Edward Brennan| കടലിൽ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ ബ്രണ്ണൻ സായിപ്പിനെ കേരളം ഇന്നും എന്തുകൊണ്ട് ഓർമിക്കുന്നു?
- Published by:Rajesh V
- news18-malayalam
Last Updated:
മലബാറിന്റെ ചരിത്രത്തിൽ ബ്രണ്ണൻ സായ്പ്പിന്റെ സംഭാവനകൾ ഒളിമങ്ങാതെ ഇന്നും തിളങ്ങുന്നുണ്ട്.
കഴിഞ്ഞ കുറേക്കാലമായി കേരള സമൂഹത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ ഉയർന്നുവരുന്ന പേരാണ് ബ്രണ്ണൻ അല്ലെങ്കിൽ ബ്രണ്ണൻ കോളജ്. 1800കളുടെ തുടക്കം മുതല്‍ 1859വരെ മലലബാറിൽ താമസിച്ച് മരിച്ച ഒരു ബ്രിട്ടീഷുകാരനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ. തലശ്ശേരിക്കാർ അദ്ദേഹത്തെ സ്നേഹത്തോടെ ബ്രണ്ണൻ സായ്പ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. മലബാറിന്റെ ചരിത്രത്തിൽ ബ്രണ്ണൻ സായ്പ്പിന്റെ സംഭാവനകൾ ഒളിമങ്ങാതെ ഇന്നും തിളങ്ങുന്നുണ്ട്.
ആരായിരുന്നു ബ്രണ്ണൻ
1784 ൽ ലണ്ടനിൽ ജനിച്ച ബ്രണ്ണൻ 1810 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. പിന്നീട് അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈൻ സർവീസസിലേക്ക് മാറി. കപ്പലിൽ കേബിൻ ബോയ് ആയിട്ടായിരുന്നു ജോലി. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. കണ്ണൂർ തലശ്ശേരിയ്ക്ക് അടുത്ത് കടലിൽ വെച്ചുണ്ടായ ഈ അപകടത്തിൽ ഒറ്റപ്പെട്ടു പോയ ബ്രണ്ണൻ സായ്പ്പ് നീന്തി തലശ്ശേരി തീരത്തെത്തി. തുടർന്ന് അദ്ദേഹം തലശ്ശേരിയിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ചരിത്രം.
advertisement
ബ്രണ്ണനും ബ്രണ്ണൻ കോളജും
1846ൽ ദരിദ്രരെയും അനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം ടെലിച്ചറി പുവർ ഫണ്ട് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു. തന്റെ കൈയിലുണ്ടായിരുന്ന 3000 രൂപയായിരുന്നു അതിന്റെ ആദ്യ വിഹിതം. ഒടുവിൽ ആകെ സമ്പാദ്യമായ 1,50,000 രൂപ കൂടി ട്രസ്റ്റിന് നൽകി. ബ്രണ്ണൻ വിൽപത്രത്തിൽ ആവശ്യപ്പെട്ടത് പ്രകാരം നാട്ടുകാരായ എല്ലാവർക്കും സൗജന്യമായി വിദ്യാഭ്യാസം നൽകാൻ വേണ്ടി തലശ്ശേരി പട്ടണത്തിൽ ഒരു 'ഫ്രീ സ്കുൾ' സ്ഥാപിച്ചു. ഇതാണ് പിൽകാലത്ത് ബ്രണ്ണൻ കോളജ് ആയി മാറിയത്.
advertisement
1861ലാണ് ബ്രണ്ണന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂൾ സ്ഥാപിച്ചത്. 1866ൽ ബാസൽ ജർമൻ മിഷൻ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868 ൽ ഹൈസ്‌കൂളായി ഉയർത്തി. 1871 ൽ ബാസൽ മിഷൻ സ്‌കൂളിന്റെ നടത്തിപ്പ് കയ്യൊഴിയാൻ തീരുമാനിച്ചു. 1883 ൽ ജില്ലാ ഗവൺമെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884 ൽ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വർഷത്തിനു ശേഷം ബ്രണ്ണൻ കോളജ് ആയി വളർന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളെജായിരുന്നു. 1949ൽ കോളജിൽ നിന്നും വേർപെടുത്തിയ സ്‌കൂളിനെ ചിറക്കരയിലേക്ക് മാറ്റിയെങ്കിലും 1958ൽ കോളേജ് ധർമടത്തേക്ക് പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തി.
advertisement

ബ്രണ്ണൻ കോളജിലെ പ്രശസ്തരായ പൂർവ വിദ്യാർഥികൾ
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻമന്ത്രി എ കെ ബാലനും ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥികളായിരുന്നു. തായാട്ട് ശങ്കരൻ, അയ്യത്താൻ ഗോപാലൻ, സഞ്ജയൻ, മൂർക്കോത്ത് കുമാരൻ, സി.എച്ച്.കുഞ്ഞപ്പ, പവനൻ, കെ.സുകുമാരൻ, ടി.പി. സുകുമാരൻ, എം.പി.കുമാരൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, എൻ. പ്രഭാകരൻ, ചമ്പാടൻ വിജയൻ, അക്ബർ കക്കട്ടിൽ, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പെയ്ത്തുംകടവ്, എസ്. സിതാര, മാങ്ങാട് രത്നാകരൻ, ഒളിമ്പ്യൻ ദേവദാസ്, മയൂഖ ജോണി, വിനീത്, അഞ്ജു അരവിന്ദ് തുടങ്ങി പ്രശസ്തരുടെ നീണ്ടനിര തന്നെയുണ്ട് ബ്രണ്ണൻ കോളജിലെ പൂർവ വിദ്യാർഥികളായുണ്ട്.
advertisement
തലശ്ശേരി സെന്റ് ജോൺസ് പള്ളി
തലശ്ശേരി കോട്ടയുടെ പിറക് വശത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് പള്ളി സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണന്റെ ജീവിത സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊണ്ടായിരുന്നു. തലശ്ശേരിക്കാർ എഡ്വേർഡ് ബ്രണ്ണനെ സ്നേഹത്തോടെ ബ്രണ്ണൻ സായ്പ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. 1859 ഒക്ടോബർ 2ന് ബ്രണ്ണൻ സായ്പ് അന്തരിച്ചു. തലശ്ശേരി സെന്റ് ജോൺസ് പള്ളിയുടെ സമീപത്തായാണ് എഡ്വേർഡ് ബ്രണ്ണന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. പത്തരമാറ്റ് സത്യസന്ധനായ ഇംഗ്ലീഷുകാരൻ ( A sterling upright Englishman) എന്നാണ് ശവകുടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.
advertisement
ബ്രണ്ണൻ അവിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് ഒരു ദത്ത് പുത്രൻ മാത്രമാണുണ്ടായിരുന്നതെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ബ്രണ്ണന് തലശ്ശേരിക്കാരിയായ ഒരു സ്ത്രീയിൽ ഒരു മകളുണ്ടായിരുന്നുവെന്നും ആ പുത്രിയുടെ പേർ 'ഫ്ലോറ' എന്നായിരുന്നുവെന്നും ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ 16ാം വയസ്സിൽ മരിച്ചതിനെത്തുടർന്ന് അടക്കപ്പെട്ടുവെന്നും പറയപ്പെടുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2021 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Edward Brennan| കടലിൽ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ ബ്രണ്ണൻ സായിപ്പിനെ കേരളം ഇന്നും എന്തുകൊണ്ട് ഓർമിക്കുന്നു?