ഫെബ്രുവരി രണ്ടാം തീയതിയാണ് പാകിസ്താനിലെ കറാച്ചി നഗരത്തിലുള്ള അഹമ്മദീയ സമുദായത്തിന്റെ പള്ളി അജ്ഞാതർ നശിപ്പിച്ചത്. മസ്ജിദിന് മുകളിൽ കയറി ഒരുകൂട്ടം ആളുകൾ ചുറ്റിക കൊണ്ട് പള്ളിയുടെ മിനാരം തകർക്കുന്ന വീഡിയോയും ഒരു അഹമ്മദീയൻ പുറത്ത് വിട്ടിരുന്നു. ഈ മാസം ആദ്യം കറാച്ചിയിലെ ജംഷെഡ് റോഡിലെ അഹമ്മദി ജമാഅത്ത് ഖാത്തയുടെ മിനാരങ്ങളും അക്രമികൾ തകർത്തിരുന്നു. ആ ആക്രമണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്ന് വാർത്ത ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്തു. അഹമ്മദീയ സമുദായത്തിൽ പെട്ട മുസ്ലീങ്ങൾ പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗമാണ്.
ആരാണ് അഹമ്മദീയർ? എന്തുകൊണ്ടാണ് പാകിസ്ഥാനിൽ അവർ നിരന്തരം ആക്രമിക്കപ്പെടുന്നത് ?
ആരാണ് അഹമ്മദീയർ എന്നകാര്യം ആദ്യം പരിശോധിക്കാം. ഇന്ത്യയിലെ പഞ്ചാബിൽ അമൃത്സറിനടുത്തുള്ള ഖാദിയാനിൽ 1889-ൽ മിർസ ഗുലാം അഹമ്മദാണ് അഹമ്മദി പ്രസ്ഥാനം സ്ഥാപിച്ചത്. ജർമൻ മാധ്യമമായ ഡച്ച് വെല്ലെ (DW) പറയുന്നതു പ്രകാരം, ഗുലാം അഹ്മദ് സ്വയം ഒരു പ്രവാചകനും പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായിയും ആയാണ് സ്വയം കരുതിയിരുന്നത്. “മതയുദ്ധങ്ങൾ അവസാനിപ്പിക്കാനും രക്തച്ചൊരിച്ചിലിനെ അപലപിക്കാനും ധാർമ്മികത, നീതി, സമാധാനം എന്നിവ പുനഃസ്ഥാപിക്കാനും” തങ്ങളുടെ സ്ഥാപകനെ ദൈവം അയച്ചതാണെന്ന് അഹമ്മദീയർ വിശ്വസിക്കുന്നതായി അഹമ്മദിയ മുസ്ലീം കമ്മ്യൂണിറ്റിയുടെ ഒരു വെബ്‌സൈറ്റിൽ പറയുന്നു. മുഹമ്മദ് നബിയുടെ നിയമങ്ങൾ പ്രചരിപ്പിക്കാനാണ് ഗുലാം അഹമ്മദിനെ അയച്ചതെന്നാണ് അഹമ്മദീയർ പറയുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, പല മുസ്ലീം സമുദായങ്ങളും ഈ അവകാശവാദത്തെ തള്ളിക്കളയുന്നു. ഉന്നത മുസ്ലീം പുരോഹിതന്മാർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ അഹമ്മദിയകൾ “ദൈവ നിഷേധികൾ” ആണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിൽ അഹമ്മദിയകൾ നേരിടുന്ന പീഡനം
പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ അഹമ്മദീയർക്കെതിരെ വ്യവസ്ഥാപിതമായി തന്നെ പീഡനം നടക്കുന്നുണ്ട്. സമുദായത്തിലെ അംഗങ്ങൾ, ആരാധനാലയങ്ങൾ, അവരുടെ ശവകുടീരങ്ങൾ എന്നിവയെല്ലാം നിരന്തരം ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. 