കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന നിലവിലെ സാഹചര്യത്തിൽ രണ്ട് ദിവസം മുമ്പ് കോവിഡിന്റെ 'ആർ' (R) ഘടകത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. ആർ ഫാക്ടർ 1.0 ൽ കൂടുതലായിരിക്കുന്നത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ ലക്ഷണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അതിനാൽ, തിരക്കേറിയ പ്രദേശങ്ങളിൽ മാസ്കുകൾ, സാമൂഹിക അകലം, മറ്റ് കോവിഡ് പ്രതിരോധ നടപടികൾ എന്നിവ പാലിച്ച് ജാഗ്രത പാലിക്കുകയും അധികൃതർ പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
എന്നാൽ എന്താണ് 'ആർ' ഘടകം? ആർ ഘടകത്തെക്കുറിച്ച് സർക്കാർ ആശങ്കാകുലരാകുന്നത് എന്തുകൊണ്ട്? നിലവിലെ ആർ ഘടകം എത്രയാണ്? ഇത് കേസുകളുടെ വർദ്ധനവിനെ സൂചിപ്പിക്കുന്നത് എങ്ങനെ? ഇത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ -
ആർ ഘടകം അനുസരിച്ച് കേസുകൾ വർദ്ധിക്കുന്നത് എങ്ങനെ?വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ആർ ഘടകം പുനരുൽപാദന നിരക്കാണ്. അതായത് രോഗബാധിതനായ ഒരാളിൽ നിന്ന് എത്രപേർ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ആർ ഘടകം 1.0 നേക്കാൾ കൂടുതലാണെങ്കിൽ അതിനർത്ഥം കേസുകൾ വർദ്ധിക്കുന്നു എന്നാണ്. അതേസമയം, ആർ ഘടകം 1.0 ൽ താഴെയാകുകയോ കുറയുകയോ ചെയ്യുന്നത് കോവിഡ് കേസുകൾ കുറയുന്നതിന്റെ അടയാളമാണ്.
ഉദാഹരണത്തിന് 100 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ഇവരിൽ നിന്ന് 100 പേർക്ക് കൂടി രോഗം ബാധിക്കുകയാണെങ്കിൽ ആർ ഘടകം 1 ആയിരിക്കും. എന്നാൽ 80 പേരെ മാത്രമാണ് രോഗം ബാധിക്കുന്നതെങ്കിൽ ആർ ഘടകം 0.80 ആയിരിക്കും.
നിലവിൽ ഇന്ത്യയിലെ ആർ ഘടകം എത്രയാണ്?ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് (ഐ.എം.എസ്.സി) നടത്തിയ പഠനമനുസരിച്ച് രാജ്യത്ത് ആർ ഘടകം 1ൽ കുറവാണെങ്കിലും ചില സംസ്ഥാനങ്ങളിൽ ഇത് അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മെയ് പകുതിയിൽ ഇന്ത്യയിലുടനീളം ആർ ഘടകം 0.78 ആയിരുന്നു. അതായത്, 100 പേർക്ക് രോഗം ബാധിച്ചാൽ അവരിൽ നിന്ന് 78 പേരിലേയ്ക്ക് മാത്രമേ രോഗം പകർന്നിരുന്നുള്ളൂ. എന്നാൽ ജൂൺ അവസാനത്തിലും ജൂലൈ ആദ്യ വാരത്തിലും ആർ മൂല്യം 0.88 ആയി ഉയർന്നു. അതായത് 100 പേരിൽ നിന്ന് 88 പേരിലേയ്ക്ക് രോഗം പകരുന്നുണ്ട്.
ഈ പഠനം അനുസരിച്ച്, മാർച്ച് 9 നും ഏപ്രിൽ 21 നും ഇടയിലുള്ള ആർ മൂല്യം 1.37 ആയിരുന്നു. ഇക്കാരണത്താൽ, ഈ സമയത്ത് കേസുകൾ അതിവേഗം വർദ്ധിക്കുകയും രണ്ടാമത്തെ തരംഗം അതിന്റെ ഉച്ചസ്ഥായിൽ എത്തുകയും ചെയ്തിരുന്നു. ആർ മൂല്യം ഏപ്രിൽ 24 നും മെയ് 1 നും ഇടയിൽ 1.18 ആയിരുന്നു. പിന്നീട് ഏപ്രിൽ 29 നും മെയ് 7 നും ഇടയിൽ 1.10 ആയി കുറഞ്ഞു. അതിനുശേഷം ആർ മൂല്യം തുടർച്ചയായി കുറഞ്ഞതോടെ കേസുകളും കുറഞ്ഞു.
ഏത് സംസ്ഥാനത്താണ് ആർ-മൂല്യം ഭയാനകമായി ഉയരുന്നത്?ഇന്ത്യയിലെ ആർ ഘടകം 1 ൽ താഴെയാണെന്ന് ഗവേഷക സംഘത്തെ നയിക്കുന്ന സീതാഭ്ര സിൻഹ അവകാശപ്പെടുന്നു. എന്നാൽ സജീവമായ കേസുകളുടെ എണ്ണം കുറയുന്നതിന്റെ വേഗത കുറഞ്ഞു. ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും ആർ മൂല്യം വർദ്ധിച്ചതാണ് ഇതിന് കാരണം. ആർ മൂല്യം കുറയുമ്പോൾ പുതിയ കേസുകളുടെ എണ്ണം കുറയുമെന്ന് സിൻഹ പറയുന്നു. അതുപോലെ, ആർ മൂല്യം 1.0 നേക്കാൾ കൂടുതലാണെങ്കിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കും. സാങ്കേതികമായി ഇതിനെ എപ്പിഡെമിക് ഘട്ടം എന്ന് വിളിക്കുന്നു.
സജീവമായ കേസിൽ ആർ മൂല്യം എത്രത്തോളം വ്യത്യാസപ്പെടുത്തുന്നു?ആർ മൂല്യം മെയ് 9 ന് ശേഷം കുറഞ്ഞുവെന്ന് സിൻഹ പറയുന്നു. മെയ് 15 നും ജൂൺ 26 നും ഇടയിൽ ഇത് 0.78 ആയി കുറഞ്ഞു. എന്നാൽ ജൂൺ 20 ന് ശേഷം ഇത് 0.88 ആയി ഉയർന്നു. ആർ മൂല്യം 1.0 കടക്കുന്നതുവരെ കേസുകൾ വളരെ വേഗത്തിൽ വർദ്ധിക്കുകയില്ല. എന്നാൽ ഈ മൂല്യത്തിന്റെ വർദ്ധനവ് ആശങ്കാജനകമാണ്.
ആർ ഘടകം 0.78 ആയി നിലനിർത്തുകയാണെങ്കിൽ, ജൂലൈ 27നകം സജീവമായ കേസുകൾ 1.5 ലക്ഷത്തിൽ താഴെയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ആർ ഘടകം 0.88 ആയി ഉയർന്നു. അതുകൊണ്ട് തന്നെ ജൂലൈ 27 ന് സജീവ കേസുകൾ ഏകദേശം 3 ലക്ഷം ആയിരിക്കുമെന്നും സിൻഹ വ്യക്തമാക്കി. അതായത്, ആർ ഘടകത്തിലെ 0.1 വ്യത്യാസം പോലും രണ്ടാഴ്ചയ്ക്കുള്ളിൽ സജീവമായ കേസുകളുടെ എണ്ണം ഇരട്ടിയാക്കും.
ഏത് സംസ്ഥാനമാണ് ആർ മൂല്യം വർദ്ധിപ്പിക്കുന്നത്?ജൂലൈ 16ന് മഹാരാഷ്ട്രയിൽ സജീവമായ കേസുകളുടെ എണ്ണം 1.07 ലക്ഷമായി കുറഞ്ഞു. പക്ഷേ, ആശങ്കാജനകമായ മറ്റൊരു കാര്യം, മെയ് 30ന് സംസ്ഥാനത്തിന്റെ ആർ മൂല്യം 0.84 ആയിരുന്നു. എന്നാൽ ജൂൺ അവസാനം ഇത് 0.89 ആയി ഉയർന്നു. ഇതിനിടെ മഹാരാഷ്ട്രയിൽ കേസുകൾ അതിവേഗം വർദ്ധിച്ചു.
കേരളത്തിൽ 1.19 ലക്ഷം സജീവ കേസുകളുണ്ട്. ഈ മാസം ആദ്യം, കേരളത്തിൽ ആർ മൂല്യം 1.10 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് രോഗമുക്തരാകുന്ന കേസുകളേക്കാൾ വേഗത്തിൽ പുതിയ കേസുകൾ വർദ്ധിച്ചത്. മഹാരാഷ്ട്രയിലെയും കേരളത്തിലെയും കേസുകൾ കൂടി ചേരുമ്പോൾ നിലവിൽ രാജ്യത്ത് 50 ശതമാനത്തിലധികം സജീവ കേസുകളുണ്ട്.
പഠനമനുസരിച്ച് മണിപ്പൂരിന്റെ ആർ ഘടകം 1.07 ആണ്. മേഘാലയ 0.92, ത്രിപുര 1.15, മിസോറാം 0.86, അരുണാചൽ പ്രദേശ് 1.14, സിക്കിം 0.88, അസം 0.86 എന്നിങ്ങനെയാണ് നിലവിലെ ആർ മൂല്യം. അതായത്, കഴിഞ്ഞ മാസത്തെ ഇടിവിന് ശേഷം ഈ സംസ്ഥാനങ്ങളിലെ കേസുകൾ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങി.
ആർ ഘടകം ഉയരുന്നത് വീണ്ടും ലോക്ക്ഡൗണിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ?തീർച്ചയായും ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാനാകില്ല. രാജ്യത്തെ ആർ മൂല്യം വീണ്ടും ഉയരുകയും 1.0 ൽ എത്തുകയും ചെയ്താൽ, ലോക്ക്ഡൗൺ വീണ്ടും ചുമത്തപ്പെടാം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന ഒരു പ്രധാന സൂത്രവാക്യമാണിത്. ലോക്ക്ഡൗണും കർശനമായ നിയന്ത്രണങ്ങളും ഉപയോഗിച്ച് മാത്രമേ ആർ ഘടകം നിയന്ത്രണത്തിലാക്കാൻ കഴിയൂ എന്ന് വിദഗ്ദ്ധർ പറയുന്നു. ആളുകൾ പുറത്തിറങ്ങാതിരുന്നാൽ മാത്രമേ രോഗബാധിതനായ വ്യക്തിക്ക് മറ്റ് ആളുകളിലേയ്ക്ക് രോഗം എത്തിക്കാതിരിക്കാൻ കഴിയുകയുള്ളൂ. മെയ് മാസത്തിലും ആർ-മൂല്യം കുറയാനുള്ള പ്രധാന കാരണം ലോക്ക്ഡൗൺ ആയിരുന്നു. ഇതോടെ രണ്ടാം തരംഗവും കുറയാൻ തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.