കേരളത്തിലെ റേഷൻകടകളിൽ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ‘കെ സ്റ്റോർ’ പദ്ധതിക്ക് മെയ് 14ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻകടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അന്നേ ദിവസം മുഖ്യമന്ത്രി നിർവഹിക്കും. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കാൻ തയാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്.
ബാങ്കിങ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻകടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉൽപന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും.
നിത്യോപയോഗ സാധനങ്ങൾ മുതൽ പാചകവാതക സിലിണ്ടറും, അക്ഷയ കേന്ദ്രങ്ങളുടെ മാതൃക വിവിധ സേവനങ്ങളും, ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടുകളും സാധ്യമാക്കുന്ന തരത്തിൽ റേഷൻ കടകളെ മാറ്റുന്ന പദ്ധതിയാണ് കെ- സ്റ്റോർ. ഇ- പോസ് മെഷീനെ ത്രാസുമായി ബന്ധിപ്പിക്കുന്നതിലൂടെ, റേഷൻ വിതരണം സുതാര്യമാക്കാനും, അളവിന് അനുസരിച്ച് സാധനങ്ങൾ കാർഡ് ഉടമയ്ക്ക് കിട്ടുന്നവെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നതാണ്.
ഈ വർഷം 1000 റേഷൻകടകളെ കെ സ്‌റ്റോർ ആക്കാനാണ് ലക്ഷ്യമിടുന്നത്. അധിക സേവനങ്ങളുടെ പേരിൽ ഫീസ് ഇടാക്കില്ലെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാക്കും.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുവാനാണ് തീരുമാനം. നിലവിലെ റേഷന്‍കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
- കെ-സ്റ്റോർ സേവനങ്ങൾ
റേഷൻകട: അരി, ഗോതമ്പ്, മണ്ണെണ്ണ, ആട്ട
- മാവേലി സ്റ്റോർ: സബിസിഡി സാധനങ്ങൾ ഉൾപ്പെടെയുള്ള ശബരി ബ്രാൻഡഡ് ഉൽപന്നങ്ങൾ
- ഗ്യാസ്: അഞ്ച് കിലോ ചോട്ടു ഗ്യാസ്
- മിൽമ ബൂത്ത്: പാൽ, മറ്റ് പാലുൽപന്നം
- അക്ഷയ സെന്റർ: ബിൽ അടക്കാം, ഓൺലൈൻ അപേക്ഷ
- മിനി ബാങ്ക്: 5000 രൂപവരെ പണം പിൻവലിക്കാം
പദ്ധതിയിൽ അംഗമാകാൻ തയാറുള്ള റേഷൻ ഉടമകളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ കുറഞ്ഞത് 300 ചതുരശ്ര അടി കടക്ക് വിസ്തീർണം വേണം. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന റേഷൻ കടകൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയുടെ സേവനം ലഭ്യമാണെന്നും ഉറപ്പുവരുത്തും.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതികളിലുള്‍പ്പെടുത്തിയാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. കഴിഞ്ഞ മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണം ഇത് ജൂണിലേക്ക് നീട്ടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.