പ്രൊഡക്ഷൻ കൺട്രോളർമാർ മോഷ്ടിക്കും എന്ന പരാമർശത്തിൽ സാന്ദ്ര തോമസിനെതിരെ കേസ്
- Published by:ASHLI
- news18-malayalam
Last Updated:
പരാമർശത്തിