'അമേരിക്ക സ്വയം കുഴിതോണ്ടുന്നു, കളിക്കുന്നത് വ്യത്യസ്തനായ എതിരാളിയോട്'; അധിക തീരുവയിൽ യുഎസ് സാമ്പത്തിക വിദഗ്ധൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
റഷ്യയുമായുള്ള ശക്തമായ സാമ്പത്തിക ബന്ധങ്ങളും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരുന്നതും അടക്കമുള്ള നടപടികള്‍ക്കുള്ള പ്രതികാരമെന്ന നിലയ്ക്കാണ് യുഎസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുന്നത്
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസിന്റെ 50 ശതമാനം തീരുവ ബുധനാഴ്ച ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിനുപുറമേ രണ്ടാമതായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും വില്‍പ്പനയ്ക്കായി യുഎസില്‍ എത്തിക്കുന്നതോ വെയര്‍ഹൗസില്‍ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു ഇന്ത്യന്‍ ഉത്പന്നത്തിനും ഉയര്‍ന്ന തീരുവ ബാധകമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയുമായുള്ള ശക്തമായ സാമ്പത്തിക ബന്ധങ്ങളും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരുന്നതും അടക്കമുള്ള നടപടികള്‍ക്കുള്ള പ്രതികാരമെന്ന നിലയ്ക്കാണ് യുഎസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശാലമായ തീരുവ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം.
ഉയര്‍ന്ന തീരുവ ചുമത്തികൊണ്ട് റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ശിക്ഷിക്കുക എന്നതാണ് പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നത്. പക്ഷേ അമേരിക്കന്‍ ഉപഭോക്താക്കള്‍, ബിസിനസുകാര്‍, സര്‍വകലാശാലകള്‍ എന്നിവർക്ക് ഇത് കാര്യമായ നഷ്ടം വരുത്തുമെന്ന് അമേരിക്കയിൽ നിന്നുള്ള നിരവധി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
യുഎസ് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്നതോടെ യുഎസിലെ ഉപഭോക്താക്കളെ സംബന്ധിച്ച് പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതം ദൈനംദിന വസ്തുക്കളുടെ വില വര്‍ദ്ധനവ് ആയിരിക്കും. ഓട്ടോ പാര്‍ട്‌സ്, ഐടി ഹാര്‍ഡ്‌വെയര്‍, തുണിത്തരങ്ങള്‍, വ്യാവസായിക രാസവസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും പ്രധാനമായും യുഎസിലേക്ക് കയറ്റി അയക്കുന്നത്. യുഎസില്‍ നിര്‍മിതോത്പാദന മേഖലയിലും ചില്ലറ വില്‍പ്പനയിലും ഈ വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
ഉയര്‍ന്ന തീരുവ ബുധനാഴ്ച മുതൽ പ്രാബല്യത്തില്‍ വന്നതോടെ യുഎസിലെ ഉപഭോക്താക്കളെ സംബന്ധിച്ച് ഇവയുടെ ഇറക്കുമതി സാമ്പത്തികമായി ചെലവേറിയതാകും. കൂടാതെ ബിസിനസുകാര്‍ ഇത്തരത്തിലുണ്ടാകുന്ന ഇറക്കുമതിയിലെ അധിക ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാനും സാധ്യതയുണ്ട്. യുഎസില്‍ പണപ്പെരുപ്പം ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ്. തീരുവ ഉയരുന്നതിന്റെ പ്രത്യാഘാതം വിലക്കയറ്റം നിയന്ത്രിച്ചുനിര്‍ത്താനുള്ള ഫെഡറൽ റിസർവിന്റെ ശ്രമങ്ങളെ സമ്മർദ്ദത്തിലാക്കും.
advertisement
ആരോഗ്യമേഖലയിലും പ്രതിസന്ധി നേരിടും മരുന്നുകൾക്ക് വില കൂടിയേക്കും
ഇന്ത്യ ഒരു ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ പവര്‍ഹൗസ് ആണ്. അമേരിക്കയില്‍ ഉപയോഗിക്കുന്ന എല്ലാ ജനറിക് മരുന്നുകളുടെയും ഏകദേശം 40 ശതമാനത്തോളം വിതരണം ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. നിലവില്‍ 50 ശതമാനം തീരുവയില്‍ നിന്ന് ഈ വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാവിയില്‍ ഇതും തീരുവ പ്രതികാരത്തിൽ ഉള്‍പ്പെട്ടേക്കാം. ഇപ്പോൾ തന്നെ ഇന്ത്യയെ മരുന്നുകള്‍ക്കായി ആശ്രയിക്കുന്നതില്‍ നിന്നും പിന്‍വലിയാനുള്ള സമ്മര്‍ദ്ദം യുഎസ് ഫാര്‍മ കമ്പനികള്‍ക്കുണ്ട്.
നിലവിലുള്ള ഇളവ് പിന്‍വലിക്കുകയോ അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്താല്‍ ഇത് യുഎസിൽ ഉപഭോക്തൃ മരുന്നുകള്‍ക്ക് വില ഉയരാന്‍ കാരണമാകും. ഇത് മാത്രമല്ല ഇന്‍ഷൂറന്‍സ് ക്ലെയിം, മെഡിക്കല്‍ ചെലവുകള്‍, ആശുപത്രി സംഭരണം എന്നിവയെയും ബാധിക്കും. തീരുവ ഭാവിയില്‍ ഉണ്ടാകുമോ എന്ന ഭയം തന്നെ സംഭരണ കേന്ദ്രങ്ങളെ ബാധിക്കുന്നുണ്ട്. ഇത് നിര്‍ണായക മരുന്നുകളുടെ വില കൂടാനും ലഭ്യത കുറയാനും കാരണമാകും.
advertisement
യുഎസ് വിതരണ ശൃംഖലകളില്‍ ഇന്ത്യയുടെ പങ്ക്
ഇന്ത്യ ഫിനിഷ്ഡ് സാധനങ്ങളുടെ ഉറവിടം മാത്രമല്ല എപിഐകള്‍ (സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍), സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്റര്‍മീഡിയറ്റ് സാധനങ്ങളുടെ നിര്‍ണായക വിതരണക്കാരനുമാണ്. നിര്‍മ്മാണ ഇന്‍പുട്ടുകള്‍, ഐടിഅധിഷ്ടിത സേവനങ്ങള്‍, ബാക്കെന്‍ഡ് സപ്പോർട്ട് എന്നിവയ്ക്കായി യുഎസ് കമ്പനികള്‍ ഇന്ത്യന്‍ പങ്കാളികളെ വളരെയധികം ആശ്രയിക്കുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കുമേല്‍ ചുമത്തുന്ന അധിക തീരുവ യുഎസിലെ ഈ പ്രധാന വിതരണ ശൃംഖലകളില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കാലതാമസം, വര്‍ദ്ധിക്കുന്ന ചെലവുകള്‍, ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ എന്നിവ പ്രത്യേകിച്ച് യുഎസിലെ കെമിക്കല്‍സ്, ഇലക്ട്രോണിക്‌സ്, ലൈഫ് സയന്‍സസ് തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധി തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല കേസുകളുമെടുത്താല്‍ 50 ശതമാനം തീരുവ വ്യവസ്ഥയ്ക്കു കീഴില്‍ ഇനി ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മത്സരക്ഷമത കൈവരിക്കില്ല. ഇത് മറ്റ് സ്രോതസ്സുകള്‍ കണ്ടെത്താന്‍ യുഎസ് കമ്പനികളെ നിര്‍ബന്ധിതരാക്കും. അതിന് പക്ഷേ, യുഎസ് കമ്പനികള്‍ ഉയര്‍ന്ന വില നല്‍കേണ്ടതായും വന്നതേക്കും. ഇത് സാമ്പത്തികമായി കമ്പനികളെ പ്രതിസന്ധിയിലാക്കും.
advertisement
എച്ച്-1ബി വിസാ വിതരണം കര്‍ശനമാക്കും
തീരുവ സമ്മര്‍ദ്ദത്തിനുപുറമേ ഏറ്റവും ഡിമാന്‍ഡുള്ള യുഎസ് വര്‍ക്ക് വിസകളിലൊന്നായ എച്ച്-1ബി വിസ നല്‍കുന്നതും ട്രംപ് ഭരണകൂടം കര്‍ശനമാക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ടെക് പ്രൊഫഷണലുകളെ അനുപാതമില്ലാതെ ബാധിക്കും. 2022 ഒക്ടോബറിനും 2023 ഒക്ടോബറിനും ഇടയില്‍ നല്‍കിയിട്ടുള്ള എച്ച്-1ബി വിസകളില്‍ 72 ശതമാനത്തിലധികവും ഉപയോഗപ്പെടുത്തിയത് ഇന്ത്യന്‍ പൗരന്മാരാണ്.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ യുഎസ് ടെക് ഭീമന്മാര്‍ എഞ്ചിനീയറിംഗ്, ഡേറ്റ സയന്‍സ്, എഐ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയുടെ നൈപുണ്യ ശേഷി ഉപയോഗപ്പെടുത്തുന്നു. നിരവധി ഇന്ത്യന്‍ പ്രൊഫഷണുകളെ ഈ കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നു. എച്ച്-1ബി വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ കമ്പനികള്‍ക്ക് തൊഴില്‍ ചെലവ് കൂടും. നിയമനങ്ങള്‍ വൈകുകയും ഉത്പാദനക്ഷമത നഷ്ടമാകുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടത്തരം സ്ഥാപനങ്ങള്‍ക്കും ഇത് വലിയ വെല്ലുവിളിയാകും.
advertisement
ഇന്നോവേഷന്‍, ഉത്പാദനക്ഷമത, ജിഡിപി എന്നിവയെ ബാധിക്കും
ഇന്ത്യന്‍ ടെക് പ്രതിഭകളെ വെട്ടിച്ചുരുക്കുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യന്‍ പൗരന്മാരായിട്ടുള്ള പ്രൊഫഷണലുകളാണ് യുഎസ് കമ്പനികളില്‍ എഐ, ഫിന്‍ടെക് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, കാലാവസ്ഥാ സാങ്കേതികവിദ്യ വരെയുള്ള ഒന്നിലധികം മേഖലകളില്‍ ഇന്നോവേഷന് നേതൃത്വം നല്‍കുന്നത്.
ഫെഡറല്‍, സ്റ്റേറ്റ്, സാമൂഹിക സുരക്ഷ, മെഡികെയര്‍ നികുതികളില്‍ 80 ബില്യണ്‍ ഡോളറിലധികമാണ് പ്രതിവര്‍ഷം എച്ച്-1ബി വിസ ഉടമകള്‍ സംഭാവന ചെയ്യുന്നത്. പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ ഇവര്‍ പ്രതിവര്‍ഷം 76.7 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നു. ഓരോ വര്‍ഷവും 12 ബില്യണ്‍ ഡോളറോളം അവര്‍ നിക്ഷേപം നടത്തുന്നു. ഓരോ എച്ച്-1ബി ജോലികളെയും പിന്തുണച്ച് 7.5 അധികം ജോലികള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
advertisement
നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് എച്ച്-1ബി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന 1 ശതമാനം വര്‍ദ്ധന പോലും യുഎസിന്റെ ജിഡിപിയില്‍ 0.5 ശതമാനം വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. ഈ ശൃംഖലയില്‍ തടസങ്ങള്‍ നേരിടുന്നതോടെ യുഎസില്‍ പ്രതിഭാധനരായ പ്രൊഫഷണലുകളുടെ ക്ഷാമം മാത്രമല്ല ഉണ്ടാകുന്നത്. ഇന്നോവേഷനിലും ഇത്പാദനക്ഷമതയിലും ദീര്‍ഘാകാല ഇടിവും യുഎസ് നേരിട്ടേക്കും.
ഒപിടി നിയമങ്ങള്‍ കര്‍ശനമാക്കുന്നത് യുഎസ് സര്‍വകലാശാലകള്‍ക്ക് കോടികളുടെ നഷ്ടം വരുത്തും
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒപിടി) നിയമങ്ങള്‍ കര്‍ശനമാക്കുന്നതാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രത്യാഘാതം. യുഎസിലെ രണ്ടാമത്തെ വലിയ വിദേശ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 2025-ല്‍ മാത്രം 3,31,000 പേര്‍ യുഎസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്.
ട്യൂഷനിലൂടെയും പ്രാദേശിക ചെലവുകളിലൂടെയും അവര്‍ പ്രതിവര്‍ഷം ഏകദേശം 8 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും സര്‍വകലാശാലാ ബജറ്റുകള്‍, വിദ്യാര്‍ത്ഥികൾക്കുള്ള താമസസൗകര്യം, കോളേജ് നഗരങ്ങളിലെ സേവന സമ്പദ്‌വ്യവസ്ഥകള്‍ എന്നിവയെ പിന്തുണയ്ക്കുന്നു. മിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം (എസ്ടിഇഎം) ബിരുദങ്ങളാണ് എടുക്കുന്നത്. കൂടാതെ പലരും എച്ച്-1ബി പോസ്റ്റുകളിലേക്കുള്ള ബിരുദാനന്തര ബിരുദവും നേടുന്നു.
ഒപിടി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത് യുഎസ് സര്‍വകലാശാലകളിലേക്കുള്ള പ്രവേശനം കുറയ്ക്കുക മാത്രമല്ല യുഎസിന്റെ ഇന്നോവേഷന്‍ വിഭാഗത്തെയും ദുര്‍ബലമാക്കും. വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന സര്‍വകലാശാലകളുടെ സാമ്പത്തികാരോഗ്യത്തെ ഇത് തകര്‍ക്കും.
വിദേശ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവര്‍ യുഎസില്‍ എസ്ടിഇഎം തൊഴില്‍ ശക്തിയിലെ ഒരു നിര്‍ണായക വിടവ് നികത്തുന്നുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തിലധികം പേര്‍ ഈ മേഖലകളില്‍ പഠിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഈ സംഖ്യ 70 ശതമാനത്തിലധികമാണ്. പലരും അമേരിക്കന്‍ ലാബുകളിലും കമ്പനികളിലും ആശുപത്രികളിലും ജോലി ചെയ്യാന്‍ പോകുന്നു.
ഈ വരവ് നിയന്ത്രിക്കുന്നത് നൈപുണ്യ വിടവ് വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഡാറ്റാ സയന്‍സ്, ആരോഗ്യ സംരക്ഷണം, ഊര്‍ജ്ജം തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍. വൈവിധ്യമാര്‍ന്നതും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ ഒരു തൊഴില്‍ ശക്തി നിലനിര്‍ത്താനുള്ള അമേരിക്കയുടെ കഴിവിനും ഇത് ഭീഷണിയാകും.
പ്രതിഭാധനരായ ആളുകളുടെ അഭാവം ആഗോള തലത്തില്‍ യുഎസിനെ പിന്നിലാക്കും. പല രംഗങ്ങളിലും അമേരിക്കയുടെ മത്സരക്ഷമത ഇത് ഇല്ലാതാക്കും.
യുഎസ് വിസ, തൊഴില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവ ലളിതമായ വര്‍ക്ക് പെര്‍മിറ്റുകള്‍, റെസിഡന്‍സി മാര്‍ഗ്ഗങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ പ്രതിഭകളെ ആകര്‍ഷിക്കാന്‍ ആക്രമണാത്മക നീക്കങ്ങള്‍ നടത്തുന്നുണ്ട്.
പഠനാനന്തര ജോലിയും വൈദഗ്ധ്യമുള്ള കുടിയേറ്റവും യുഎസ് നിയന്ത്രിക്കുന്നത് തുടര്‍ന്നാല്‍ പ്രതിഭാധനരായ തൊഴില്‍ ശേഷി അമേരിക്കയ്ക്ക് നഷ്ടമാകും. അവിടെ മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും കൂടുതല്‍ സ്വാഗതാര്‍ഹമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കും. ഇത് അമേരിക്കയുടെ ദീര്‍ഘകാല സാങ്കേതിക, ഗവേഷണ നേട്ടത്തെ ഇല്ലാതാക്കും.
നൈപുണ്യശേഷിക്കായി ആഗോള തലത്തില്‍ മത്സരിക്കുകയും സ്വന്തം നാട്ടില്‍ പണപ്പെരുപ്പത്തിനെതിരെ പോരാടുകയും ഇന്തോ-പസഫിക്കില്‍ ഇന്ത്യയെ ഒരു തന്ത്രപരമായ സംഖ്യകക്ഷിയായി ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സമയത്ത് യുഎസ് സ്വയം വരുത്തിവെയ്ക്കുന്ന ഈ സമ്മര്‍ദ്ദം ഹ്രസ്വദൃഷ്ടിയോടെയുള്ളതാണെന്ന് ഒരു പക്ഷേ തെളിയിക്കപ്പെട്ടേക്കാം.
ഇന്ത്യ തിരിച്ചടിച്ചാല്‍ യുഎസ് കനത്ത വില നിൽകേണ്ടി വരും; കയറ്റുമതിക്കാര്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി
യുഎസിന്റെ പ്രതികാരത്തിന് ഇന്ത്യ ഇതുവരെ പകരച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ പ്രതികാര നടപടി ഉണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. അങ്ങനെ ഇന്ത്യ തിരിച്ചടിക്കാന്‍ തയ്യാറായാല്‍ കാര്‍ഷിക കയറ്റുമതി, ലഹരിപാനീയങ്ങള്‍, വിമാന ഭാഗങ്ങള്‍, പ്രധാന വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള യുഎസിന്റെ കയറ്റുമതിയെ ഇത് ബാധിക്കും. ഇന്ത്യ യുഎസിന്റെ അതേരീതിയില്‍ പ്രതികരിച്ചാല്‍ യുഎസ് കര്‍ഷകരും കയറ്റുമതിക്കാരും പ്രത്യേകിച്ച് രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയ മിഡ്‌വെസ്റ്റേണ്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഓര്‍ഡറുകള്‍ റദ്ദാക്കലും എതിരാളികളായ വിതരണക്കാരില്‍ നിന്നുള്ള വില മത്സരവും നേരിടേണ്ടിവരും.
ഇന്ത്യ തിരിച്ചടിക്കുമോ എന്നത് മാത്രമല്ല യുഎസിനെ സംബന്ധിച്ച് മുന്നിലുള്ള വെല്ലുവിളി. ദീര്‍ഘകാല സാമ്പത്തിക, നയതന്ത്ര നഷ്ടങ്ങള്‍ വരുത്താതെ തീരുവ തന്ത്രവുമായി മുന്നോട്ടുപോകാന്‍ യുഎസിന് കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതോ യുഎസിന്റെ കനത്ത നഷ്ടങ്ങള്‍ ചര്‍ച്ചയാകുകയും കണക്കുകളില്‍ കാണുകയും ചെയ്യുന്നതോടെ ഭീഷണി മുഴക്കി തീരുവ പ്രഖ്യാപിച്ച ട്രംപിന് തലകുനിക്കേണ്ടി വരുമോ...?
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 29, 2025 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
'അമേരിക്ക സ്വയം കുഴിതോണ്ടുന്നു, കളിക്കുന്നത് വ്യത്യസ്തനായ എതിരാളിയോട്'; അധിക തീരുവയിൽ യുഎസ് സാമ്പത്തിക വിദഗ്ധൻ