ഗുജറാത്തില്‍ നിന്ന് കണ്ടെത്തിയ ഫോസില്‍ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റേതോ? വാസുകി ഇന്‍ഡിക്കസിനെക്കുറിച്ച് അറിയാം

Last Updated:

ഈ ഭീമന്‍ പാമ്പ് ഹിന്ദു ദേവനായ ശിവന്റെ കഴുത്തില്‍ അണിഞ്ഞ വാസുകി എന്ന സർപ്പത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഏകദേശം 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഭീമാകാരനായ സര്‍പ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ ഭീമന്‍ പാമ്പ് ഹിന്ദു ദേവനായ ശിവന്റെ കഴുത്തില്‍ അണിഞ്ഞ വാസുകി എന്ന സർപ്പത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യത്തിന്റെ തെളിവായി ഈ പാമ്പ് കരുതപ്പെടുന്നു.
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും സര്‍പ്പം
ഒരു സ്‌കൂള്‍ ബസിനേക്കാള്‍ നീളമേറിയതാണ് വാസുകി ഇൻഡിക്കസ്. ഇപ്പോള്‍ ഭൂമിയില്‍ കണ്ടെത്തിയിരിക്കുന്ന വലുപ്പമേറിയ പാമ്പുകളായ അനാക്കോണ്ടയെക്കാളും പെരുമ്പാമ്പിനേക്കാളും വലുപ്പമേറിയതാണ് ഇത്. ലോകത്ത് ഇതുവരെ നിലനിന്നിരുന്നതില്‍വെച്ച് ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് വാസുകി ഇന്‍ഡിക്കസ് എന്ന് കരുതപ്പെടുന്നു. ''ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ പാമ്പാണിത്. ഇന്ത്യയിലെ ചൂടേറിയ മിഡില്‍ ഇയോസീന്‍ കാലഘട്ടത്തില്‍ (4.7 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്) ജീവിച്ചിരുന്ന ഭീമാകാരനായാ മാഡ്‌സോയിഡ് പാമ്പിനെ കണ്ടെത്തിയതായി ഞങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നു,''പാമ്പിനെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ വ്യക്തമാക്കി. ഒരു ബ്രിട്ടീഷ് ശാസ്ത്ര ജേണലായ നേച്ചറിലാണ് അടുത്തിടെ അവർ തങ്ങളുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
advertisement
വളരെ പതുക്കെ ഇഴഞ്ഞാണ് ഈ പാമ്പ് സഞ്ചരിച്ചിരുന്നത്. പതുങ്ങിയിരുന്ന് ഇരയെ പിടികൂടിയശേഷം ശരീരമുപയോഗിച്ച് ഞെരുക്കി കൊന്നാണ് അവയെ ഭക്ഷണമാക്കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡിലെ ഐഐടി റൂര്‍ക്കെയിലെ രണ്ട് ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഗുജറാത്തിലെ ഒരു കല്‍ക്കരി ഖനിയില്‍ നിന്ന് കണ്ടെത്തിയ 27 കശേരുക്കളുടെ ഫോസിലുകൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
കണ്ടെത്തലിന്റെ തുടക്കം
2005-ലാണ് വാസുകിയുടെ ഫോസിലുകള്‍ ഗവേഷകര്‍ കണ്ടെത്തുന്നത്. പുരാതന കാലത്ത് ജീവിച്ചിരുന്ന മുതലയെപ്പോലുള്ള ജീവിയുടെ കശേരുക്കളാണ് ഇതെന്നാണ് ആദ്യം കരുതിയിരുന്നത്. 2023-ല്‍ ഗവേഷകര്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. ഈ കണ്ടെത്തിയ ഫോസില്‍ സമാനതകളില്ലാത്ത വലുപ്പമുള്ള ഒരു പുരാതനകാലത്തെ സര്‍പ്പത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അവര്‍ പറഞ്ഞു. ഏറെ സമയമെടുത്താണ് ഗവേഷകര്‍ ഈ ഫോസിലുകളെ വിശകലനം ചെയ്തത്. ജീവിയുടെ വലുപ്പം, ആവാസവ്യവസ്ഥ, പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള സൂചനകള്‍ ഇവര്‍ കണ്ടെത്തി. കണ്ടെത്തലുകള്‍ കൂട്ടിവായിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് അവര്‍ തിരിച്ചറിഞ്ഞത്.
advertisement
പാമ്പിന്റെ വലുപ്പം
പാമ്പിന്റെ വലുപ്പം വര്‍ധിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരായ ദേബജിത് ദത്ത, പാലിയന്റോളജി പ്രൊഫസറയ സുനില്‍ ബാജ്‌പേയി എന്നിവര്‍ സിഎന്‍എന്നിനോട് പ്രതികരിച്ചു. സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളുടെ ലഭ്യതയും അനുകൂലമായ അന്തരീക്ഷവും വേട്ടക്കാരുടെ അഭാവവുമെല്ലാം പാമ്പിന്റെ വലുപ്പത്തിന് കാരണമാണ്. ആ സമയത്തെ ചൂടേറിയ കാലാവസ്ഥയും മറ്റൊരു കാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാമ്പിന് 10.9 മീറ്റര്‍ മുതല്‍ 15.2 മീറ്റര്‍ വരെ നീളമുണ്ടായിരിക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. അനാക്കോണ്ടകളെപ്പോലെ വെള്ളത്തിലല്ല, മറിച്ച് കരയിലാണ് വാസുകി ഇൻഡിക്കസ് ജീവിച്ചിരുന്നതെന്ന് ദത്തയും ബാജ്‌പേയും കരുതുന്നു. എന്നാല്‍ വലുപ്പം കാരണം മരങ്ങളില്‍ കയറാന്‍ അവയ്ക്ക് തടസ്സമായിരുന്നതായും അവര്‍ പറഞ്ഞു.
advertisement
വാസുകി ഇന്‍ഡിക്കസ് ഇന്നറിയപ്പെടുന്നതില്‍വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഇനമായ ടൈറ്റനോബോവയോളം വലുതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൊളംബിയയില്‍ നിന്നാണ് ടൈറ്റനോബോവയുടെ ഫോസിലുകള്‍ കണ്ടെത്തിയത്. ഏകദേശം 1140 കിലോഗ്രാം ഭാരമുള്ള ഈ പാമ്പിന് 13 മീറ്ററാണ് നീളം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗുജറാത്തില്‍ നിന്ന് കണ്ടെത്തിയ ഫോസില്‍ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റേതോ? വാസുകി ഇന്‍ഡിക്കസിനെക്കുറിച്ച് അറിയാം
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement