ക് ജനലുകളും വാതിലുകളും ഉണ്ടായിരുന്നില്ല. അത് അവസാനം ഒരു ഡ്യൂണ്‍ ബഗ്ഗി മാത്രമായി മാറി. ഒടുവില്‍ അത് ഒരു കാറായി മാറ്റാമെന്ന് ഞാന്‍ തീരുമാനിച്ചു. നാനോ എല്ലായ്‌പ്പോഴും നമ്മുടെ എല്ലാ തരത്തിലുമുള്ള ആളുകള്‍ക്കും വേണ്ടിയുള്ളതാണ് ,'' അദ്ദേഹം പറഞ്ഞു.
advertisement
''മുംബൈയില്‍ യാത്ര ചെയ്യുന്നതിനിടെ കനത്ത മഴയില്‍ നാല് പേരടങ്ങുന്ന കുടുംബത്തെ ഒരു മോട്ടോര്‍ ബൈക്കില്‍ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. ജീവന്‍ പണയപ്പെടുത്തുന്ന ഈ കുടുംബങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് എനിക്ക് അറിയാമായിരുന്നു,'' 2020ല്‍ ഹ്യൂമന്‍ ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ''തിരിഞ്ഞു നോക്കുമ്പോള്‍ നാനോ കാറിനെക്കുറിച്ചും അതുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെക്കുറിച്ചും ഞാന്‍ ഇപ്പോഴും അഭിമാനിക്കുന്നു,'' ടാറ്റ കൂട്ടിച്ചേര്‍ത്തു.
നാനോ സാമ്പത്തികമായി നേട്ടം നല്‍കാത്ത സംരംഭമാണെന്ന് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മുദ്രകുത്തി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടതിന് ശേഷം അയച്ച മെയിലില്‍ നാനോ നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണെന്ന് മിസ്ത്രി അവകാശപ്പെട്ടു. നാനോ കാറിന് ഒരു ലക്ഷം രൂപയില്‍ താഴെയാണ് വിപണി വിലയെങ്കിലും അത് നിര്‍മിക്കാനാവശ്യമായ ചെലവ് അതിലും കൂടുതലാണെന്ന് മിസ്ത്രി പറഞ്ഞു. നാനോയ്ക്ക് വേണ്ടി തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നതായും അത് 1000 കോടി രൂപയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
പതിയെ മരണത്തിലേക്ക് പോയ നാനോ
2009ലാണ് ഒരു ലക്ഷം രൂപ മാത്രം വിലയുള്ള നാനോ കാര്‍ പുറത്തിറക്കിയത്. പശ്ചിമബംഗാളിലെ സിംഗൂരിലായിരുന്നു പദ്ധതി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, 2008ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയതോടെ പദ്ധതി മുടങ്ങുകയും ഒടുവില്‍ നിര്‍മാണ പ്ലാന്റ് ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയും ചെയ്തു. ഇടയ്ക്കിടെ കാറില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതും സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നതും നാനോയ്ക്ക് വെല്ലുവിളിയായി. മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ന്നതോടെ പ്രതിസന്ധി കടുത്തു. ഇതോടെ പല മധ്യവര്‍ഗ ഇന്ത്യക്കാരെയും നാനോ വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. 625 സിസി എഞ്ചിന്‍ ഉപയോഗിച്ചാണ് നാനോ കാര്‍ നിര്‍മിച്ചത്. മാരുതി 800 പോലെയുള്ള കാറുകളെ അപേക്ഷിച്ച് വലുപ്പത്തില്‍ ചെറുതുമാണ് നാനോ.
advertisement
വിപണതന്ത്രത്തിലെ പിഴവ് രത്തന്‍ ടാറ്റ അംഗീകരിച്ചു
നാനോയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉരുക്ക്, ടയറുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നു. ഇത് 2008ല്‍ രത്തന്‍ ടാറ്റ അംഗീകരിച്ചുവെങ്കിലും ഒരു ലക്ഷം രൂപയില്‍ താഴെ വില കുറഞ്ഞ കാര്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.
പ്രതിവര്‍ഷം 2.50 ലക്ഷ കാറുകള്‍ പുറത്തിറക്കുമെന്നായിരുന്നു തുടക്കത്തിലുള്ള വാഗ്ദാനം. 2014 ജനുവരിക്കും 2015 ഡിസംബറിനും ഇടയില്‍ 42,561 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. 2011-12 കാലയളവില്‍ 74521 കാറുകള്‍ വിറ്റഴിച്ചപ്പോള്‍ 2014-15 കാലയളവില്‍ ഇത് 16,903 ആയി ചുരുങ്ങി.
advertisement
നാനോയുടെ വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സിന് വിപണന പിഴവ് സംഭവിച്ചതായി രത്തന്‍ ടാറ്റ സമ്മതിച്ചു. 2014-ല്‍ നാനോ ട്വിസ്റ്റ് അവതരിപ്പിച്ച് നാനോയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരാൻ ടാറ്റ ശ്രമിച്ചെങ്കിലും ആ പദ്ധതിയും പാളുകയായിരുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഫീച്ചറുള്ള ജെന്‍എക്‌സ് മോഡലുകള്‍ പുറത്തിറക്കിയിട്ടും ആഗ്രഹിച്ച വില്‍പ്പന സ്വന്തമാക്കാന്‍ നാനോയ്ക്ക് കഴിഞ്ഞില്ല.
സിംഗൂരിനെച്ചൊല്ലി രത്തന്‍ ടാറ്റയും മമതയും തമ്മില്‍ കൊമ്പുകോർത്തു?
തന്റെ കമ്പനിയുടെ സ്വപ്‌നം തകര്‍ക്കപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് ജനങ്ങൾക്കയച്ച തുറന്ന കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിനെയോ അല്ലെങ്കില്‍ നിയമലംഘനത്തിന്റെ വിനാശകരമായ രാഷ്ട്രീയ അന്തരീക്ഷമോ തെരഞ്ഞെടുക്കാന്‍ അദ്ദേഹം പശ്ചിമബംഗാളിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
advertisement
അതേസമയം, ടാറ്റയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ച മമതാ ബാനര്‍ജി അദ്ദേഹം സിപിഎമ്മിനും മുഖ്യമന്ത്രിക്കും വേണ്ടി സംസാരിക്കുകയാണെന്നും ആരോപിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടി ടാറ്റ അധപതിച്ചെന്നും ചില തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടു.
നാനോയുടെ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിട്ടും മമതയെ ടാറ്റ ലക്ഷ്യമിടുന്നത് തുടര്‍ന്നു. മമതാ ബാനര്‍ജിക്കെതിരായ ടാറ്റയുടെ പൊട്ടിത്തെറി തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് നഷ്ടമുണ്ടാക്കിയില്ല. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിംഗൂരില്‍ ടിഎംസിയുടെ പ്രകടനം മെച്ചപ്പെട്ടു. ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു.
advertisement
2014ല്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടകയും ചെയ്തു. ടാറ്റയും മമതയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇക്കാലത്തിനിടയില്‍ അയവും വന്നു. ബംഗാളില്‍ കെട്ടിടങ്ങളുടെയും വികസനത്തിന്റെയും കാര്യത്തില്‍ അവിശ്വസനീയമായ മാറ്റം കണ്ടതായി ടാറ്റ പിന്നീട് പറഞ്ഞു.
സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ കാരണം സിംഗൂരിലെ ഭൂമിയേറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്ന് 2016ല്‍ സുപ്രീം കോടതി കണ്ടെത്തി. ഭൂമി ഭൂവുടമകള്‍ക്ക് തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. പിന്നാലെ ടാറ്റയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലയ്ക്കുകയും ഭൂമി അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു.
നഷ്ടപരിഹാരം സംബന്ധിച്ച് ടാറ്റയും സംസ്ഥാന സര്‍ക്കാരും ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്. സിംഗൂരില്‍ നിന്ന് പ്ലാന്റ് പിന്‍വലിച്ചതിന് ടാറ്റയെ സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍ തങ്ങളുടെ നിക്ഷേപത്തിന് മുഴുവന്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് ടാറ്റയും ആവശ്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
നാനോയുടെ വിപണനതന്ത്രത്തിലെ പിഴവ് അംഗീകരിച്ച രത്തന്‍ ടാറ്റ; സിംഗൂരിലെ പദ്ധതി മുങ്ങിയത് എങ്ങനെ?
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement