ഇന്ത്യയില്‍ നിന്ന് 36,500 കോടി രൂപയുടെ നേട്ടമുണ്ടാക്കിയ ജെയിന്‍ സ്ട്രീറ്റിന് സെബി എന്തിനാണ് വിലക്ക് പ്രഖ്യാപിച്ചത്
- Published by:Sarika N
- news18-malayalam
Last Updated:
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ട്രേഡിങ് സംരംഭമാണ് ജെയിന്‍ സ്ട്രീറ്റ്
ആഗോള ട്രേഡിങ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പിന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിലക്ക് പ്രഖ്യാപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2023 മുതല്‍ 2025 വരെ കമ്പനി ഡെറിവേറ്റീവ് ട്രേഡിങ്ങിലൂടെ ഓഹരി വിപണിയില്‍ തിരിമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രധാനമായും ബാങ്ക് നിഫ്റ്റി ഓപ്ഷന്‍ ട്രേഡിങ്ങിലൂടെയാണ് കമ്പനി കൃത്രിമം കാണിച്ചതെന്നും സെബി കണ്ടെത്തി. ഇതുവഴി 2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 36,500 കോടി രൂപയിലധികം ലാഭമാണ് കമ്പനി നേടിയത്. ജെയിന്‍ സ്ട്രീറ്റിനും നാല് അനുബന്ധ കമ്പനികള്‍ക്കുമാണ് സെബി വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്താണ് ജെയിന്‍ സ്ട്രീറ്റ് ?
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ട്രേഡിങ് സംരംഭമാണ് ജെയിന്‍ സ്ട്രീറ്റ്. പ്രൊപ്രൈറ്ററി ട്രേഡിങ് കമ്പനിയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഹെഡ്ജ് ഫണ്ടുകളില്‍ നിന്നും വ്യത്യസ്ഥമായി ജെയിന്‍ സ്ട്രീറ്റ് സ്വന്തം മൂലധനം ഉപയോഗിച്ചാണ് ട്രേഡിങ് നടത്തുന്നത്. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 2,600-ല്‍ അധികം ജീവനക്കാരും ഓഫീസും കമ്പനിക്കുണ്ട്.
advertisement
ഇന്ത്യയില്‍ നാല് അനുബന്ധ സ്ഥാപനങ്ങള്‍ വഴിയാണ് ജെയിന്‍ സ്ട്രീറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ജെഎസ്‌ഐ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെഎസ്‌ഐ2 ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിങ് ലിമിറ്റഡ് എന്നീ നാല് കമ്പനികള്‍ വഴിയായിരുന്നു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം.
ഓഹരിവിപണിയില്‍ നിന്നും 36,500 കോടി രൂപയിലധികം ലാഭം നേടിയതെങ്ങനെ ?
2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജെയിന്‍ സ്ട്രീറ്റ് സ്ഥാപനങ്ങള്‍ ഇന്‍ഡക്‌സ് ഓപ്ഷന്‍ ട്രേഡിങ്ങിലൂടെ 43,289 കോടി രൂപ ലാഭം നേടി. പ്രധാനമായും ബാങ്ക് നിഫ്റ്റിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. വിവിധ തന്ത്രങ്ങളിലൂടെ വിപണിയില്‍ കൃത്രിമം കാണിച്ചതായി സെബി ആരോപിക്കുന്നു. ഫ്യൂച്ചര്‍ ട്രേഡിലും ക്യാഷ് ഇക്വിറ്റികളിലും നേരിട്ട നഷ്ടങ്ങള്‍ ഈ ലാഭത്തിലൂടെ ഭാഗികമായി നികത്താനും കമ്പനിക്ക് സാധിച്ചു. ഈ നഷ്ടങ്ങള്‍ കിഴിച്ചശേഷം 36,502 കോടി രൂപയുടെ അറ്റലാഭം കമ്പനി നേടിയതായും സെബി പറയുന്നു.
advertisement
കമ്പനിക്കെതിരെ സെബി ഇറക്കിയ 105 പേജുള്ള ഉത്തരവില്‍ രണ്ട് പ്രധാന കുത്രിമങ്ങളാണ് എടുത്തുകാണിച്ചിട്ടുള്ളത്. ഇന്‍ട്രാഡേ ഇന്‍ഡെക്‌സ് മാനിപ്പുലേഷന്‍ സ്ട്രാറ്റജി, എക്‌സ്റ്റെന്‍ഡഡ് മാര്‍ക്കിംഗ് ദി ക്ലോസ് സ്ട്രാറ്റജി എന്നിവയാണവ.
ഇന്‍ട്രാഡേ ഇന്‍ഡെക്‌സ് മാനിപ്പുലേഷന്‍ സ്ട്രാറ്റജി
2024 ജനുവരി 17-ന് ജെയിന്‍ സ്ട്രീറ്റ് 734.93 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ഒറ്റ ദിവസം നേടിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. ഈ ദിവസത്തെ ഉദാഹരിച്ചാണ് കമ്പനിയുടെ തട്ടിപ്പിനെ കുറിച്ച് സെബി വിശദീകരിച്ചത്. ഈ ദിവസം രാവിലത്തെ ട്രേഡിങ് സെഷനില്‍ ക്യാഷ്, ഫ്യൂച്ചര്‍ വിപണികളില്‍ നിന്ന് ബാങ്ക് നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഓഹരികള്‍ (ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള ഓഹരികള്‍) വലിയതോതില്‍ കമ്പനി വാങ്ങിക്കൂട്ടി. ഇതുവഴി കൃത്രിമമായി സൂചിക ഉയര്‍ത്തുകയും ഒപ്പം ബാങ്ക് നിഫ്റ്റി ഓപ്ഷനുകള്‍ വില്‍ക്കുകയും ചെയ്തു.
advertisement
പ്രീമിയം നിരക്കില്‍ കോള്‍ ഓപ്ഷനുകള്‍ വിറ്റഴിച്ചും കുറഞ്ഞ വിലയിക്ക് പുട്ട് ഓപ്ഷനുകള്‍ വാങ്ങിയും ബാങ്ക് നിഫ്റ്റി ഓപ്ഷനില്‍ വലിയ ഷോര്‍ട്ട് പൊസിഷനുകള്‍ കമ്പനി സൃഷ്ടിച്ചു. പിന്നീട് ഓഹരികള്‍ കമ്പനി വിറ്റഴിച്ച് സൂചികയെ താഴേക്ക് കൊണ്ടുവരികയാണ് ചെയ്തത്. ഇതോടെ ഷോര്‍ട്ട് പൊസിഷനുകളില്‍ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചതായാണ് കണ്ടെത്തല്‍.
എക്‌സ്റ്റെന്‍ഡഡ് മാര്‍ക്കിംഗ് ദി ക്ലോസ് സ്ട്രാറ്റജി
ഓപ്ഷന്‍ എക്‌സ്പയറി ദിവസങ്ങളില്‍ തട്ടിപ്പ് നടത്തുന്നതാണ് രണ്ടാമത്തെ രീതി. ഓപ്ഷന്‍ കാലാവധി അവസാനിക്കുന്ന ദിവസങ്ങളില്‍ ജെയിന്‍ സ്ട്രീറ്റ് ഓഹരി വിലകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.
advertisement
ബാങ്ക് നിഫ്റ്റി ഓപ്ഷനുകളില്‍ നിന്നുമാത്രം 17,319 കോടി രൂപയാണ് ലാഭം നേടിയതെന്ന് സെബി പറയുന്നു. ഓപ്ഷന്‍ എക്‌സ്പയറി ദിവസങ്ങളില്‍ കൃത്രിമമായി സൂചിക ഉയര്‍ത്തി ലാഭമെടുത്ത് ഓപ്ഷനുകള്‍ വിറ്റഴിക്കും. ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും 36,502.12 കോടി രൂപയാണ് ജെഎസ് ഗ്രൂപ്പ് ലാഭം നേടിയതെന്നും സെബി അറിയിച്ചു.
