Monkeypox | മങ്കിപോക്സ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് എന്തുകൊണ്ട്? രോഗം എത്രത്തോളം അപകടകരം?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിലവിൽ 75 രാജ്യങ്ങളിലായി ഏകദേശം 16000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുരങ്ങുപനി അഥവാ മങ്കിപോക്സ് (Monkeypox) പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ ലോകത്ത് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന (WHO). ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ശനിയാഴ്ചയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഗൌരവമുള്ള മുന്നറിയിപ്പാണിത്. ആദ്യം കുരങ്ങുകളിൽ മാത്രം കണ്ടെത്തിയിരുന്ന വൈറസ് ആഫ്രിക്കയിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അടുത്ത ബന്ധം പുലർത്തുമ്പോൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടരും.
മെയ് ആദ്യം യുകെയിൽ റിപ്പോർട്ട് ചെയ്തതോടെയാണ് കുരങ്ങുപനി ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമായത്. യു.കെയ്ക്ക് പുറമെ പിന്നീട് ലോകത്തെ മറ്റ് പല രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തു. നിലവിൽ 75 രാജ്യങ്ങളിലായി ഏകദേശം 16000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ആഫ്രിക്കയിൽ അഞ്ച് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
എത്രത്തോളം അപകടകാരിയാണ് കുരങ്ങുപനി?
പനി, ശരീരവേദന, ശരീരത്തിൽ പാടുകൾ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കുരങ്ങുപനിക്കുള്ളത്. രണ്ട് മുതൽ നാലാഴ്ചക്കുള്ളിൽ രോഗം മാറുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരിൽ വേണമെങ്കിലും രോഗം പടരാമെങ്കിലും നിലവിൽ ആഫ്രിക്കയ്ക്ക് പുറത്തുള്ള രോഗവ്യാപനത്തിന് ഒരു പ്രത്യേകതയുണ്ട്. പുരുഷൻമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർക്ക് മാത്രമേ ആഫ്രിക്കയ്ക്ക് പുറത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
advertisement
വൈറസ് ബാധിച്ചിട്ടുള്ള ആളുടെ ശരീരവുമായി വളരെ അടുത്ത സമ്പർക്കം പുലർത്തിയാൽ മാത്രമേ കുരങ്ങുപനി പകരുകയുള്ളൂ. കോവിഡ് -19 പോലെ പെട്ടെന്ന് പകരാൻ സാധ്യതയുള്ള വൈറസല്ല കുരങ്ങുപനിയുടേതെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. ആഗോളതലത്തിൽ രോഗം വലിയ അപകടകാരിയല്ല. എന്നാൽ യൂറോപ്പിൽ അതീവ ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
എന്തുകൊണ്ട് അടിയന്തരാവസ്ഥ?
കേസുകൾ അതിവേഗം വർധിക്കുന്നത് കൊണ്ടും കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതും കൊണ്ടാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആരോഗ്യ വിദഗ്ദർ ലോകാരോഗ്യ സംഘടനയോട് അഭ്യർഥിച്ചത്. ആഗോളതലത്തിൽ ബോധവൽക്കരണം നടത്താനും പ്രതിരോധ പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനും വേണ്ടിയാണിത്. ടെസ്റ്റിങ് മുതൽ ചികിത്സ വരെയുള്ള കാര്യങ്ങളിൽ ആഗോള തലത്തിൽ തന്നെ കൂടുതൽ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. കോവിഡ് കേസുകൾ കുറഞ്ഞ് തുടങ്ങിയതോടെ ലോകത്തെങ്ങും യാത്രകൾ വർധിച്ചതും കാലാവസ്ഥാ മാറ്റവുമാവാം രോഗവ്യാപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
advertisement
ചികിത്സയും മുൻകരുതലും
കുരങ്ങുപനിയുടെ രോഗലക്ഷണങ്ങളുള്ള ആളുകളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുകയാണ് ആദ്യം വേണ്ടതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. രോഗലക്ഷണങ്ങളുള്ളവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയും പെട്ടെന്ന് തന്നെ ചികിത്സ തേടുകയും വേണം. രോഗം ഗുരുതരമാവുമെന്ന് കരുതുന്നവർക്ക് വാക്സിൻ നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കാര്യമായ ചികിത്സകളൊന്നും തന്നെ ഇല്ലാതെ ആഴ്ചകൾ കൊണ്ട് മാറുന്നതാണ്. രോഗം ബാധിച്ചവർക്ക് കൂടുതൽ വെള്ളവും അത് പോലെത്തന്നെ മറ്റ് അണുബാധ ഇല്ലാതിരിക്കുന്നതിനുള്ള ചികിത്സയുമാണ് പ്രാഥമികമായി വേണ്ടത്. രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതിന് വേണ്ടിയുള്ള മരുന്നുകളും ലഭ്യമാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2022 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Monkeypox | മങ്കിപോക്സ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് എന്തുകൊണ്ട്? രോഗം എത്രത്തോളം അപകടകരം?