ഉപയോക്താക്കള്‍ അറിയാതെ വാട്‌സ്ആപ്പ് മൈക്രോഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ആരോപണം. ഇക്കാര്യം അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഫോൺ ഉപയോഗിക്കാത്ത സമയത്ത് പോലും വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ട്വിറ്റര്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ഡാബിരിയാണ് ആരോപണം ഉന്നയിച്ചത്. ഇത്തരം സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
“ഞാൻ ഉറങ്ങിയപ്പോൾ മുതൽ രാവിലെ 6 മണിക്ക് ഉണരുന്നതു വരെ വാട്ട്‌സ്ആപ്പ് എന്റെ മൈക്രോഫോൺ ഉപയോഗിച്ചിരുന്നു. എന്താണ് സംഭവിക്കുന്നത്?”, എന്നാണ് ഫോഡ് ദാബിരി ശനിയാഴ്ച ട്വീറ്റ് ചെയ്തത്. ഇത് അംഗീകരിക്കാനാവാത്തതും സ്വകാര്യതയുടെ ലംഘനവുമാണ് ഡാബിരിയുടെ ട്വീറ്റിന് മറുപടിയായി ചന്ദ്രശേഖർ പറഞ്ഞു. സംഭവം ഉടൻ പരിശോധിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാട്ട്‌സ്ആപ്പിന്റെ പ്രതികരണം
മൈക്രോഫോണുമായി ബന്ധപ്പെട്ട ആരോപണങ്ങളുന്നയിച്ച ഡാബിരിയുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്ന് വാട്ട്‌സ്ആപ്പ് പ്രതികരിച്ചു. ഇത് ആൻഡ്രോയിഡിലെ ഒരു ബഗ് ആണെന്ന് തങ്ങൾ കരുതുന്നതായും പ്രശ്നം പരിഹരിക്കാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് തങ്ങളുടെ മൈക്രോഫോണിൽ പൂർണ നിയന്ത്രണം ഉണ്ടെന്നും വാട്സ്ആപ്പ് പറഞ്ഞു. ഉപയോക്താവ് കോൾ ചെയ്യുമ്പോഴോ വോയ്‌സ് നോട്ടോ വീഡിയോയോ റെക്കോർഡുചെയ്യുമ്പോഴോ മാത്രമേ വാട്ട്‌സ്ആപ്പ് മൈക്ക് ആക്‌സസ് ചെയ്യൂ എന്നും ആശയവിനിമയങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ വഴി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
വാട്സ്ആപ്പും ഇന്ത്യയിലെ സ്വകാര്യതാ ലംഘനവും
വിവിധ കാരണങ്ങൾ കൊണ്ട് വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, വാട്ആപ്പ് സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇതിന്റെ കാരണമറിയാൻ കമ്പനിയുമായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ബന്ധപ്പെട്ടിരുന്നു.
ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റർനാഷണൽ ഇൻകമിംഗ് സ്പാം കോളുകൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളാണ് ഈ സ്പാം കോളുകൾക്കെന്ന് നിരവധി ഉപയോക്താക്കൾ ട്വിറ്ററിലൂടെയും മറ്റും അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്ആപ്പ് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം?
ചില വാട്ട്‌സ്ആപ്പ് കോളുകൾ സ്പാം ആണെന്നും, ഉപയോക്താക്കൾ അവയോട് പ്രതികരിക്കരുത് എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. അത്തരം കോളുകൾ ലഭിക്കുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും സ്‌കാമർമാരുടെ ടാർഗെറ്റിൽ പെടുമെന്നും അത്തരം കോളുകൾക്ക് ഉത്തരം നൽകരുത് എന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടിലിരുന്ന് ചെയ്യാവുന്ന പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പ്രതിനിധികളായി പോലും ഇത്തരം തട്ടിപ്പുകാർ എത്താറുണ്ട്. അത്തരം നമ്പറുകളെല്ലാം ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. അത്തരം കോളിനോട് അറിയാതെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ, മറുവശത്തുള്ള വ്യക്തി വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളൊന്നും നിങ്ങൾ വിശ്വസിക്കരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Phone leaking, Scam, Whatsapp