ജെയിന്‍ സ്ട്രീറ്റിനെതിരെ ചുമത്തിയ കുറ്റങ്ങള്‍
* വഞ്ചനാപരവും അന്യായവുമായ വ്യാപാര (പിഎഫ്‍യുടിപി) നിരോധന നിയമങ്ങള്‍ ലംഘിക്കല്‍.
* മറ്റ് ട്രേഡേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കല്‍, പ്രത്യേകിച്ച് സൂചിക ചലനങ്ങളെ ആശ്രയിക്കുന്ന റീട്ടെയില്‍ ട്രേഡേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കല്‍.
advertisement
* ഒന്നിലധികം സ്ഥാപനങ്ങളിലൂടെ വിപണി ചലനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം.
* 2025 ഫെബ്രുവരിയില്‍ എന്‍എസ്ഇ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് കൃത്രിമ ട്രേഡിങ് തുടര്‍ന്നു.
സെബി എന്ത് നടപടിയാണ് സ്വീകരിച്ചത്?
സെബി നിയമത്തിലെ സെക്ഷന്‍ 11(1), 11(4), 11ബി(1), 11ഡി എന്നിവ പ്രകാരം സെബി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
* ജെയിന്‍ സ്ട്രീറ്റ് സ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണികളില്‍ വ്യാപാരം ചെയ്യുന്നതില്‍ നിന്നും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി
* അനധികൃതമായി സമ്പാദിച്ച 4,843 കോടി രൂപ മരവിപ്പിച്ചു.
advertisement
* ഗ്രൂപ്പിന് പ്രതികരിക്കാനോ ഒരു വാദത്തിന് അപേക്ഷിക്കാനോ 21 ദിിവസത്തെ സമയം നല്‍കി.
ജെയിൻ സ്ട്രീറ്റിന്റെ വിശദീകരണം
സെബി ഉത്തരവില്‍ ജെയിന്‍ സ്ട്രീറ്റ് അന്വേഷണത്തിനിടെ നല്‍കിയ രേഖാമൂലമുള്ള ഉത്തരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനം പരസ്യമായി തെറ്റ് സമ്മതിച്ചിട്ടില്ല. നിയമാനുസൃതമായി കമ്പനി തങ്ങളുടെ തന്ത്രങ്ങളെ ന്യായീകരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, റോയിട്ടേഴ്‌സിന് നല്‍കിയ മറുപടിയില്‍ സെബിയുടെ കണ്ടെത്തലുകളെ ജെയിന്‍ സ്ട്രീറ്റ് നിഷേധിക്കുകയാണ് ഉണ്ടായത്. സെബിയുമായി കൂടുതല്‍ ഇടപഴകുമെന്നും കമ്പനി അറിയിച്ചു.
അതേസമയം ഒരു വിദേശ ട്രേഡിങ് സ്ഥാപനത്തിനെതിരെ സെബി സ്വീകരിക്കുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണിത്. എക്‌സ്പയറി ദിവസങ്ങളില്‍ ഡെറിവേറ്റീവ് വിപണികളില്‍ കൃത്രിമം കാണിക്കുന്നതിനുള്ള സാധ്യതയെ ഈ സംഭവം തുറന്നുകാട്ടുന്നു. ട്രേഡിങ് രീതിയിലെ കര്‍ശനമായ നിയന്ത്രണങ്ങളിലേക്കും ഈ സംഭവം നയിച്ചേക്കാം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 05, 2025 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയില്‍ നിന്ന് 36,500 കോടി രൂപയുടെ നേട്ടമുണ്ടാക്കിയ ജെയിന്‍ സ്ട്രീറ്റിന് സെബി എന്തിനാണ് വിലക്ക് പ്രഖ്യാപിച്ചത്