സിംഗപ്പൂര്‍ വിമാനത്തിൽ യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി എന്താണ്? ഇത്തരം അപകടങ്ങൾ പൈലറ്റിന് ഒഴിവാക്കാനാകുമോ?
- Published by:Rajesh V
- trending desk
Last Updated:
എന്താണ് ആകാശച്ചുഴി? ഇത് സാധാരണയുണ്ടാകാറുള്ള പ്രതിഭാസമാണോ? വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഇതിനെ മറികടക്കാന്‍ കഴിയുമോ? വിശദമായി പരിശോധിക്കാം.
ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം അഞ്ചുമിനിറ്റ് കൊണ്ടാണ് 1800 മീറ്റർ (6000 അടി) താഴ്ചയിലേക്ക് എത്തിപ്പെട്ടത്. അപകടത്തില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ മരിക്കുകയും ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ആകാശയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ഈ ഏറ്റവും പുതിയ സംഭവം.
എന്താണ് ആകാശച്ചുഴി? ഇത് സാധാരണയുണ്ടാകാറുള്ള പ്രതിഭാസമാണോ? വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഇതിനെ മറികടക്കാന്‍ കഴിയുമോ? വിശദമായി പരിശോധിക്കാം.
എന്താണ് സംഭവിച്ചത്?
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് 777 വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. ശക്തമായ കാറ്റുള്ള കാലാവസ്ഥയിലാണ് ഇത് ബാങ്കോക്കില്‍ ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
ഫ്‌ളൈറ്റ് റഡാര്‍ 24ന്റെ ട്രാക്കിംഗ് ഡാറ്റ പ്രകാരം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് (SQ321 ) 37,000 അടി ഉയരത്തിലാണ് പറന്നുകൊണ്ടിരുന്നത്. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ മൂന്ന് മിനിറ്റ് സമയം കൊണ്ട് വിമാനം 31,000 അടി താഴ്ചയിലേക്ക് എത്തി. ആ നിലയില്‍ ഏകദേശം പത്ത് മിനിറ്റോളം തുടര്‍ന്നശേഷം വിമാനം വഴിതിരിച്ചുവിടുകയും അരമണിക്കൂറിനുള്ളില്‍ ബാങ്കോക്കില്‍ ഇറങ്ങുകയും ചെയ്തുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മ്യാന്‍മറിന് സമീപം ആൻഡമാന്‍ കടലിന് മുകളിലായിരിക്കുമ്പോഴാണ് ആകാശച്ചുഴി ഉണ്ടായത്. അപകടം ഉണ്ടായി ഉടന്‍ തന്നെ വിമാനം 7700 എന്ന സ്വാക്ക് കോഡ് അയച്ചു നല്‍കി. ഇത് അടിയന്തരഘട്ടങ്ങളില്‍ അയക്കുന്ന അന്താരാഷ്ട്ര സിഗ്നലാണ്.
advertisement
യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് എത്തിയതെന്ന് സുവര്‍ണഭൂമി വിമാനത്താവളം ജനറല്‍ മാനേജര്‍ കിറ്റിപോങ് കിറ്റിക്കച്ചോര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും 23 യാത്രക്കാര്‍ക്കും ഒന്‍പത് ക്രൂ അംഗങ്ങള്‍ക്കും ഗുരുതരമല്ലാത്ത പരിക്കേറ്റതായും 16 പേര്‍ക്ക് നിസാര പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ആശുപത്രിയില്‍ ചികിത്സാ നല്‍കിയതായും 14 പേര്‍ക്ക് വിമാനത്താവളത്തില്‍വെച്ച് പ്രഥമശുശ്രൂഷ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ മരിച്ച 73കാരന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിമാനത്തില്‍ അദ്ദേഹത്തിനൊപ്പം ഭാര്യയുണ്ടായിരുന്നതായും അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.
advertisement
സാക്ഷി മൊഴികളും പരിക്കേറ്റവരുടെ എണ്ണവും വിമാനത്തിന്റെ താഴ്ചയിലേക്കുള്ള വീഴ്ചയും ആകാശച്ചുഴിയില്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും ഉയര്‍ത്തുന്ന ഗുരുതരമായ അപകടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്താണ് ആകാശച്ചുഴി?
