അമേരിക്കയിൽ വാംപയര്‍ ഫേഷ്യല്‍ ചെയ്ത സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ

Last Updated:

എന്താണ് വാംപയര്‍ ഫേഷ്യല്‍?

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി പലവിധത്തിലുള്ള സൗന്ദര്‍വര്‍ധക രീതികള്‍ ഇന്ന് നിലവിലുണ്ട്. ഫേഷ്യലുകള്‍ അതില്‍ സര്‍വസാധാരണമായ കാര്യമാണ്. ഫേഷ്യലുകള്‍ തന്നെ പലവിധമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ പരീക്ഷിക്കുന്നത് അൽപ്പം അപകടം പിടിച്ച പണിയാണ്. ന്യൂമെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത മെഡിക്കല്‍ സ്പായില്‍ നിന്ന് ഏറെ പ്രശസ്തമായ വാംപയര്‍ ഫേഷ്യല്‍ ചെയ്ത മൂന്ന് സ്ത്രീകള്‍ക്ക് എച്ച്‌ഐവി പിടിപെട്ടതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോസ്‌മെറ്റിക് ഇഞ്ചക്ഷനെ തുടർന്ന് എച്ച്‌ഐവി പിടിപെടുന്ന ആദ്യ സംഭവമാണിത്.
എന്താണ് സംഭവിച്ചത്?
ന്യൂ മെക്‌സിക്കോയിലെ ഒരു മെഡിക്കല്‍ സ്പായില്‍ നിന്ന് വാംപയര്‍ ഫേഷ്യല്‍ ചെയ്ത മൂന്ന് സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ 2023 വരെ ക്ലിനിക്കില്‍ നടത്തിയ അന്വേഷണത്തില്‍ ഒറ്റത്തവണ മാത്രം ഉപയോഗത്തിനായി ഉദേശിച്ചിട്ടുള്ള ഡിസ്‌പോസിബിള്‍ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചതായി തെളിഞ്ഞതായി സിഡിസി റിപ്പോര്‍ട്ട് പറയുന്നു. 2018ലാണ് ന്യൂ മെക്‌സിക്കോയിലെ ആരോഗ്യവിഭാഗം സ്പായെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
advertisement
അപകടസാധ്യതയുള്ള ഘടകങ്ങളൊന്നുമില്ലാതിരുന്നിട്ടും 40 വയസ്സുള്ള സ്ത്രീക്ക് എച്ച്‌ഐവി ബാധിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. ഈ ക്ലിനിക്കില്‍വെച്ച് സിറിഞ്ച് ഉപയോഗിച്ചുള്ള ഒരു ചികിത്സ ഇവര്‍ ചെയ്തിരുന്നു. അതേ വര്‍ഷം തന്നെ ഇവിടെനിന്ന് വാംപയര്‍ ഫേഷ്യല്‍ ചെയ്ത മധ്യവയസ്‌കരായ രണ്ട് സ്ത്രീകള്‍ക്കാണ് എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഒരാളുടെ അണുബാധ 2019-ല്‍ രോഗത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടേത്താന്‍ കഴിഞ്ഞു. രണ്ടാമത്തെയാളുടെ അണുബാധ കണ്ടെത്തിയതാകട്ടെ 2023-ല്‍ കടുത്ത ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ്.
advertisement
40 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരാണ് രോഗികള്‍ എന്ന സിഡിസി റിപ്പോര്‍ട്ടു ചെയ്തു. സ്പായിലെ അടുക്കളയിലും റഫ്രിജറേറ്ററിലും ഭക്ഷണത്തിനും കുത്തിവെപ്പ് ഉപകരണങ്ങള്‍ക്കും അടുത്തായി ലേബല്‍ ചെയ്യാത്ത ബ്ലഡ് ട്യൂബുകളുടെ ഒരു റാക്ക് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പുറമെ ഡ്രോയറുകളിലും കൗണ്ടറുകളിലും ചവറ്റുകുട്ടകളില്‍ ഉപേക്ഷിച്ച നിലയിലും പൊതിയാത്ത നിലയില്‍ സിറിഞ്ചുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെ സ്പാ അടച്ചു പൂട്ടിയെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയത് ഉള്‍പ്പടെ അഞ്ച് കുറ്റങ്ങള്‍ക്ക് സ്പായുടെ ഉടമയും 60കാരിയുമായ മരിയ റാമോസ് ഡി റൂയിസിനെ പ്രോസിക്യൂട്ട് ചെയ്തു. മൂന്നരവര്‍ഷത്തെ തടവുശിക്ഷയ്ക്ക് അവര്‍ വിധിക്കപ്പെട്ടു. സ്പായില്‍ ജോലി ചെയ്തിരുന്ന 59 സഹായികള്‍ക്കും വാംപെയര്‍ ഫേഷ്യല്‍ ചെയ്ത 20 പേര്‍ക്കും എച്ച്‌ഐവി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
