• HOME
 • »
 • NEWS
 • »
 • explained
 • »
 • Hindu - Muslim Fight | ഇംഗ്ലണ്ടിലെ ഹിന്ദു - മുസ്ലീം സംഘട്ടനത്തിന് പിന്നിലെ വസ്തുതയെന്ത്? ആരാണ് ഇതിന് തുടക്കമിട്ടത്?

Hindu - Muslim Fight | ഇംഗ്ലണ്ടിലെ ഹിന്ദു - മുസ്ലീം സംഘട്ടനത്തിന് പിന്നിലെ വസ്തുതയെന്ത്? ആരാണ് ഇതിന് തുടക്കമിട്ടത്?

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ലെയ്സെസ്റ്ററിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത്

 • Last Updated :
 • Share this:
  ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏഷ്യാ കപ്പിൽ നടന്ന മത്സരത്തിനു ശേഷം ഇംഗ്ലണ്ടിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങൾ തെരുവിലേക്ക് നീങ്ങിയതോടെ അധികൃതർ ജാഗ്രതയിലാണ്. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ലെയ്സെസ്റ്ററിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത്. “വലിയ ദുരന്തം” എന്നാണ് ഇരു വിഭാഗവും തമ്മിൽ നടന്ന പ്രശ്നങ്ങളെ ബ്രിട്ടീഷ് മാധ്യമമായ ബിബിസി വിശേഷിപ്പിച്ചത്.

  എന്താണ് ലെയ്സസെസ്റ്ററിൽ നടക്കുന്നത്?
  ഒരു കൂട്ടം യുവാക്കൾ മുൻകൂട്ടി അറിയിക്കാതെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതോടെയാണ് കിഴക്കൻ ലെയ്സെസ്റ്ററിൽ പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് ലെയ്സെസ്റ്റർ പോലീസ് ഞായറാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു. സെപ്റ്റംബർ 17 ശനിയാഴ്ച വൈകിട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഞായറാഴ്ച രാവിലെ വരെ തുടർന്നു എന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അക്രമത്തിലൂടെ സമാധാനം തകർക്കാൻ ഗൂഢാലോചന നടത്തിയതിനാണ് ഒരാളെ അറസ്റ്റ് ചെയ്തത്. മൂർച്ചയുള്ള വസ്തു കൈവശം വെച്ച കുറ്റത്തിനാണ് രണ്ടാമത്തെ ആൾ പോലീസ് പിടിയിലായത്. ആളുകൾ ശാന്തരായിരിക്കണമെന്ന് ആവശ്യപ്പെട്ട പോലീസ്, പ്രദേശത്തെ അക്രമവും അശാന്തിയും വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.  പ്രദേശത്തെ അശാന്തിയുടെ കാരണമെന്ത്?
  ഓഗസ്റ്റ് 28-ന് ഏഷ്യാ കപ്പ് ടൂർണമെൻ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സര ശേഷമാണ് പ്രദേശത്ത് അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് പന്ത് അവശേഷിക്കെ ഇന്ത്യ ജയിച്ചിരുന്നു. വിജയം ആഘോഷിക്കാനായി ലെയ്സെസ്റ്ററിലെ ബെൽഗ്രേവിൽ ഇന്ത്യൻ ആരാധകർ തെരുവിൽ ഒത്തുകൂടിയതോടെയാണ് അക്രമം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  ഒരു യുവാവിന്റെ ടീ ഷർട്ട് ഒരുകൂട്ടം ആളുകൾ ചേർന്ന് വലിച്ചുകീറി അയാളെ മർദ്ദിക്കാൻ തുടങ്ങിയതോടെയാണ് അക്രമം തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ പ്രകാരം, ഇന്ത്യൻ ജേഴ്സി ധരിച്ച ഒരാൾ “പാക്കിസ്ഥാൻ മൂർദ്ദാബാദ്” എന്ന മുദ്രാവാക്യം വിളിക്കുന്നത് കാണാം. ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതും ഒരുകൂട്ടം ആളുകൾ ഒരാളുടെ ടീ ഷർട്ട് വലിച്ചുകീറി അയാളെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.  പുതിയ അക്രമത്തിന് കാരണമെന്ത്?
  ആദ്യ സംഘട്ടനം മുതൽ തന്നെ ലെയ്സെസ്റ്റർ അശാന്തിയുടെ പടിവാതിലിൽ ആയിരുന്നു. ഒരു വശത്ത് തങ്ങളാണ് അക്രമത്തിനിരയായതെന്ന് ഹിന്ദുക്കൾ വാദിക്കുമ്പോൾ തങ്ങളുടെ നേരെയാണ് അക്രമമുണ്ടാകുന്നതെന്ന് മുസ്ലീങ്ങളും പറയുന്നു.

  തങ്ങൾ മതവിദ്വേഷത്തിൻ്റെ ഇരകളാണെന്നും അക്രമിക്കപ്പെടുന്നു എന്നും പ്രദേശത്തെ ഹിന്ദുക്കൾ ആരോപിക്കുന്നു. സെപ്റ്റംബർ 18-ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഒരു ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെടുന്നത് കാണാം. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കാറുകളും മറ്റും തകർക്കപ്പെട്ടതായി ഹിന്ദു മനുഷ്യാവകാശ പ്രവർത്തകയായ രശ്മി സാമന്ത് ട്വിറ്ററിൽ കുറിച്ചു.

  ഹിന്ദുക്കളാണ് ആക്രമണത്തിനിരയാകുന്നതെന്ന് ദീർഘകാലമായി ലെയ്സെസ്റ്ററിലെ താമസക്കാരിയും ഒരു ദേശീയ ഹിന്ദു സംഘടനയുടെ ചെയർപേഴ്സണുമായ ദൃഷ്ടി മേ ദി ഗാർഡിയനോട് പറഞ്ഞു. പ്രദേശത്തെ ഹിന്ദുക്കൾ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ആദ്യ തലമുറയിൽപ്പെട്ടവരാണെന്നും നഗരത്തിലെ ചില മുസ്ലീങ്ങൾ ഹിന്ദുക്കളെ ഉപദ്രവിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

  സെപ്റ്റംബർ 17-ന് മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി കച്ചവട സ്ഥാപനങ്ങളും ഹിന്ദു ക്ഷേത്രവുമുള്ള നഗരത്തിലെ ഗ്രീൻ ലെയിൻ റോഡ് മേഖലയിൽ കൂടി ഒരു കൂട്ടം യുവാക്കൾ ജാഥ നടത്തുന്നതിൻ്റെ വീഡിയോയും പ്രചരിക്കുന്നുണ്ട് എന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.  തെരുവിൽ നിന്ന് നിരവധി പേർ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിക്കുന്നത് താൻ കേട്ടു എന്ന് കമ്മ്യൂണിറ്റി നേതാവായ റുക്സാന ഹുസൈൻ പറഞ്ഞു. മജീദ് ഫ്രീമാൻ എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഹിന്ദു ജനക്കൂട്ടം മുസ്ലീങ്ങൾക്കു നേരേ കുപ്പികൾ വലിച്ചെറിയുന്നതായി ആരോപിക്കുന്നുണ്ട്.

  ഗാർഡിയനിലെ റിപ്പോർട്ട് പ്രകാരം മജീദ് തെരുവിൽ ഉണ്ടായിരുന്നു. ഹിന്ദു ജനക്കൂട്ടം മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചുകൊണ്ടും ഇടയ്ക്കിടെ ആളുകളെ മർദ്ദിച്ചുകൊണ്ടും മോസ്ക് കടന്നുവരികയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു.

  മുൻകൂട്ടി അറിയിക്കാതെ നടത്തിയ ജാഥയെ പ്രതിരോധിക്കുകയാണ് മുസ്ലീങ്ങൾ ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. തങ്ങൾക്ക് പോലീസിൽ വിശ്വാസമില്ലെന്നും സമുദായത്തിൻ്റെ സംരക്ഷണത്തിനായി തങ്ങൾ സ്വയം മുന്നിട്ടിറങ്ങുകയാണെന്നും മജീദ് പറഞ്ഞു.

  ക്ഷേത്രം ആക്രമിക്കപ്പെട്ടതിനെ കുറിച്ച് അധികൃതർ പറയുന്നതെന്ത്?
  ലെയ്സെസ്റ്ററിലെ മെൽട്ടൺ റോഡിലെ ഒരു മതസ്ഥാപനത്തിന് പുറത്തുള്ള കൊടി ഒരാൾ നശിപ്പിക്കുന്ന വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. നിരവധി അക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഓരോന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

  പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്തെ സംഘർഷം കൈകാര്യം ചെയ്യുന്ന സമയത്താണ് ക്ഷേത്രത്തിലെ അക്രമം നടന്നതെന്ന് തോന്നുന്നതായും ഇത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം വരുന്ന ദിവസങ്ങളിലും പ്രദേശത്ത് തുടരും.

  ആളുകൾ ശാന്തരാകണമെന്നും ഇരു സമുദായവും തമ്മിലുള്ള വിടവുകൾ നികത്താൻ ചർച്ച നടത്താമെന്നും ലെയ്സെസ്റ്റർ ഈസ്റ്റ് എംപി ക്ലൗഡിയ വെബ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

  ശനിയാഴ്ചത്തെ മാർച്ചിനെ കുറിച്ച് വിശദമായി അറിയാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഹിന്ദു-ജൈന ക്ഷേത്രം അധികൃതർ അറിയിച്ചു. നഗരവാസികളുടെ ഏകതയും സൗഹൃദവും ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.  മുൻകാലങ്ങളിൽ സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ടോ?
  താൻ 30 വർഷത്തിലധികമായി നഗരത്തിൽ താമസിക്കുന്നുണ്ടെന്നും ഇക്കാലയളവിൽ ഇത്തരമൊരു അക്രമം ഉണ്ടായിട്ടില്ലെന്നും ദൃഷ്ടി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ മുൻപും തെരുവിൽ ആൾക്കൂട്ടത്തിന് കാരണമായിട്ടുണ്ടെങ്കിലും ഇതുപോലുള്ള അക്രമത്തിലേക്ക് നയിച്ചിട്ടില്ലെന്ന് ലെയ്സെസ്റ്റർ ആസ്ഥാനമായ ഫെഡറേഷൻ ഓഫ് മുസ്ലീം ഓർഗനൈസേഷൻസ് അംഗം സുലൈമാൻ നഗ്ദി ബിബിസിയോട് പറഞ്ഞു.

  പരിഭ്രാന്തിയുണ്ടാക്കുന്ന കാര്യങ്ങളാണ് തെരുവിൽ നടന്നതെന്നും ആളുകൾ ശാന്തരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ലെയ്സെസ്റ്ററിലെ ഹിന്ദു-മുസ്ലീം ജനസംഖ്യ എത്ര?
  2011-ലെ സെൻസസിനെ അടിസ്ഥാനമാക്കി യുകെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ലെയ്സെസ്റ്റർ, ലെയ്സെസ്റ്റർഷെയർ, റട്‌ലാൻ്റ് എന്നിവിടങ്ങളിലെ ഹിന്ദു, മുസ്ലീം, സിഖ് വിഭാഗങ്ങളുടെ ജനസംഖ്യ ബ്രിട്ടനിലെ ശരാശരിയേക്കാൾ കൂടുതലാണ്.

  ഇന്ത്യൻ എക്സ്‌പ്രസ് ഉദ്ധരിക്കുന്ന ഒരു റിപ്പോർട്ട് പ്രകാരം പ്രദേശത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യ ഏതാണ്ട് തുല്യമാണ്. 7.4 ശതമാനം മുസ്ലീങ്ങളും 7.2 ശതമാനം ഹിന്ദുക്കളുമാണ് ഇവിടെയുള്ളത്. 2.4 ശതമാനം പേർ സിഖുകാരും 55 ശതമാനം പേർ ക്രൈസ്തവരുമാണ്.
  Published by:Jayesh Krishnan
  First published: