മജ്ജ മാറ്റിവയ്ക്കലിനുശേഷം വലിയ പ്രശ്നങ്ങള്‍ നേരിടുന്ന രക്താർബുദ രോഗികളെ ചികിത്സിക്കുന്നതിനായി പൂപ്പ് ട്രാൻസ്പ്ലാന്റുമായി (മലംമാറ്റിവെക്കൽ) (ഫീക്കെല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റ്) ഓസ്ട്രേലിയ. ഇതിന്റെ ആദ്യ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നതായാണ്റിപ്പോര്‍ട്ടുകള്‍.
ദാതാവിന്റെ മജ്ജയിലെ (ഗ്രാഫ്റ്റ്) രോഗപ്രതിരോധ കോശങ്ങള്‍ സ്വീകര്‍ത്താവിന്റെ (ഹോസ്റ്റ്) അവയവങ്ങളെയും ടിഷ്യുകളെയും ആക്രമിക്കുമ്പോഴാണ് ഗ്രാഫ്റ്റ്-വേഴ്‌സസ്-ഹോസ്റ്റ് രോഗം (GVHD) ഉണ്ടാകുന്നത്. ന്യൂ അറ്റ്ലസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കാന്‍സര്‍ ചികിത്സയ്ക്കായി മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയവരില്‍ ജിവിഎച്ച്ഡി കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്താറുണ്ട്.
‘മജ്ജ മാറ്റിവയ്ക്കല്‍ ഗുണം പോലെ തന്നെ ദോഷം ഉണ്ടാക്കുന്നതുമാണ്. ഇത് കൂടുതല്‍ ഗുരുതരമായ രക്താര്‍ബുദമുള്ള ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിന് ശേഷം ചിലരില്‍ GVHD ഉണ്ടാകുന്നത് അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകും’ ക്യുഐഎംആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍-സയന്റിസ്റ്റും റോയല്‍ ബ്രിസ്‌ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ. ആന്‍ഡ്രിയ ഹെന്‍ഡന്‍ പറഞ്ഞു.
കുടലില്‍ GVHD ഉണ്ടാകുന്ന രോഗികളില്‍ പരമ്പരാഗത ചികിത്സകള്‍ ഫലപ്രദമാകില്ലെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇവിടെയാണ് ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റ് (എഫ്എംടി), അല്ലെങ്കില്‍ ‘പൂപ്പ് ട്രാന്‍സ്പ്ലാന്റ്’ പ്രയോഗിക്കുന്നത്. ഇത് കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു.
‘പൂപ്പ് ട്രാന്‍സ്പ്ലാന്റ്’ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ആരോഗ്യവാനായ ഒരു ദാതാവില്‍ നിന്നുള്ള പൂപ്പ് ട്രാൻസ്പ്ലാന്റ് സ്വീകര്‍ത്താവിന്റെ ശരീരത്തെ ഗുണകരമായ ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്നു, ഇത് ചില രോഗങ്ങളെ ചികിത്സിക്കുകയും ചില കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യും.
ദശലക്ഷക്കണക്കിന് ബാക്ടീരിയകള്‍ കുടലില്‍ സൂക്ഷ്മമായ സന്തുലിതാവസ്ഥയില്‍ വസിക്കുന്നുണ്ട്. ഈ ബാക്ടീരിയകള്‍ സന്തുലിതാവസ്ഥക്ക് അപ്പുറം വളരുമ്പോള്‍, ഒരു വ്യക്തിക്ക് വയറിളക്കവും മറ്റ് ദഹനപ്രശ്‌നങ്ങളും അനുഭവപ്പെടാമെന്ന് മെഡിക്കല്‍ ന്യൂസ് ടുഡേയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ദഹനനാളത്തിലെ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ നല്ല ബാക്ടീരിയകളെ നശിപ്പിക്കാറുണ്ട്..
ഉദാഹരണത്തിന്, ‘ക്ലോസ്ട്രിഡിയം ഡിഫിസൈലിനായി’ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന ഏകദേശം 20% ആളുകളിലും ഇത് ഉണ്ടാകാം. വയറിളക്കത്തിനും കാരണമാകുന്ന ഒരു സാധാരണ ബാക്ടീരിയയാണിത്. ഇത് കുടല്‍ മൈക്രോബയോട്ടയിൽമാറ്റം വരുത്തുന്നു. ഈ സാഹചര്യത്തില്‍ ട്രാൻസ്പ്ലാന്റ് ആരോഗ്യകരമായ ബാക്ടീരിയകള്‍ പുനഃസ്ഥാപിക്കുന്നതിന് ഗുണം ചെയ്യും.
എഫ്എംടി മാറ്റിവയ്ക്കല്‍ എങ്ങനെയാണ് ചെയ്യുന്നത്?
മിക്ക സാഹചര്യങ്ങളിലും, ദാതാവിന്റെ മലം സ്വീകര്‍ത്താവിന് കൈമാറാന്‍ ഡോക്ടര്‍ ഒരു കൊളോനോസ്‌കോപ്പാകും ഉപയോഗിക്കുക. മലാശയത്തിലൂടെ വന്‍കുടലിലേക്ക് ഇടാന്‍ കഴിയുന്ന ഒരു ചെറിയ, വഴക്കമുള്ള ട്യൂബാണ് കൊളോനോസ്‌കോപ്പ്. വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാതിരിക്കാന്‍, ചികിത്സയ്ക്ക് മുമ്പ് ആളുകളെ മയക്കാനുള്ള മരുന്നുകള്‍ നല്‍കാറുണ്ട്. കൊളോനോസ്‌കോപ്പ് ഉപയോഗിക്കുന്നതിനുപകരമുള്ള മറ്റൊരു രീതിയാണ് എനിമയിലൂടെ ദ്രാവക മലം കുത്തിവയ്ക്കുന്നത്.
എഫ്എംടി മാറ്റിവയ്ക്കല്‍ പുരാതന ചൈനീസ് വൈദ്യശാസ്ത്രത്തില്‍
ഇത് 1,700 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് ചില റിപ്പോര്‍ട്ടുകൾ പറയുന്നു. നേരത്തെ മറ്റൊരു വ്യക്തിയുടെ ദ്രാവകരൂപത്തിലുള്ള മലം കഴിക്കേണ്ടതായിരുന്നു ചൈനയിൽ നിലനിന്നിരുന്ന ചികിത്സാ രീതി. എന്നാല്‍ ഇത് വളരെ അപകടകരമായിരുന്നു. മലം മാറ്റിവയ്ക്കല്‍ ഇപ്പോള്‍ കൂടുതല്‍ അണുവിമുക്തവും സുരക്ഷിതവുമാണ്.
കുടലിലെ സൂക്ഷ്മാണുക്കൾ
ഫ്രോണ്ടിയേഴ്സിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യത്തിന് ഗുണകരവും നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതുമായ സൂക്ഷ്മജീവികളാണ് വയറിലെ സൂക്ഷ്മാണുക്കള്‍. നമ്മുടെ ശരീരത്തിലെ മൈക്രോബയോട്ടയുടെ ഭൂരിഭാഗവും കുടലിലാണ് ജീവിക്കുന്നത്. കുടല്‍ മൈക്രോബയോട്ടയിൽ ഏറ്റവും കൂടുതല്‍ ഉള്ള ഒന്നാണ് ബാക്ടീരിയ. ദഹനം, വിറ്റാമിനുകളും പോഷകങ്ങളും ആഗിരണം ചെയ്യല്‍, രോഗാണുക്കളില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കല്‍, അലര്‍ജികള്‍, ആസ്ത്മഎന്നിവ തടയുന്നതിന് നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ കുടലിലെ ബാക്ടീരിയ സഹായിക്കുന്നു. കുടലിലെ ബാക്ടീരിയകള്‍ക്ക് നമ്മുടെ തലച്ചോറിലേക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും.ഇത് ആളുകളുടെ മാനസികാവസ്ഥയിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വരുത്തുന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.