1974 മെയ് മാസത്തിൽ, ജമാഅത്തെ ഇസ്ലാമിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നടത്തിയ കലാപത്തിൽ, കുറഞ്ഞത് 27 അഹമ്മദികൾ കൊല്ലപ്പെടുകയും അഹമ്മദീയരുടെ പള്ളികൾക്കും വീടുകളും കടകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. അക്രമത്തെത്തുടർന്ന്, അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ അഹ്മദീയരെ “മുസ്‌ലിം ഇതര ന്യൂനപക്ഷം” ആയി പ്രഖ്യാപിച്ചു. ഇത് അഹമ്മദീയ സമുദായാംഗങ്ങളെ പള്ളികളിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതിന് കാരണമായി. പിന്നീട് അട്ടിമറിയിലൂടെ പാകിസ്ഥാനിൽ അധികാരത്തിലെത്തിയ സൈനിക സ്വേച്ഛാധിപതി സിയാ-ഉൾ-ഹഖിന്റെ സർക്കാർ അഹമ്മദീയർക്കെതിരെ കൂടുതൽ വിവേചനപരമായ നയങ്ങളാണ് നടപ്പാക്കിയത്. ന്യൂനപക്ഷ സമുദായത്തെ “മുസ്ലീങ്ങൾ” എന്ന് വിളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും,അവരുടെ മതം പ്രകടിപ്പിക്കുന്നതും ആചരിക്കുന്നതും നിരോധിക്കുകയും ലംഘിക്കുന്നവർക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു ഓർഡിനൻസ് അദ്ദേഹം കൊണ്ടുവന്നു.
Also Read-പാകിസ്ഥാനിൽ പള്ളിയിലുണ്ടായ ചാവേറാക്രമണം; മരണസംഖ്യ 70 ആയി; ഇനിയും ഉയർന്നേക്കാമെന്ന് സർക്കാർ
“ഖാദിയാനി ഗ്രൂപ്പിലെയോ ലാഹോറി ഗ്രൂപ്പിലെയോ (തങ്ങളെ ‘അഹമ്മദികൾ’ എന്ന് സ്വയം വിളിക്കുന്നവർ ആരായാലും) ആളുകൾ നേരിട്ടോ അല്ലാതെയോ ഒരു മുസ്‌ലിം എന്ന നിലയിൽ പെരുമാറുകയോ അല്ലെങ്കിൽ തന്റെ വിശ്വാസത്തെ ഇസ്‌ലാം എന്ന് വിളിക്കുകയോ തന്റെ വിശ്വാസം പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെെഹ്കിലോ, തന്റെ വിശ്വാസം സ്വീകരിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുകയോ വാക്കിലൂടെയോ എഴുത്തിലൂടെയോ അല്ലെങ്കിൽ ദൃശ്യമായ പ്രതിനിധാനങ്ങളിലൂടെയോ ഉൾപ്പെടെ ഏതെങ്കിലും വിധത്തിൽ മുസ്ലീങ്ങളുടെ മതവികാരങ്ങളെ വൃണപ്പെടുത്തിയാലോ അവർക്ക് മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ നാടും കൂടിയോ അനുഭവികക്കേണ്ടി വരും ” എന്നാണ് പാകിസ്ഥാൻ പീനൽ കോഡിന്റെ (പിപിസി) സെക്ഷൻ 298 -സിയിൽ പറയുന്നത് എന്ന് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പുകളിലും വിവേചനം
2002-ൽ, അഹമ്മദിയകളെ അമുസ്‌ലിംകളായി തരംതിരിച്ച് വോട്ടർമാരുടെ പ്രത്യേക പട്ടിക രൂപീകരിച്ചു. ഈ സപ്ലിമെന്ററി ഇലക്ടറൽ ലിസ്റ്റ് ഇപ്പോഴും നിലവിലുണ്ട്. പാകിസ്ഥാന് ആദ്യമായി നോബൽ പുരസ്ക്കാരം നേടി കൊടുത്ത ആളാണ് ശാസ്ത്രജ്ഞനായ അബ്ദു സ്സലാം.1979 ൽ ഭൗതികശാസ്ത്രത്തിനായിരുന്നു അദ്ദേഹത്തിന് നൊബേൽ പുരസ്ക്കാരം കിട്ടിയത്. അബ്ദുസ്സലാം അഹമ്മദീയ സമുദായത്തിൽ പെട്ട ആളായതിനാൽ അദ്ദേഹത്തിന്റെ ആ നേട്ടം പാകിസ്ഥാനിൽ അവഗണിക്കപ്പെട്ടു.