എന്താണ് വാംപയര്‍ ഫേഷ്യല്‍?
പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ (പിആര്‍പി) ഫേഷ്യല്‍ എന്നും അറിയപ്പെടുന്ന വാംപയര്‍ ഫേഷ്യല്‍ ഒരുസൗന്ദര്യ വര്‍ധക മാര്‍ഗമാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നെടുക്കുന്ന രക്തം മുഖത്ത് കുത്തിവെച്ച് നടത്തുന്ന ഫേഷ്യലാണിത്. ചര്‍മ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഈ രീതിയിലുള്ള പ്രക്രിയക്ക് കഴിയുമെന്ന് കരുതപ്പെടുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും മുഖത്തെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാനും മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ നിറത്തിന് തിളക്കം നല്‍കാനും കഴിയുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കിം കര്‍ദിഷിയാനെ പോലുള്ള സെലബ്രിറ്റികള്‍ക്കിടയില്‍ ഈ ഫേഷ്യല്‍ പ്രശസ്തമാണ്.
advertisement
ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
വാംപയര്‍ ഫേഷ്യലുകളില്‍, വളര്‍ച്ചാ ഘടകങ്ങള്‍ അടങ്ങിയ പ്ലേറ്റ്ലെറ്റുകള്‍ കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ടിഷ്യു മെച്ചപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ പ്ലാസ്മ വേര്‍തിരിച്ചെടുക്കാന്‍ രക്തം ഒരു സെന്‍ട്രിഫ്യൂജില്‍ വയ്ക്കുകയും അതില്‍ നിന്ന് പ്ലേറ്റ്‌ലെറ്റുകള്‍ വേര്‍തിരിച്ചെടുത്ത് വാംപയര്‍ ഫേഷ്യലിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
ഇത് സുരക്ഷിതമാണോ?
വാംപയര്‍ ചെയ്യുന്നയാളുടെ സ്വന്തം രക്തം തന്നെ ഉപയോഗിക്കുന്നതിനാല്‍ ഇത് സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, രക്തം ഉപയോഗിച്ചുള്ള രീതിയായതിനാല്‍ അപകടസാധ്യത ഏറിയതുമാണ്. അതിനാല്‍ പരിചയ സമ്പന്നരായ, ലൈസന്‍സുള്ള ത്വക്ക് രോഗവിദഗ്ധരുടെയോ പ്ലാസ്റ്റിക് സര്‍ജന്റെയോ സഹായത്തോടെ കൂടി മാത്രമേ ഇത് ചെയ്യാവൂ എന്നും നിര്‍ദേശിക്കുന്നു. ഫേഷ്യല്‍ ചെയ്തതിന് ശേഷം ചിലപ്പോള്‍ വേദനയോ നീരോ അനുഭവപ്പെടാന്‍ ഇടയുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം ഇത് അപ്രത്യക്ഷമാകും. നാല് ആഴ്ച ഇടവിട്ട് ആറ് വാംപയര്‍ ഫേഷ്യല്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ച ഫലം നല്‍കുകയെന്ന് ത്വക്ക് രോഗ വിദഗ്ധനും നിക്കോള്‍സ് എംഡിയുടെ സ്ഥാപകനുമായ ഡോ. കിം നിക്കോളാസ് പറഞ്ഞു.
advertisement
ആര്‍ക്കൊക്കെ ഇത് ചെയ്യാം?
മുഖത്ത് ചുളിവുകള്‍, മുഖക്കുരു പാടുകള്‍, മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് വാംപയര്‍ ഫേഷ്യൽ തെരഞ്ഞെടുക്കാമെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
അമേരിക്കയിൽ വാംപയര്‍ ഫേഷ്യല്‍ ചെയ്ത സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement