Bystander Effect | കൺമുന്നിൽ കൊലപാതകവും അതിക്രമവും നടന്നാലും ആളുകൾ നിസംഗരാകുന്നതെന്തുകൊണ്ട്?
- Published by:Amal Surendran
- news18-malayalam
Last Updated:
ഒരാളും ഒന്നും ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയാൽ ആളുകൾക്ക് തോന്നുക അപ്പോൾ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്നാണ്.
ഈയടുത്താണ് ഡൽഹിയിൽ ഒരു യുവാവ് തിരക്കുള്ള മാർക്കറ്റിൽ വെച്ച് കൊല്ലപ്പെടുന്നത്. ആളുകൾ നോക്കിനിൽക്കെയാണ് യുവാവിനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. കണ്ടിട്ടും ആരും അതിൽ ഇടപെടാനോ യുവാവിനെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. നഗരത്തിൽ നിന്ന് വളരെ ദൂരെയുള്ള ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള സുന്ദർനഗരി എന്ന ഒരു ഗ്രാമത്തിൽ സമാനമായ മറ്റൊരു സംഭവത്തിൽ ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. നഗ്നയായി ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന അവസ്ഥയിൽ യുവതി രണ്ട് കിലോമീറ്ററോളം ദൂരം സഹായമഭ്യർഥിച്ച് നടന്നു. ഇതിൻെറ വീഡിയോ പലരും എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അവിടെയും ആരും സഹായത്തിനെത്തിയില്ല.
ഒരു മാസത്തിനിടയിലാണ് രണ്ട് സംഭവങ്ങളും നടന്നത്. മുൻവൈരാഗ്യത്തിൻെറ പേരിൽ മനീഷ് എന്ന യുവാവ് ഡൽഹിയിൽ കൊല്ലപ്പെടുന്നത് ഒക്ടോബർ ഒന്നിനാണ്. സെപ്തംബർ ഒന്നിനാണ് യുപിയിൽ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്. തീർത്തും വ്യത്യസ്തമായ രണ്ട് സാമൂഹിക സാഹചര്യങ്ങളിലാണ് ഈ സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. രണ്ടും അതിക്രൂരമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഒരു കൂട്ടം ആളുകൾ ഇത് കണ്ട് ഒന്നും ചെയ്യാതെ വെറുതെ നിൽക്കുകയായിരുന്നു എന്നതാണ്. എന്തുകൊണ്ടാണ് യുവതിയെ രക്ഷിക്കാനോ യുവാവിനെ സഹായിക്കാനോ മുന്നോട്ട് വരാതിരുന്നത്?
advertisement
കൺമുന്നിൽ ദാരുണസംഭവം ഉണ്ടായിട്ടും ഒന്നും സംഭവിക്കാതെ ആളുകൾ നിൽക്കുന്ന ഈ അവസ്ഥയെ ബൈ സ്റ്റാൻഡർ ഇഫക്ട് എന്നാണ് വിളിക്കുകയെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മനോജ് കുമാർ ശർമ പറഞ്ഞു. മുന്നിൽ കാണുന്ന സംഭവം കൃത്യമായി മനസ്സിലാക്കാതെ സാഹചര്യത്തിന് അനുസരിച്ച് ഇടപാടെതെ നിൽക്കുന്ന അവസ്ഥയാണിത്.
മറ്റുള്ള ആളുകൾ കൂടി ഉള്ള സാഹചര്യത്തിൽ ഇരയെ സഹായിക്കാൻ ആളുകൾ ശ്രമിക്കാതിരിക്കുന്നതിനെയും കൂടിയാണ് ബൈസ്റ്റാൻഡർ ഇഫക്ട് അല്ലെങ്കിൽ ബൈസറ്റാൻഡർ അപ്പതി എന്ന് വിളിക്കുന്നത്. മറ്റുള്ളവർ ചുറ്റുപാടും ഉള്ളപ്പോൾ ആളുകൾ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറായെന്ന് വരില്ല. അവിടെയുള്ള എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടെന്ന് എല്ലാവരും കരുതും. അങ്ങനെ ആരും സഹായിക്കാത്ത സാഹചര്യവും ഉണ്ടാവുമെന്ന് ശർമ പിടിഐയോട് പറഞ്ഞു.
advertisement
കൂട്ടായി തീരുമാനം എടുക്കണമെന്നാണ് ഇത്തരം ഘട്ടത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവർ എല്ലാവരും കരുതുക. ഒരാളും ഒന്നും ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയാൽ ആളുകൾക്ക് തോന്നുക അപ്പോൾ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്നാണ്. മൊറാദാബാദിലെ യുവതിയുടെ വീഡിയോ എടുത്തവരും മനീഷ് കൊല്ലപ്പെട്ടത് കണ്ട് നിന്നവരും സമാനമായ സാഹചര്യങ്ങളെ വീണ്ടും വീണ്ടും കാണുകയാണ് ചെയ്യുന്നത്.
അത്യധികം ക്രൂരമായ ദൃശ്യങ്ങളായിട്ടും ആളുകൾ ഇത് ഷെയർ ചെയ്യുകയും നിരവധി പേർ ആവർത്തിച്ച് കാണുകയും ചെയ്യുന്നു. പിശാചാണെന്ന് പറഞ്ഞ് ഡൽഹിയുടെ പരിസര പ്രദേശത്തെ ഗ്രാമത്തിൽ സ്ത്രീകളെ കിലോമീറ്ററുകളോളം നടത്തിച്ച സംഭവം ഉണ്ടായിരുന്നു. ഈ വർഷം ആദ്യമുണ്ടായ ആ സംഭവത്തിൻെറ വീഡിയോയും ആളുകൾ ആവർത്തിച്ച് കാണുകയാണ് ചെയ്തത്. മറ്റുള്ളവർ കടന്ന് പോവുന്ന അത്യധികം ദാരുണമായ അവസ്ഥയെയാണ് ഇങ്ങനെ കണ്ട് ആസ്വദിക്കുന്നത്.
advertisement
സാങ്കേതികവിദ്യയുടെ സഹായവും സ്മാർട്ട് ഫോൺ പോലുള്ള ഉപകരണങ്ങളും മുന്നിൽ കാണുന്നതെല്ലാം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനുള്ള താൽപര്യം മനുഷ്യരിൽ ഉണ്ടാക്കിയെടുത്തുവെന്ന് ഫോറൻസിക് സൈക്കോളജിസ്റ്റ് ദീപ്തി പുരാണിക് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ ലൈക്കുകളും കമൻറുകളും ഷെയറുകളും ലഭിച്ച് വൈറലായി സ്വയം പ്രശസ്തരാവണമെന്നാണ് ഈ വീഡിയോ എടുക്കുന്നവരുടെ താൽപര്യം. ലൈക്കുകൾ നേടാനുള്ള മത്സരത്തിൽ തങ്ങൾ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലും മനസ്സിലാക്കാൻ ആളുകൾക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്നും ദീപ്തി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടാൽ അത് ഇരയെത്തന്നെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇരകളോട് പ്രതികാരം വീട്ടനുള്ള അവസരമായും സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. തങ്ങൾ ചെയ്യുന്ന പ്രവർത്തിക്ക് യാതൊരു ഉത്തരവാദിത്വവും കാണാത്ത ആളുകളാണ് ഇങ്ങനെ ചെയ്യുന്നതെന്നും ദീപ്തി ചൂണ്ടിക്കാട്ടി. രണ്ട് കേസിലും ആളുകൾ കാഴ്ചക്കാരായിരുന്നു. യുവതിയുടെ വീഡിയോ മാത്രമാണ് ആളുകൾ വീഡിയോ എടുത്ത് ഷെയർ ചെയ്തത്, അവർ വ്യക്തമാക്കി.
advertisement
“കൊലപാതവും ബലാത്സംഗവും രണ്ട് തരത്തിലുള്ള കുറ്റകൃത്യമാണ്. കൊലപാതകം നടന്നുവെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കാനാണ് ആളുകൾ കൂടുതലും ശ്രമിക്കുക. എന്നാൽ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാവുകയോ നഗ്നയായി നടത്തപ്പെടുകയോ ചെയ്യുമ്പോൾ അത് അവർ അർഹിക്കുന്നതാണെന്നാണ് സമൂഹത്തിലെ ഒരു വിഭാഗത്തിൻെറ ധാരണ. അതിനാൽ അവർ ഇടപെടാതെ മാറിനിന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കും,” ദീപ്തി പറഞ്ഞു.
ചില ആളുകൾക്ക് ഇത്തരം സംഭവങ്ങളുടെ സെൻസേഷണൽ ഘടകത്തോടാണ് താൽപര്യം. അവർ വീഡിയോ എടുത്ത് വെക്കുകയും, എന്നാൽ സംഭവത്തിൽ നേരിട്ട് ഇടപെടുന്നതിൽ നിന്ന് വിമുഖത കാണിക്കുകയും ചെയ്യുമെന്ന് നിംഹാംൻസിലെ ഡോക്ടർ ശർമ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ബലാംത്സംഗ ഇരയുടെ വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്ന സംഭവം ധാരാളം ഉണ്ടായിട്ടുണ്ടെന്ന് സാമൂഹ്യപ്രവർത്തകയായ യോഗിത ഭയാന പറഞ്ഞു.
advertisement
ഈ വർഷം ഏപ്രിലിൽ കർണാടകയിലെ ദക്ഷിണ കന്നഡയിലെ ഒരു ഗ്രാമത്തിൽ ഒരു സ്ത്രീയെ നഗ്നയാക്കി ഒരു കൂട്ടം ആളുകൾ ചേർന്ന് അതിക്രൂരമായ പീഡനത്തിന് ഇരയാക്കി. സംഭവത്തിൻെറ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. 2021 ജൂലൈയിൽ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 23കാരിയായ യുവതിയെ ഭർത്താവും നാട്ടുകാരും ചേർന്ന് നഗ്നയാക്കി നടത്തിച്ചിരുന്നു. ഗുജറാത്തിലായിരുന്നു സംഭവം. കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ച് സ്ത്രീയെ ആക്രമിക്കുന്നതും മറ്റും വീഡിയോയിലുണ്ട്. ആളുകളാരും തന്നെ അവരെ സഹായിക്കുന്നതിന് ശ്രമിച്ചില്ല. പകരം വീഡിയോ എടുത്ത് ഷെയർ ചെയ്യാനാണ് ശ്രമിച്ചത്.
advertisement
ആളുകളുടെ, പൊതുവെ പുരുഷന്മാരുടെ പെരുമാറ്റം മനഃശാസ്ത്രപരമാണെന്ന് സോഷ്യോളജിസ്റ്റും എഴുത്തുകാരിയുമായ രുക്മിണി സെൻ പറഞ്ഞു. അധികാരം, സ്ഥാനം, ലിംഗഭേദം, പുരുഷാധിപത്യം തുടങ്ങിയ വിഷയങ്ങളെ വേണ്ടവിധത്തിൽ അഭിമുഖീകരിക്കാൻ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കോ മാധ്യമങ്ങൾക്കോ ജനകീയമായതോ സംസ്കാരികമായതോ ആയ ഇടപെടലുകൾക്കോ സാധിച്ചിട്ടില്ല. സർക്കാർ നടത്തുന്ന പ്രചാരണങ്ങൾക്കും കാര്യമായി മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സമൂഹത്തിന് ഘടനാപരമായ പരാജയമുണ്ടായെന്ന് അംബേദ്കർ സർവകലാശാലയിലെ പ്രൊഫസർ കൂടിയായ രുക്മിണി പിടിഐയോട് പറഞ്ഞു.
കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ബോധവൽക്കരണം നടത്താൻ സർക്കാരിൻെറ ഇടപെടലുണ്ടാവണമെന്ന് അവർ നിർദ്ദേശിക്കുന്നു. സമൂഹത്തിൻെറ ബോധനിലവാരത്തിൽ വലിയ മാറ്റം ഉണ്ടായാൽ മാത്രമേ ഇത്തരം വിഷയങ്ങൾക്ക് അവസാനം ഉണ്ടാകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2022 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Bystander Effect | കൺമുന്നിൽ കൊലപാതകവും അതിക്രമവും നടന്നാലും ആളുകൾ നിസംഗരാകുന്നതെന്തുകൊണ്ട്?