സമീപകാലത്ത് അഹമ്മദിയകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ
ഈ വർഷം ജനുവരി ആദ്യം പാക്കിസ്ഥാന്റെ ഭാഗമായുള്ള പഞ്ചാബിലെ വസീറാബാദിലെ ചരിത്രപ്രസിദ്ധമായ അഹമ്മദി സമൂഹത്തിന്റെ പള്ളി ജില്ലാ ഭരണകൂടം തന്നെ തകർത്തിരുന്നു. ആക്രമണത്തെ അപലപിച്ച പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (HRCP) രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. 2017 മുതൽ കുറഞ്ഞത് 13 അഹമ്മദിയകൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് വാർത്ത ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബ് പ്രവിശ്യയിലെ ഒരു അഹമ്മദി ഖബർസ്ഥാനിലെ നാല് ശവകുടീരങ്ങൾ തകർക്കുകയും അവയിൽ അഹമ്മദി വിരുദ്ധ വിശേഷണങ്ങൾ എഴുതുകയും ചെയ്തതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അക്രമാസക്തമായ ആക്രമണങ്ങൾക്ക് പുറമേ പാക്കിസ്ഥാനിലെ 5,00,000-ത്തോളം വരുന്ന അഹമ്മദിയ സമുദായവും രാജ്യത്ത് നിലനിൽക്കുന്ന കർശനമായ മതനിന്ദ നിയമങ്ങൾക്ക് കീഴിൽപെടുന്നു.
2021 ലെ അൽ ജസീറയുടെ റിപ്പോർട്ട് അനുസരിച്ച് 2020 ൽ മാത്രം അഹമ്മദി സമൂഹത്തിലെ അംഗങ്ങൾക്കെതിരെ കുറഞ്ഞത് 30 മതനിന്ദ കേസുകളും മതവുമായി ബന്ധപ്പെട്ട 71 മറ്റ് കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. തീവ്ര വലതുപക്ഷ സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) എന്ന മതഗ്രൂപ്പിന്റെയും കിഴക്കൻ നഗരമായ ലാഹോറിലെ മതപണ്ഡിതനായ ഹസ്സൻ മുആവിയയുടെയും ആവിർഭാവമാണ് സമീപകാലത്ത് അക്രമങ്ങളും കേസുകളും വർദ്ധിക്കാൻ കാരണമെന്ന് മനുഷ്യാവകാശ സംഘടനകളും സമുദായ അംഗങ്ങളും കുറ്റപ്പെടുത്തുന്നു. .
“കേസുകളിളും ആക്രമണങ്ങളും വലിയതോതിൽ ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്” എന്ന് അഹമ്മദീയ സമൂഹത്തിന്റെ വക്താവ് അമീർ മഹ്മൂദ് 2021 ൽ അൽ ജസീറയോട് പറഞ്ഞിരുന്നു. “കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളായി ഈ പീഡനം വർദ്ധിച്ചു, ഇപ്പോഴും അത് അത് തുടരുകയാണ്.”പാകിസ്ഥാൻ ന്യൂനപക്ഷങ്ങളുടെ പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന സ്വതന്ത്ര മനുഷ്യാവകാശ ഗവേഷകയായ റാബിയ മഹമൂദ് അൽ ജസീറയോട് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ വഴി അഹ്മദികൾക്കെതിരായ നിരന്തരം ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.