പ്രവചനാതീതമായ രീതിയില്‍ ചലിക്കുന്ന അസ്ഥിരമായ വായു ആണ് ആകാശച്ചുഴി. ഇത് പലപ്പോഴും ശക്തമായ കാറ്റുള്ള കാലാവസ്ഥയിലാണ് സംഭവിക്കുന്നത്. മുന്നില്‍ യാതൊരു വിധ സൂചനയും നല്‍കാത്ത ക്ലിയര്‍-എയര്‍ ടര്‍ബുലന്‍സാണ് അതില്‍ ഏറ്റവും അപകടകാരി. കാറ്റിന്റെ പ്രവേഗത്തിലുള്ള മാറ്റമാണ് ഇവിടെ കുറ്റവാളി. പരസ്പരം അടുത്തിരിക്കുന്ന രണ്ട് വലിയ വായു പിണ്ഡങ്ങള്‍ വ്യത്യസ്തമായ വേഗതയില്‍ നീങ്ങുകയാണ് ഇവിടെ. തുടര്‍ന്ന് വെള്ളത്തിലെ ചുഴിപോലെ വായുവിലും ചുഴികളുണ്ടാകുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.
advertisement
ആകാശച്ചുഴിയില്‍പ്പെട്ട് മരണങ്ങള്‍ അപൂര്‍വമാണെങ്കിലും പരിക്കേല്‍ക്കുന്നവര്‍ വളരെയധികമാണ്. അതേസമയം, ആകാശച്ചുഴി രൂപപ്പെടുന്ന സംഭവങ്ങളും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരും വ്യോമയാന നിരീക്ഷകരും വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇതിന് ഒരുപരിധി വരെ കാരണമാണെന്ന് അവര്‍ പറയുന്നു. ആകാശച്ചുഴിലില്‍ പെടുന്ന വിമാനങ്ങള്‍ വളരെക്കുറവാണ്. എങ്കിലും അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ വിമാനകമ്പനികള്‍ സ്ഥിരമായി പുരോഗതി കൈവരിച്ചിട്ടുണ്ട്.
ആകാശച്ചുഴിയില്‍പ്പെട്ട് പരിക്കേല്‍ക്കുന്നത് സാധാരണമാണോ?
ആകാശച്ചുഴിയില്‍പ്പെട്ട് പരിക്കേറ്റ യാത്രക്കാരുടെ എണ്ണം ശേഖരിക്കുന്നത് അല്‍പം പ്രയാസമേറിയ കാര്യമാണെങ്കിലും ചില രാജ്യങ്ങള്‍ അവ സൂക്ഷിച്ചിട്ടുണ്ട്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ കണക്കനുസരിച്ച് യുഎസിലെ 2009 മുതല്‍ 2018 വരെയുള്ള വിമാന അപകടങ്ങളില്‍ മൂന്നിലൊന്നും ആകാശച്ചുഴിയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. മിക്ക കേസുകളില്‍ ഒന്നോ അതിലധികമോ പേര്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, വിമാനത്തിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. 2009 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 163 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കുറഞ്ഞത് രണ്ടുദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കാബിന്‍ ക്രൂ അംഗങ്ങളാണ്. വിമാനയാത്രക്കിടെ അവരില്‍ ഭൂരിഭാഗം പേരും സീറ്റില്‍ ഇരിക്കാത്തതാണ് ഇതിന് കാരണം.
advertisement
''ആകാശച്ചുഴിയില്‍പ്പെട്ട് എല്ലുപൊട്ടുന്നത് പോലെയുള്ള പരിക്കുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍, ഇത്തരം സംഭവങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിരളമാണ്, പ്രത്യേകിച്ച് വലിയ വിമാനങ്ങളില്‍,'' ആകാശച്ചുഴിയെക്കുറിച്ച് ദീര്‍ഘകാലം ഗവേഷണം നടത്തിയ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക് റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനായ ലാറി കോണ്‍മാന്‍ എപിയോട് പറഞ്ഞു.
