തൃശൂര്‍: പൂരം ഇലഞ്ഞിത്തറ മേളം പ്രമാണി സ്ഥാനത്ത് നിന്ന് പെരുവനം കുട്ടൻമാരാരെ നീക്കി. സ്ഥാനത്ത് കാൽനൂറ്റാണ്ട് പൂർത്തിയാകാൻ ഒരു വര്‍ഷം ബാക്കിനിൽക്കെയാണ് പാറമേക്കാവ് ദേവസ്വത്തിന്റെ നടപടി. കിഴക്കൂട്ട് അനിയൻ മാരാരായിരിക്കും ഈ വർഷത്തെ ഇലഞ്ഞിത്തറ പ്രമാണി. കഴിഞ്ഞ വെള്ളിയാഴ്ച പാറമേക്കാവ് വേലയ്ക്ക് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ മേള നിരയിലുണ്ടായ തർക്കമാണ് മാറ്റത്തിലേക്ക് നയിച്ചത്.
പ്രമാണിയായി 24 വര്‍ഷം
തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ ആയിരുന്നു. 1971ൽ പാറമേക്കാവ് മേളനിരയിലെത്തിയ കുട്ടൻ മാരാർ 51 വർഷവും പാറമേക്കാവിലാണ് കൊട്ടിയത്. 24 വർഷമായി പ്രമാണിയാണ്. മധ്യകേരളത്തില്‍ ഏകദേശം 25 ക്ഷേത്രങ്ങളുടെ ഉത്സവമേളം കഴിഞ്ഞ നാല് പതിറ്റാണ്ടായി വര്‍ഷങ്ങളായി കുട്ടന്‍ മാരാരുടെ സാന്നിധ്യമില്ലാതെ കടന്ന് പോയിട്ടില്ല.
2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് പെരുവനം കുട്ടന്‍ മാരാര്‍. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നിരവധി ഫെലോഷിപ്പുകളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇലഞ്ഞിത്തറമേളം
തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമായ ഇലഞ്ഞിത്തറമേളം പാറമേക്കാവ് വിഭാഗം ആണ് അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തില്‍ 300 ഓളം കലാകാരന്‍മാര്‍ അണിനിരന്നിരുന്നു.
മാറ്റത്തിലേക്ക് നയിച്ചത്
കഴിഞ്ഞവര്‍ഷം ഇലഞ്ഞിത്തറമേളത്തിന്റെ മുന്‍നിരയില്‍ നിരക്കേണ്ട കേളത്ത് അരവിന്ദാക്ഷമാരാര്‍ ഒഴിവായ സ്ഥാനത്ത് താത്കാലികമായി നില്‍ക്കാനുള്ള ഭാഗ്യം പെരുവനം കുട്ടന്‍ മാരാരുടെ മകന്‍ കാര്‍ത്തിക്കിന് വന്നുചേര്‍ന്നു. മേളപ്രാമാണികന്റെ തീരുമാനത്തോട് അന്നത്തെ ഭരണസമിതിയംഗങ്ങളിലെ പ്രമുഖകരും യോജിച്ചു. പിന്നീട്, പാറമേക്കാവ് ദേവസ്വത്തിലെ ഭരണസമിതിയില്‍ ചില മാറ്റങ്ങള്‍ വന്നു. കുട്ടൻമാരാരോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരും ഭരണസമിതിയിലേക്ക് വന്നു.
പാറമേക്കാവ് വേല
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാറമേക്കാവ് ക്ഷേത്രത്തിലെ വേല. മേളത്തിന് കൊട്ടുകാരുടെ സ്ഥാനം നിശ്ചയിക്കുന്നത് ദേവസ്വത്തിന്റെ അവകാശമായതിനാല്‍ പട്ടിക തയാറാക്കി പ്രാമാണികന്‍ കുട്ടന്‍ മാരാര്‍ക്ക് നല്‍കി. എന്നാല്‍, മേളം തുടങ്ങിയപ്പോള്‍ ഈ പട്ടികയില്‍നിന്ന് ഭിന്നമായി പെരുവനത്തിന്റെ മകന്‍ സ്ഥാനംപിടിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം ഭാരവാഹികള്‍ ഉടന്‍തന്നെ കുട്ടന്‍ മാരാരോട് തിരുത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഗൗനിക്കാതെ വന്നപ്പോള്‍ ഭാരവാഹികള്‍ ഇടപെട്ട് മാറ്റം വരുത്തി. ഇതോടെ മേളം നിര്‍ത്തി കുട്ടന്‍ മാരാര്‍ ചെണ്ട താഴെവെച്ചു. എന്നാല്‍, ഭഗവതിയുടെ മേളം തുടരുമെന്നും കൊട്ടണോയെന്ന് താങ്കള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു ദേവസ്വം ഭാരവാഹികളുടെ നിലപാട്.
ഇതോടെ അനുഷ്ഠാനത്തിന് തടസ്സം വരാതെ കുട്ടന്‍മാരാര്‍ മേളം വര്‍ധിച്ച ആവേശത്തോടെ നയിച്ചു. അപ്രിയം വെളിപ്പെടുത്തുന്ന വിധത്തില്‍ ദേവസ്വത്തില്‍നിന്ന് പ്രതിഫലം പറ്റാതെയാണ് അദ്ദേഹം മടങ്ങിയതെന്നാണ് വിവരം.
പിന്നെ എല്ലാം പെട്ടെന്ന്
വെള്ളിയാഴ്ചത്തെ സംഭവത്തോടെ കുട്ടന്‍മാരാര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഒരുവിഭാഗം ആക്കം കൂട്ടി. വ്യക്തികളേക്കാള്‍ പ്രാധാന്യം സ്ഥാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമാണെന്ന വാദം ഉയര്‍ത്തി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കുട്ടന്‍ മാരാര്‍ക്ക് പകരം ആര് എന്ന ആലോചനയിലേക്ക് ചിലർ കടന്നു. തിരുവമ്പാടിയിലെ പ്രാമാണ്യം വഹിക്കുന്ന കിഴക്കൂട്ടിന്റെ മനസ്സറിഞ്ഞതോടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. സമ്മതം മൂളിയ അനിയന്‍ മാരാര്‍ തിരുവമ്പാടിയിലെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത രേഖാമൂലം ദേവസ്വത്തെ അറിയിച്ചു. ഒരു മാറ്റമാകാമെന്ന ആലോചനയില്‍ നിന്നിരുന്ന തിരുവമ്പാടിക്കാരും സമ്മതം മൂളി. വൈകുന്നേരം പാറമേക്കാവിന്റെ യോഗത്തിൽ തീരുമാനം വന്നു.
‘തീരുമാനം അംഗീകരിക്കുന്നു’: പെരുവനം
പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണമെന്നും പെരുവനം പ്രതികരിച്ചു. മകനെ കൊട്ടിച്ചത് ദേവസ്വമാണ്. മകനെ കൊട്ടിച്ചതിനാണ് മാറ്റമെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ വർഷം മകനെ മേളമുൻ നിരയിൽ എത്തിച്ചത് ദേവസ്വമാണെന്നും പെരുവനം കുട്ടൻ മാരാർ പറഞ്ഞു.
കിഴക്കൂട്ട് അനിയൻ മാരാർ
1961 മുതല്‍ പൂരത്തില്‍ സജീവം. പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി കിഴക്കൂട്ട് അനിയന്‍ മാരാര്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. 2005 ല്‍ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിന് പ്രാമാണ്യം വഹിച്ചു. 2012 ല്‍ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും അനിയന്‍ മാരാര്‍ മേള പ്രമാണിയായി.
തിരുവമ്പാടിയുടെ മേളപ്രമാണി സ്ഥാനത്തു നിന്നാണു കിഴക്കൂട്ട് അനിയൻ മാരാർ പാറമേക്കാവിലെത്തുന്നത്. കേരളത്തിലെ മേള പ്രമാണിമാരിൽ ഏറ്റവും മുതിർന്നയാളായ അദ്ദേഹം ‘സംഗീതാത്മക പാണ്ടി മേളത്തിന്റെ പ്രമാണി’ എന്നാണ് അറിയപ്പെടുന്നത്.
38 വർഷം പാറമേക്കാവിനു കൊട്ടിയ ശേഷം 98ലാണ് പടിയിറങ്ങിയത്. സീനിയറായ അദ്ദേഹത്തെ തഴഞ്ഞു പ്രമാണിയെ നിശ്ചയിച്ചതോടെയായിരുന്നു ഇത്. തുടർന്നു 12 വർഷം പൂരത്തിനു കൊട്ടാതിരുന്ന അദ്ദേഹം 2011ൽ തിരുവമ്പാടി പ്രമാണിയായി തിരിച്ചെത്തി. 77 വയസ്സുള്ള കിഴക്കൂട്ട് കേരളത്തിലെ മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും പ്രമാണിയായിരുന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.