• HOME
 • »
 • NEWS
 • »
 • explained
 • »
 • പാബ്ലോ നെരൂദയുടെ മരണം; അരനൂറ്റാണ്ട് കാലത്തെ വിഷം പുരണ്ട ദുരൂഹതയും പിനോഷെയുടെ കൊലപാതകങ്ങളിലെ ബാക്റ്റീരിയയും

പാബ്ലോ നെരൂദയുടെ മരണം; അരനൂറ്റാണ്ട് കാലത്തെ വിഷം പുരണ്ട ദുരൂഹതയും പിനോഷെയുടെ കൊലപാതകങ്ങളിലെ ബാക്റ്റീരിയയും

പാബ്ലോ നെരൂദയുടേത് കൊലപാതകമാണെന്ന് അഞ്ചു പതിറ്റാണ്ടായി വാദിക്കുന്നവരുടെ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.

 • Share this:

  ‘കഴിയുമീ രാവെനിക്കേറ്റവും
  ദുഖ:ഭരിതമായ വരികളെഴുതുവാന്‍
  ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
  അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
  ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
  വിരഹിയാം നിശാ മാരുതന്‍ പാടുന്നു’

  എന്നു തുടങ്ങുന്ന വരികൾ വിരഹപ്രണയികളുടെ ദേശീയഗാനമാണ്.

  പാബ്ലോ നെരൂദയുടെ Puedo escribir los versos más tristes esta noche എന്ന സ്പാനിഷ് കവിതയാണ്  ‘ഏറ്റവും ദുഃഖ ഭരിതമായ വരികൾ’ എന്ന പേരിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്. പ്രണയവും കാമവും വിരഹവും വിഷാദവും വിപ്ലവവും നുരഞ്ഞു പതയുന്ന വരികളാൽ യുവതയുടെ ഉള്ളം കവർന്ന കവിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് ഒരു പരിധിവരെ വിരാമമാകുന്നത് അരനൂറ്റാണ്ടിനിപ്പുറം ഒരു യുവതയുടെ ആഘോഷമായ പ്രണയദിനത്തിലാണ് എന്നത് ഒരു യാദൃശ്ചികതയാകാം.

  അരനൂറ്റാണ്ട് കാലത്തെ ദുരൂഹത

  അനന്തിരവൻ റോഡോൾഫോ റെയ്സ് ആണ് നെരൂദയുടെ ശരീരത്തിൽ രാജ്യാന്തര ഫോറൻസിക് സംഘം വിഷാംശം കണ്ടെത്തിയെന്ന് ഫെബ്രുവരി 14 ന് സ്പാനിഷ് ന്യൂസ് ഏജൻസിയായ EFE യോട് വെളിപ്പെടുത്തിയത്. കാനഡ,ഡെന്മാർക്ക്‌ എന്നീ രാജ്യങ്ങളിലെ ഫോറൻസിക് ലാബുകളിലേക്ക് സാമ്പിളുകൾ അയച്ചിരുന്നു.ഈ പരിശോധനയിൽ ശരീരത്തിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം അളവിലധികം കണ്ടെത്തിയതായാണ്‌ റെയ്‌സ്‌ വെളിപ്പെടുത്തിയത്‌.മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും ശക്തമായ വിഷവസ്തുവാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ഉണ്ടാക്കുന്ന ബോട്ടുലിനം ടോക്സിൻ. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും കടുത്ത പക്ഷാഘാത രോഗത്തിന് ഇത് കാരണമാകും. എന്നാൽ ഭക്ഷണത്തിലൂടെയാണോ മറ്റേതെങ്കിലും തരത്തിലാണോ നെരൂദയുടെ വിഷം ഉള്ളിൽ ചെന്നത് എന്നത് തെളിയിക്കാൻ പറ്റിയിട്ടില്ല.

  പാബ്ലോ നെരൂദയുടേത് കൊലപാതകമാണെന്ന് അഞ്ചു പതിറ്റാണ്ടായി വാദിക്കുന്നവരുടെ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.ഔദ്യോഗിക റിപ്പോർട്ട്‌ ഫെബ്രുവരി 15 ന് പ്രസിദ്ധീകരിച്ചു.

  ആരായിരുന്നു നെരൂദ ?

  സ്പാനിഷ് ഭാഷയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ് നെരൂദ.ഗബ്രിയേൽ ഗാർസിയ മാർക്വേസ് ‘വിശ്വകവി’ എന്ന് വിശേഷിപ്പിച്ച നെരൂദ ചിലിയുടെ പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥൻ കൂടിയായിരുന്നു.1971 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവ്.

  അച്ഛൻ സാധാരണ റയിൽവേ ജോലിക്കാരൻ. സ്കൂൾ അദ്ധ്യാപികയായിരുന്ന അമ്മ നെരൂദ ജനിച്ച വർഷം ക്ഷയരോഗം മൂലം മരിച്ചു. പത്ത് വയസ്സു മുതൽ തന്നെ കവിതയെഴുതിത്തുടങ്ങി. 1920 ഒക്ടോബറിൽ ചെക് എഴുത്തുകാരനായ ഴാൻ നെരൂദയുടെ പേരിൽ നിന്നാണ് തൂലികാനാമം സ്വീകരിച്ചത്. ഇരുപതു വയസ്സായപ്പോഴേയ്ക്കും ആ പേരിൽ ചിലിയിലെങ്ങും കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു.1946 ഡിസംബർ 28-ന്‌ പാബ്ലോ നെരൂദയെന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

  1927-ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ റങ്കൂണിലെ സ്ഥാനപതിയായി. 1928-ൽ കൊളംബോയിലെ സ്ഥാനപതിയായി. 1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദപ്രതിനിധിയായി പങ്കെടുത്തു. 1940-ൽ ചിലിയിൽ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തിൽ സജീവമായി.1945ൽ ചിലിയൻ സെനറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം ജൂലായിൽ ചിലിയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി.

  നിറഞ്ഞ ഫുട്ബാൾ സ്റ്റേഡിയത്തിൽ തുളുമ്പിയ കവിത

  അറുപതുകളിൽ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ച നെരൂദയെത്തേടിയെത്തിയ ബഹുമതികൾക്ക്‌ കണക്കില്ല. ചിലിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഔദ്യോഗികസ്ഥാനാർത്ഥിയായിരുന്നു നെരൂദ. പിന്നീട്‌ ഉറ്റചങ്ങാതി സാൽവദോർ അല്ലെൻഡേ ആ സ്ഥാനത്ത്‌ നിയോഗിക്കപ്പെട്ടു. പാരീസിൽ അംബാസഡറായിരിക്കുമ്പോൾ 1971-ൽ നോബൽസമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.

  നോബൽ സമ്മാനവുമായി തിരിച്ചുവന്ന നെരൂദയെ പ്രസിഡന്റ് സാൽ‌വദോർ അലെൻഡെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചു. എഴുപത്തിനായിരത്തോളം ആളുകളുടെ മുന്നിൽ കവിത ചൊല്ലാനായിരുന്നു ആ വിളി.ലോകചരിത്രത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് കരുതപ്പെടുന്നു.

  ഇരമ്പിയെത്തിയ ടാങ്കുകളും വിളിച്ചു കൊണ്ടുപോയ ആംബുലൻസും

  അധികം താമസിയാതെ അമേരിക്കയുടെ പിന്തുണയോടെ സാൽവദോർ അലൻഡെയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അഗസ്റ്റോ പിനോഷെ ചിലിയുടെ ഭരണം പിടിച്ചടക്കി. അതിന് 12 ദിവസത്തിനു ശേഷമായിരുന്നു നെരൂദയുടെ മരണം. 1973 സെപ്റ്റംബർ 23ന്. കാൻസർ ചികിത്സ തുടരുന്നതിനിടെയായിരുന്നതിനാൽ പ്രോസ്റ്റേറ്റ് കാൻസറും പോഷകാഹാരക്കുറവും മൂലം നെരൂദ മരിച്ചു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പിനോച്ചെയുടെ പട്ടാളം ഇരച്ചെത്തിയപ്പോൾ അലൻഡെ ആത്മഹത്യ ചെയ്തു. തകർന്നുപോയ നെരൂദ മെക്സിക്കോയിൽ അഭയം തേടാൻ തീരുമാനിച്ചു. പക്ഷേ, അതിനു തലേന്ന് ആംബുലൻസെത്തി അദ്ദേഹത്തെ സാന്റ മരിയ ക്ലിനിക്കിൽ ആക്കുകയായിരുന്നു. അവിടെ വെച്ച് നെരൂദ ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

  മരണം കുത്തിവെച്ച ഡോക്ടർ

  എന്നാൽ പിനോഷെയെ പരസ്യമായി എതിർത്തിരുന്ന നെരൂദ കൊലചെയ്യപ്പെട്ടതു തന്നെയാണെന്ന് അന്നേ സംശയം ഉയർന്നു.പിനോഷെയ്ക്കെതിരായ ആദ്യ ജനകീയ പ്രതിഷേധമുയര്‍ന്നത് നെരുദയുടെ മരണത്തെ തുടര്‍ന്നായിരുന്നു. ക്ലിനിക്കില്‍വച്ച് നെരൂദയ്ക്ക് സംശയാസ്പദമായി ഇൻജക്ഷൻ നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ ഡ്രൈവറും അംഗരക്ഷകനുമായ മാനുവല്‍ അരയ ഒസോറിയോ 2011 ൽ വെളിപ്പെടുത്തി.രോഗം കലശലാകുന്നതിനു തൊട്ടു മുമ്പ് ഡോക്ടർ വന്ന് ഒരു കുത്തിവയ്പ് നൽകിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷം ആറര മണിക്കൂർ കഴിഞ്ഞാണ് നെരൂദ മരിച്ചത്.വെളിപ്പെടുത്തലിനെ തുടർന്ന്‌ ചിലി കമ്യൂണിസ്റ്റ് പാര്‍ടി മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട പ്രകാരം കോടതി വിദഗ്‌ധ സമിതിയെ നിയോഗിച്ചു. 2011ലാണ് ചിലി സര്‍ക്കാര്‍ നെരൂദയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.

  ക്ലോസ്ട്രിഡിയം ബോട്ടുലിനം

  1939 മുതല്‍ 1973 വരെ നെരൂദ താമസിച്ചിരുന്ന കടലോരഗ്രാമമായ ഐലാ നെഗ്രയിലെ വീട്ടിലെ ശവകുടീരത്തിലായിരുന്നു ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നത്. 2013 ഏപ്രിൽ മാസത്തിലാണ് ചിലിയിലെ ഫോറൻസിക് വിദഗ്ധരുടെ സംഘം നെരൂദയുടെ ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ചത്. കൊല്ലപ്പെട്ടതാണോ എന്നറിയുകയായിരുന്നു ലക്ഷ്യം. 2015ൽ നെരൂദയുടെ മരണം സ്വഭാവികമല്ലെന്ന്‌ ചിലി സർക്കാർ വെളിപ്പെടുത്തി.കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട ഒരു അന്വേഷക സംഘം 2017ൽ നെരൂദയുടെ അണപ്പല്ലിന്റെ ഭാഗത്തു നിന്ന് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇത് അന്വേഷകർ കോടതിയെ ധരിപ്പിച്ചു. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടർന്ന് അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന ശാസ്‌ത്രജ്ഞരും മരണകാരണം കാൻസർ അല്ലെന്ന്‌ വിലയിരുത്തി.

  2023 ഫെബ്രുവരി 15-ന് അന്വേഷകർ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ചില സാഹചര്യത്തെളിവുകൾ കൂടി സമർപ്പിച്ചിരുന്നു. ഇതേ ബാക്ടീരിയയെ പിനോഷെയുടെ കാലത്ത് നിരവധി കൊലപാതകങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.പിനോഷെ ഭരണകൂടം കൊല ചെയ്ത തടവുകാരിൽ നിന്ന് കണ്ടെത്തിയ ബാക്ടീരിയ സമാന സ്വഭാവത്തിലുള്ളതായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന നിൽക്കുന്ന അനുമാനം. എന്നാൽ അതിനുമപ്പുറം
  വ്യാഖ്യാനിച്ചു തീരാത്ത കവിത പോലെ ഇഴ പിരിച്ചറിയാൻ കഴിയാതെ നെരൂദയുടെ അന്ത്യ നിമിഷങ്ങളും.

  Published by:Arun krishna
  First published: