FATF റിപ്പോർട്ട്; ആരാധനാലയങ്ങൾ വഴി പണം പിരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിയ അക്രമകാരികളുടെ സംഘടനയേത്?
- Published by:Rajesh V
- news18-malayalam
Last Updated:
'അന്വേഷണനിഴലിലുള്ള അക്രമകാരികളായ ഒരു ഭീകര സംഘടന' ആരാധനാലയങ്ങളിൽ നിന്നും പണം പിരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനും കേഡർമാർക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചുവെന്ന് FATFന്റെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനെതിരെ പ്രവർത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (FATF)പ്രതിനിധി സംഘം വെള്ളിയാഴ്ച ഇന്ത്യയിലെത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കല്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള ആഗോള സംവിധാനമാണ് FATF. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യയിൽ ‘അന്വേഷണനിഴലിലുള്ള അക്രമകാരികളായ ഒരു ഭീകര സംഘടന’ ആരാധനാലയങ്ങൾ വഴി പണം പിരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനും കേഡർമാർക്ക് പരിശീലനം നൽകാനും ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്നു.
രാജ്യത്തിനകത്ത് ഭീകരവാദത്തിനായി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോയെന്ന് സംഘം വിലയിരുത്തുമെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു. 12 പേരാണ് പ്രതിനിധി സംഘത്തിലുളളത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, മലേഷ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇവര്‍. ധനകാര്യം, വരുമാനം, എന്‍ഫോഴ്‌സ്മെന്റ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളുമായും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി.
എന്താണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്‌സ്?
കള്ളപ്പണം വെളുപ്പിക്കലിനെതിരേ ആഗോളതലത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനുമെതിരേ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംവിധാനമാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്‌സ്. 2006ലാണ് ഇന്ത്യ FATFല്‍ നിരീക്ഷക പദവി നേടുന്നത്. 2010ല്‍ സംഘടനയില്‍ അംഗമായി. 39 അംഗങ്ങളാണ് ആഗോള സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഈ സംവിധാനത്തില്‍ ഉള്ളത്. മയക്കുമരുന്ന്, മനുഷ്യക്കടത്ത്, മറ്റ് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എന്നീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര തലത്തില്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ വന്‍ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഫ്എടിഎഫിലെ അംഗത്വം ഏറെ നിര്‍ണായകമാണ്. ഇതിന് പുറമെ, ഭീകരതയ്‌ക്കെതിരേ പോരാടാനും തീവ്രവാദത്തിന് പണം സ്വരൂപിക്കുന്നത് കണ്ടെത്താനും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ വിചാരണ നടത്താനും ഇത് രാജ്യത്തെ സഹായിക്കുന്നു.
advertisement
FATF ഇന്ത്യ സന്ദര്‍ശിച്ചത് എന്തിന്?
2010 മുതല്‍ ഇന്ത്യ എഫ്എടിഎഫില്‍ അംഗമാണ്. കോവിഡ് മഹാമാരി മൂലം പരസ്പര മൂല്യനിര്‍ണയത്തിന്റെ നാലാമത്തെ ഘട്ടം രാജ്യത്ത് നടപ്പാക്കിയിട്ടില്ല. എഫ്എടിഎഫിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് 2010ലാണ് ഇന്ത്യയിൽ അവസാനത്തെ മൂല്യനിര്‍ണയം നടത്തിയത്. രാജ്യം സന്ദര്‍ശിച്ചുള്ള മൂല്യനിര്‍ണയം 2023 നവംബറിലേക്ക് മാറ്റിവെച്ചിരുന്നു.
തീവ്രവാദ ഗ്രൂപ്പുകളുടെ സുപ്രധാന ലക്ഷ്യമായി ഇന്ത്യ തുടരുകയാണെന്നും നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം ഇരയായിട്ടുണ്ടെന്നും എഫ്എടിഎഫ് രാജ്യത്ത് നടത്തിയ അവസാനത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങളും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോയെന്നും വിലയിരുത്തുന്നതിന് പുറമെ ആഗോള സുതാര്യതാ സംവിധാനവും എഫ്എടിഎഫ് സംഘം പരിശോധിക്കുമെന്ന് വിവിധ സ്രോതസ്സുകള്‍ പറഞ്ഞു.
advertisement
രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാം വളരെ വിജയകരമായി ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2022 ഒക്ടോബര്‍ വരെ എഫ്എടിഎഫിന്റെ ചാരപട്ടികയില്‍ ഉണ്ടായിരുന്ന പാകിസ്താന്‍, ഇന്ത്യയില്‍ പരിശോധന നടത്താന്‍ എഫ്എടിഎഫ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
പിഎഫ്‌ഐയെക്കുറിച്ചുള്ള എഫ്എടിഎഫ് പരാമർശം
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടായ ‘ക്രൗഡ് ഫണ്ടിംഗ് ഫോര്‍ ടെററിസം ഫിനാന്‍സിംഗില്‍’ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. പിഎഫ്ഐയുടെ പേര് പരാമർശിക്കാതെ ഇന്ത്യയിലെ ‘അക്രമാസക്തമായ ഭീകര സംഘടന’ വിവിധ ശൃംഖലകള്‍ വഴി പണം സ്വരൂപിച്ചതായാണ് എഫ്എടിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പണം സ്വരൂപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പേര് പരാമർശിക്കാതെ ഈ സംഘടന പള്ളികൾ വഴി പൊതു ഇടങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചുവെന്നും പിന്നീട് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനും കേഡറുകള്‍ക്ക് പരിശീലനം നല്‍കാനും ഈ പണം ഉപയോഗിച്ചുവെന്നും എഫ്എടിഎഫ് റിപ്പോർട്ടിൽ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമാനമായ കാരണങ്ങൾ ഉന്നയിച്ചാണ് 2022 സെപ്റ്റംബറില്‍, ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) അടക്കമുള്ളവയെയും രാജ്യത്ത് നിരോധിച്ചത്.
advertisement
എഫ്എടിഎഫിന്റെ ചാരപ്പട്ടികയും കരിമ്പട്ടികയിലും ഉള്‍പ്പെട്ട രാജ്യങ്ങള്‍
രണ്ട് തരം പട്ടികകളാണ് എഫ്എടിഎഫിന് ഉള്ളത്. ചാരപ്പട്ടികയും കരിമ്പട്ടികയും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങള്‍ കൂടുതൽ അപകട സാധ്യതയുള്ള രാജ്യങ്ങളാണ്. എഫ്എടിഎഫിന്റെ കൂടെക്കൂടെയുള്ള നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളാണ് ചാരപ്പട്ടികയില്‍ ഉള്ളവ. ഈ രണ്ട് പട്ടികയിലും ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ല. രാജ്യങ്ങളുടെ മേല്‍ അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണങ്ങളും ഉപരോധങ്ങളും ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കല്‍, അന്താരാഷ്ട്ര ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കല്‍ എന്നിവയ്ക്ക് എതിരായി നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2018 ജൂണിലാണ് എഫ്എടിഎഫ് പാകിസ്ഥാനെ ചാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 04, 2023 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
FATF റിപ്പോർട്ട്; ആരാധനാലയങ്ങൾ വഴി പണം പിരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിയ അക്രമകാരികളുടെ സംഘടനയേത്?