ഇതിന് മുമ്പ് പ്രധാനപ്പെട്ട വിമാനകമ്പനിയുടെ വലിയ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടമുണ്ടായി മരണം റിപ്പോര്‍ട്ട് ചെയ്തത് 1997ലാണ്. അയാട്ടയുടെ ഫ്‌ളൈറ്റ് ആന്‍ഡ് ടെക്‌നിക്കല്‍ വിഭാഗം ഡയറക്ടര്‍ സ്റ്റുവാര്‍ട്ട് ഫോക്‌സ് പറഞ്ഞു. അതിന് ശേഷം ചെറിയ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ജെറ്റ് ആകാശച്ചുഴിയില്‍പ്പെട്ട് മരണം സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ആകാശച്ചുഴിയെ മറികടക്കാന്‍ പൈലറ്റിനാകുമോ?
ആകാശച്ചുഴിയെ നേരിടാന്‍ പൈലറ്റിന് മുന്നില്‍ പലവിധ വഴികള്‍ ഉണ്ട്. കാലാവസ്ഥാ റഡാര്‍ ഡിസ്‌പ്ലെ പോലുള്ള സംവിധാനങ്ങള്‍ അതിനായുണ്ട്. ചില സമയങ്ങളില്‍ പൈലറ്റുമാര്‍ക്ക് കണ്ണുകള്‍ കൊണ്ട് നേരിട്ട് കാണാന്‍ കഴിയും. ആകാശചുഴിയ്ക്ക് തൊട്ടുമുമ്പുള്ളയിടം വരെ വളരെ ശാന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒരു വിമാനം ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സില്‍പ്പെട്ടാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മറ്റ് പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയതായി ഇറങ്ങുന്ന വിമാനങ്ങള്‍ ആകാശച്ചുഴി കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണ്. വിമാനത്തിന്റെ കാബിന്‍ ഏരിയയും ഓവര്‍ഹെഡ് ബിന്നിലും ചെറിയ കേടുപാടുകള്‍ സംഭവിക്കുമെങ്കിലും ഇവ വിമാനത്തിന്റെ ഘടനാപരമായ കാര്യങ്ങളെ ബാധിക്കില്ലെന്ന് മോസ് പറഞ്ഞു.
advertisement
കാലാവസ്ഥാ വ്യതിയാനത്തെ കുറ്റപ്പെടുത്താമോ?
ആകാശച്ചുഴി സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഒട്ടേറെ ഗവേഷകര്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ മാറ്റം മൂലമാണ് ആകാശച്ചുഴിയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതെന്നതിന് ശക്തമായ തെളിവുണ്ടെന്ന് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ അറ്റ്‌മോസ്ഫിയറിക് സയന്‍സിലെ പ്രൊഫസറായ പോള്‍ വില്ല്യംസ് മേയ് 21ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
1979 മുതല്‍ വടക്കന്‍ അറ്റലാന്റിക്കിലെ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സുകളുടെ എണ്ണത്തില്‍ 55 ശതമാനം വര്‍ധനവുണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ മറ്റുചില കാരണങ്ങളും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എയര്‍ ട്രാഫിക്കിലും വളരെയധികം വര്‍ധനവുണ്ടായിട്ടുണ്ട്.
യാത്രക്കാര്‍ സുരക്ഷിതരായി ഇരിക്കാന്‍ എന്തു ചെയ്യണം?
സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നതാണ് ആകാശച്ചുഴിയില്‍പെടുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. ആകാശച്ചുഴി മുന്‍കൂട്ടി പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയെന്നതാണ് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗമെന്ന് വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ആകാശച്ചുഴിയെ നേരിടുന്ന വിധത്തിലാണ് വിമാനങ്ങള്‍ പൊതുവെ നിര്‍മിക്കപ്പെടുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 22, 2024 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
സിംഗപ്പൂര്‍ വിമാനത്തിൽ യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി എന്താണ്? ഇത്തരം അപകടങ്ങൾ പൈലറ്റിന് ഒഴിവാക്കാനാകുമോ?