ഇന്റർഫേസ് /വാർത്ത /Explained / Explained | രാഷ്ട്രീയം ഉപേക്ഷിച്ച് ശശികല; ജയലളിതയുടെ അടുത്ത അനുയായി, മുഖ്യമന്ത്രിയാകാൻ കൊതിച്ച 'ചിന്നമ്മ'യെക്കുറിച്ചറിയാം

Explained | രാഷ്ട്രീയം ഉപേക്ഷിച്ച് ശശികല; ജയലളിതയുടെ അടുത്ത അനുയായി, മുഖ്യമന്ത്രിയാകാൻ കൊതിച്ച 'ചിന്നമ്മ'യെക്കുറിച്ചറിയാം

jayalalitha,  sasikala

jayalalitha, sasikala

മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട ശശികല ബന്ധുക്കൾക്കൊപ്പം ചേർന്ന് ജയലളിതയ്ക്ക് മയക്കുമരുന്നുകൾ നൽകി വന്നിരുന്നുവെന്നും ആരോപണമുണ്ട്.

  • Share this:

ചെന്നൈ: മുതിർന്ന രാഷ്ട്രീയ നേതാവും എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ.ശശികല രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ശശികല ശിക്ഷാകാലാവധി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തമിഴ്നാട്ടിൽ മടങ്ങിയെത്തിയത്.

ഇതിന് പിന്നാലെ തന്നെ പഴയ പ്രഭാവത്തിലേക്ക് ഇവർ തിരികെയെത്തുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമെന്നും അഭ്യൂഹങ്ങൾ ശക്തമായി. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ശശികല തീർച്ചയായും മത്സരിക്കുമെന്ന് മരുമകൻ ടി ടി വി ദിനകരനും അറിയിച്ചിരുന്നു.

ജയിലിൽ നിന്നും വന്നതിന് പിന്നാലെ എഐഎഡിഎംകെ നേതാവും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ജയലളിതയുടെ യഥാർഥ വിശ്വസ്തർ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ശശികല ആഹ്വാനം ചെയ്തതും അഭ്യൂഹങ്ങൾക്ക് ബലം പകർന്നു. എന്നാൽ ഇതിനിടെയാണ് രാഷ്ട്രീയം വിടുന്നതായി ഇവരുടെ പ്രഖ്യാപനം.

ആരാണ് ശശികല?

ജയലളിതയുമായുള്ള അടുപ്പമാണ് ശശികലയെ രാഷ്ട്രീയരംഗത്തേക്കെത്തിച്ചത്. 1980 കളിൽ എഐഎഡിഎംകെയുടെ ഒരു പ്രചാരണ ചിത്രത്തിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് ഇവർ ആദ്യമായി ജയലളിതയെ പരിചയപ്പെടുന്നത്. പാർട്ടി സ്ഥാപക നേതാവും സൂപ്പർ താരവുമായിരുന്ന എംജിആറിന്‍റെ അടുത്ത അനുയായി ആയിരുന്ന ജയലളിതയ്ക്ക് ആയിരുന്നു പാർട്ടിയുടെ പ്രചാരണ ചുമതല.

ചലച്ചിത്ര പ്രേമിയായ ശശികല വൈകാതെ തന്നെ മുൻ നടിയുമായി ജയലളിതയുമായി അടുത്തു. എംജിആറിന്‍റെ മരണശേഷം ജയലളിത AIADMK ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. എളുപ്പമായിരുന്നില്ല ഈ അധികാരം ഏറ്റെടുക്കൽ. പാർട്ടിയിലെ ഒരു വിഭാഗം അടുത്ത മുഖ്യമന്ത്രിയായ കണ്ട എംജിആറിന്‍റെ ഭാര്യ ജാനകിയുമായുള്ള കടുത്ത പോരാട്ടം തന്നെ നടത്തിയാണ് ജയലളിത പാർട്ടി തലപ്പത്തെത്തുന്നത്.

തുടർന്ന് മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി. ജയലളിതയുടെ ഭരണകാലത്ത് രാഷ്ട്രീയശക്തി ആയി മാത്രമല്ല അവരുടെ ജീവിതത്തിലും തീരുമാനങ്ങളിലും വരെ സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയായി ശശികല വളർന്നു. ഇതിനൊപ്പം തന്‍റെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ഒരു രാഷ്ട്രീയ ശ്യംഖലയും ഇവർ വളർത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള 'മന്നാർഗഡി സംഘം'എന്നായിരുന്നു ശശികലയുടെ സംഘം അറിയിപ്പെട്ടത്.

എഐഎഡിഎംകെയില്‍ നിന്നും പുറത്തേക്ക്:

ഇതിനിടയിലാണ് ശശികലയ്ക്കും കുടുംബത്തിനുമെതിരെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ആരോപണം ഉയരുന്നത്. പാർട്ടിക്കായി ജയലളിത സ്വരൂപിച്ച വൻതുക ശശികല അനധികൃതമായി തട്ടിയെടുത്തു എന്നാണ് ആരോപണം. ഇക്കാര്യം ജയലളിതയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട ശശികല ബന്ധുക്കൾക്കൊപ്പം ചേർന്ന് ജയലളിതയ്ക്ക് മയക്കുമരുന്നുകൾ നൽകി വന്നിരുന്നുവെന്നും ആരോപണമുണ്ട്.

യാഥാർഥ്യങ്ങൾ മനസിലാക്കിയ ജയലളിത 2011 ൽ ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കി. എന്നാൽ കുടുംബവും ബന്ധുക്കളും മുൻ അനുയായികളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു എന്നവകാശപ്പെട്ടു കൊണ്ട് 2012 ല്‍ ഇവർ പാർട്ടിയിൽ മടങ്ങിയെത്തുകയും ചെയ്തു.

AIADMK ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്:

2016 ൽ ജയലളിതയുടെ മരണശേഷമാണ് തമിഴ്നാട്ടുകാരുടെ 'അമ്മ'യായ ജയലളിതയുടെ സ്ഥാനത്തേക്ക് 'ചിന്നമ്മ'യായി ശശികലയുടെ രംഗപ്രവേശം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ട്ഠേനെ അവർ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരിയൽ AIADMK ലെജിസ്ലേച്ചർ പാർട്ടി നേതാവായും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്‍റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായി.

കുറ്റക്കാരെന്ന് തെളിഞ്ഞതോടെ ശശികല ഉൾപ്പെടെയുള്ളവര്‍ക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ബംഗളൂരിവിലെ ജയിലിലേക്കാണിവരെ അയച്ചത്. ഇതിന് പിന്നാലെ ഒരിക്കൽ കൂടി ശശികല പാർട്ടിക്ക് പുറത്തായി.

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപനം:

നാല് വര്‍ഷത്തെ തടവുശിക്ഷ പൂർത്തിയാക്കി ഈ ഫെബ്രുവരിയിലാണ് ശശികല മടങ്ങിയെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിന്നമ്മയുടെ ഈ മടങ്ങിവരവ് ഏറെ ആകാംഷയോടൊണ് ഏവരും ഉറ്റുനോക്കിയത്. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെങ്കിലും കരുത്തുറ്റ ഒരു രാഷ്ട്രീയ എതിരാളി തന്നെയായാണ് ഇവർ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തി കൂടിയായിരുന്നു ശശികല.

അനന്തരവൻ ടിടിവി ദിനകരന്‍റെ AMMK പാർട്ടി സംബന്ധിച്ച് ശശികല നിലപാട് വ്യക്തമാക്കാതിരുന്ന സാഹചര്യത്തിൽ ഇവര്‍ ബിജെപിയിൽ പ്രവേശിക്കുമെന്നും അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ എല്ലാ കണക്കു കൂട്ടലുകളും അസ്ഥാനത്താക്കി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് താൻ രാഷ്ട്രീയം വിടുന്നുവെന്ന് ശശികല പ്രഖ്യാപിക്കുകയായിരുന്നു.

'പൊതുശത്രുവായ ഡി‌എം‌കെയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞാൻ ഒരിക്കലും അധികാരത്തിനോ സ്ഥാനമാനത്തിനോ പോയിട്ടില്ല. ‘അമ്മ’യുടെ എല്ലാ അനുയായികൾക്കും പിന്തുണയ്ക്കുന്നവർക്കും നന്ദി പറയുന്നു' എന്നാണ് രാഷ്ട്രീയം വിടുന്നുവെന്ന കാര്യം അറിയിച്ചു കൊണ്ട് ശശികല പറഞ്ഞത്. എഐ‌എ‌ഡി‌എം‌കെയോട് ഐക്യത്തോടെ തുടരാനും ഡി‌എം‌കെയെതിരെ പോരാടാനും അവർ ആവശ്യപ്പെട്ടിരുന്നു.

First published:

Tags: AIADMK, J Jayalalitha