കൊച്ചി: ഷൂട്ടിങ്ങിനിടയിൽ വീണ് നടി രജിഷ വിജയന് പരുക്കേറ്റു. രജിഷ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രജിഷക്ക് പരുക്കേറ്റത്. കട്ടപ്പന നിര്‍മൽ സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്. സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലിൽ പരുക്കേറ്റ് രജിഷയെ ഉടൻ തന്നെ അണിയറക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിർത്തിവച്ചു.
ആലിസ് എന്ന ഒരു സൈക്ലിംഗ് താരമായാണ് രജിഷ ചിത്രത്തിൽ വേഷമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. സംവിധാനം പി ആർ അരുൺ. കൈലാസ് മേനോൻ സംഗീതം നിർവഹിക്കുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം രജിഷ മടങ്ങിയെത്തിയ ചിത്രമായിരുന്നു ജൂൺ. ഇതിലെ ജൂൺ സാറ ജോയ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്. തന്മയത്വത്തോടെയുള്ള അവതരണം കൊണ്ട് പ്രശംസ പിടിച്ച് പറ്റിയ വേഷമാണിത്. ആദ്യ ചിത്രം അനുരാഗ കരിക്കിൻവെള്ളത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് രജിഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.