ഇന്ത്യയുടെ സമ്മാനമായ വിമാനം മാലി പറത്താത്തത് എന്തുകൊണ്ട്? ഉഭയകക്ഷി ബന്ധത്തിലെ പുതിയ മാറ്റങ്ങൾ

Last Updated:

വിമാനങ്ങള്‍ പറത്താന്‍ പരിശീലനം ലഭിച്ച പൈലറ്റിനെ കിട്ടാനില്ലേ..?

മാലിദ്വീപിൽ നിന്ന് ഇന്ത്യ തിരിച്ചുവിളിച്ച സൈനികരുടെ എണ്ണം സംബന്ധിച്ച് വലിയ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നിരുന്നത്. എന്നാൽ, മാലിദ്വീപ് വിദേശകാര്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ കരാറിന് അനുസൃതമായി മാലിയില്‍ നിന്ന് തിരിച്ചയച്ച ഇന്ത്യന്‍ സൈനികരുടെ എണ്ണം സംബന്ധിച്ച് നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ അവസാനിച്ചത്.
ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മാലിക്ക് സമ്മാനമായി നല്‍കിയ മൂന്ന് ഡോര്‍ണിയര്‍ വിമാനങ്ങള്‍ പറത്താനുള്ള പരിശീലനം ലഭിച്ച പൈലറ്റുമാര്‍ തങ്ങളുടെ സൈന്യത്തിനില്ലെന്ന് മാലി പ്രതിരോധമന്ത്രി ഗസ്സന്‍ മൗമൂണ്‍ അറിയിച്ചത്. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിലെ (എംഎന്‍ഡിഎഫ്) ചില സൈനികര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങളില്‍ ഒന്നുപോലും മാലിദ്വീപ് സൈനികര്‍ പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
''വിമാനം പറത്തുന്നതിനുള്ള പരിശീലനം പലഘട്ടങ്ങളായാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഞങ്ങളുട സൈന്യത്തിന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍, രണ്ട് ഹെലികോപ്ടറുകളും ഡോര്‍ണിയര്‍ വിമാനങ്ങളും പറത്താന്‍ ലൈന്‍സുള്ളവരോ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്നവരോ ഇപ്പോള്‍ ഞങ്ങളുടെ സേനയില്‍ ഇല്ല,'' ഗസ്സനെ ഉദ്ധരിച്ച് ന്യൂസ് പോര്‍ട്ടലായ അധാധു ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്തു.
advertisement
റിപ്പോര്‍ട്ടുകള്‍ പ്രകാരം 76 ഇന്ത്യന്‍ സൈനികരെയാണ് മാലിദ്വീപില്‍ നിന്ന് ഘട്ടം ഘട്ടമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. മാര്‍ച്ച് ഏഴിനും ഒന്‍പതിനും ഇടയില്‍ 26 സൈനികരും ഏപ്രില്‍ 7നും ഒന്‍പതിനും ഇടയില്‍ ഹനിമാധൂവില്‍ നിന്ന് 25 പേരും മേയ് ഏഴിന് കധുവില്‍ നിന്ന് 12 പേരും മേയ് ഒന്‍പതിന് അവസാന ബാച്ചും രാജ്യം വിട്ടതായി മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീര്‍ അറിയിച്ചു. നവംബറില്‍ അധികാരമേറ്റശേഷം ചൈന അനുകൂല നിലപാടുകള്‍ എടുത്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യയും മാലിദ്വീപും തമ്മില്‍ ധാരണയിലെത്തിയത്.
advertisement
ഇന്ത്യ സമ്മാനിച്ച വിമാനങ്ങളുടെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) സിവിലിയന്‍ ജീവനക്കാരാണ് സൈനികര്‍ക്ക് പകരം പ്രവര്‍ത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സമീര്‍ വ്യക്തമാക്കി. മാലിദ്വീപിന്റെ എക്‌സ്‌ക്ലുസീവ് ഇക്കണോമിക്‌സ് സോണില്‍ നിരീക്ഷണം വര്‍ധിപ്പിക്കാനും കടല്‍ വഴിയെത്തുന്ന ഭീകരരെ നിരീക്ഷിക്കാനും സഹായിക്കുന്നതിനായി 2020ലാണ് മാലിദ്വീപിന് ഇന്ത്യ ഡോര്‍ണിയര്‍ വിമാനം നല്‍കിയത്. 2016ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയും ഡോര്‍ണിയര്‍ വിമാനം ആവശ്യപ്പെട്ടിരുന്നു.
നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായതെങ്ങനെ?
2023 നവംബറില്‍ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് മുയിസു മാലിദ്വീപില്‍ അധികാരത്തിലെത്തിയതോടെയാണ് ഇന്ത്യയുമായുള്ള മാലിയുടെ ബന്ധം വഷളായത്. പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു മുയിസു. മുന്‍ പ്രസിഡന്റ് യമീനിന്റെ നേതൃത്വത്തിലാണ് മാലിയില്‍ നിന്ന് 'ഇന്ത്യയെ പുറത്താക്കാനുള്ള' പ്രചാരണത്തിന് തുടക്കം കുറിച്ചത്. മാലദ്വീപിലെ ഉതുരു തില ഫല്ഹു നാവിക താവളത്തില്‍ ഒരു തുറമുഖം വികസിപ്പിക്കുന്നതിനും അതിനെ പിന്തുണയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമായി 2021-ല്‍ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി ഇന്ത്യ ഒരു കരാറില്‍ ഒപ്പുവച്ചതോടെ ഇതിന് ആക്കം കൂടി.
advertisement
തെരഞ്ഞെടുപ്പിന് പിന്നാലെ സോലിഹ് സര്‍ക്കാരിനെ അട്ടിമറിച്ചതിനുശേഷം മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള മാലിദ്വീപ് സര്‍ക്കാര്‍ ദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ത്യ നടത്തി വന്നിരുന്ന ഹൈഡ്രോഗ്രാഫിക് സര്‍വേ നിറുത്തിവെക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ മേല്‍ ഇസ്രയേലിന്റെ നിയന്ത്രണമുണ്ടെന്ന മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശത്തെച്ചൊല്ലിയും തര്‍ക്കം ഉടലെടുത്തു. അതിനിടെ ലക്ഷദ്വീപിനെ വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ലക്ഷദ്വീപിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയും ചെയ്തിരുന്നു.
advertisement
ഇന്ത്യ-മാലിദ്വീപ് ബന്ധത്തിന്റെ ചരിത്രം
1965-ല്‍ ബ്രിട്ടീഷുകാര്‍ ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിച്ചതിന് ശേഷമാണ് ഇന്ത്യ മാലിദ്വീപുമായി അടുത്തത്. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി. 1980 മുതല്‍ മാലിയില്‍ നയതന്ത്ര ദൗത്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ദ്വീപില്‍ ഇന്ത്യക്ക് ഒരു അംബാസഡറിയല്‍ പ്രതിനിധിയുണ്ട്. 2008 മുതല്‍ രാഷ്ട്രീയം, സൈനികബന്ധം, വ്യവസായം, സിവില്‍ സമൂഹം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള ബന്ധങ്ങളില്‍ മാറ്റം സംഭവിച്ചു. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയ്ക്ക് മാലിദ്വീപുകാര്‍ ഇന്ത്യയെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി.
advertisement
മാരിടൈം സെക്യൂരിറ്റി ആന്‍ഡ് ഡിഫൻസ്
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിനോട് ചേര്‍ന്നാണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുപോകുന്ന വാണിജ്യ കടല്‍പാതകളുടെ കേന്ദ്രത്തിലാണ് മാലിദ്വീപിന്റെ സ്ഥാനം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (ഐഒആര്‍) ഇന്ത്യയുടെ പ്രധാന അയല്‍രാജ്യമാണ് മാലിദ്വീപ്. കൂടാതെ മോദി സര്‍ക്കാരിന്റെ അയല്‍പക്കബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാഗര്‍ പദ്ധതി (സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദ റീജിയന്‍) പോലുള്ളവയിലും മാലിദ്വീപ് സുപ്രധാന സ്ഥാനം വഹിക്കുന്നു. മാലിദ്വീപിന്റെ പ്രതിരോധ സേനയ്ക്ക് പരിശീലനം നല്‍കി അവരുടെ സുരക്ഷയില്‍ ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
advertisement
ഇന്ത്യ മാലി സൈന്യത്തിന് നല്‍കിയ പരിശീലനത്തിന്റെ 70 ശതമാനവും മാലിദ്വീപിലോ ഇന്ത്യയുടെ മുന്‍നിര സൈനിക അക്കാദമികളിലോ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 1500 എംഎന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കിയിട്ടുണ്ട്. ആകാശനിരീക്ഷണത്തിനായി ഇന്ത്യന്‍ നാവികസേന മാലിദ്വീപ് പ്രതിരോധ സേനയ്ക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി മാലിദ്വീപില്‍ ഒരു തീരദേശ റഡാര്‍ സംവിധാനം സ്ഥാപിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന: 2009-ലാണ് മാലിദ്വീപ് ചൈനയില്‍ സ്ഥാനപതി കാര്യാലയം തുറന്നത്. ചൈനയാകട്ടെ 2011-ലാണ് മാലിദ്വീപില്‍ തങ്ങളുടെ സ്ഥാനപതി കാര്യാലയം തുറന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ് ചൈനയില്‍ അധികാരമേറ്റെടുത്തതിന് ശേഷമാണ് മാലി ചൈനയോട് അടുത്തു തുടങ്ങിയത്. മാലിയും ചൈനയും രണ്ട് സൈനിക കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മാലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. യാതൊരു ചെലവുമില്ലാതെ മാലിക്ക് സൈനിക സഹായം നല്‍കാന്‍ ചൈന സമ്മതിച്ചതായി കരാറുകളിലൊന്നിലെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ മാലിദ്വീപിന്റെ പ്രതിരോധമന്ത്രാലയം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മാലിദ്വീപില്‍ ചൈന ആധിപത്യം സ്ഥാപിക്കുന്നതില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. മുഹമ്മദ് നഷീദ് ആണ് ചൈനയുമായി ആദ്യം ഇടപഴകാന്‍ തുടങ്ങിയത്. മുന്‍ മാലിദ്വീപ് പ്രസിഡന്റ് യമീന്‍ അധികാരത്തിലിരുന്ന 2013-18 കാലഘട്ടത്തില്‍ ഇത് കൂടുതല്‍ ശക്തിയാര്‍ജിച്ചു.
മാലിദ്വീപ് ഇന്ത്യയെ ആശ്രയിക്കുന്നത് എന്തുകൊണ്ട്?
അരി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കോഴിയിറച്ചി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെല്ലാം ഇന്ത്യ മാലിദ്വീപില്‍ വിതരണം ചെയ്യുന്നു. ക്രിട്ടിക്കല്‍ കെയര്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും ഇന്ത്യ മാലിദ്വീപിലേക്ക് കയറ്റി അയക്കുന്നുണ്ട്. സിമന്റ്, കല്ലുകള്‍, കൂടാതെ വീട്, പാലം, സ്‌കൂൾ, ആശുപത്രി തുടങ്ങിയ പണിയാന്‍ ആവശ്യമായ വസ്തുക്കളും ഇന്ത്യ മാലിദ്വീപിലേക്ക് വിതരണം ചെയ്യുന്നു. മാലദ്വീപിലെ പ്രധാന മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ 300 കിടക്കകളുള്ള ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഇന്ത്യ നിര്‍മ്മിച്ചതാണ്.
മാലിദ്വീപില്‍ ഉന്നതപഠനത്തിന് സര്‍വ്വകലാശാലകളില്ലാത്തതിനാല്‍, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാലിദ്വീപ് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ചിലര്‍ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ ചേര്‍ന്നും പഠിക്കുന്നുണ്ട്. ഇതിന് പുറമെ, മാലിദ്വീപിന്റെ സുപ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2022ല്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള 50 കോടി രൂപയുടെ വ്യാപാരത്തില്‍ 49 കോടിയും മാലിദ്വീപിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയാണ്. 2022ല്‍ മാലിദ്വീപിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ ഉയര്‍ന്നു.
2004-ല്‍ സുനാമി ദുരന്തം വിതച്ച സമയത്തും ഇന്ത്യ മാലിദ്വീപിനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. 2014-ല്‍ അതിരൂക്ഷമായ കുടിവെള്ള പ്രതിസന്ധിയുണ്ടായ സമയത്ത് ഇന്ത്യ മാലിയെ സഹായിക്കുകയും നഗരത്തിലേക്ക് കുടിവെള്ളം വിമാനമാര്‍ഗം എത്തിക്കുകയും ചെയ്തിരുന്നു. ആവശ്യമരുന്നുകള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍, പിപിഇ കിറ്റുകള്‍, വാക്‌സിനുകള്‍ തുടങ്ങിയവയെല്ലാം ദ്വീപിലേക്ക് ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയുടെ സമ്മാനമായ വിമാനം മാലി പറത്താത്തത് എന്തുകൊണ്ട്? ഉഭയകക്ഷി ബന്ധത്തിലെ പുതിയ മാറ്റങ്ങൾ
Next Article
advertisement
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
കരൂർ ദുരന്തത്തിൽ ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ
  • മതിയഴകൻ അറസ്റ്റിലായതോടെ വിജയിയുടെ കരൂർ റാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

  • വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട്.

  • പരിപാടി മനഃപൂർവം വൈകിച്ചതാണ് കൂടുതൽ ആളുകൾ എത്താൻ കാരണമായതെന്ന് എഫ്ഐആറിൽ പറയുന്നു.

View All
advertisement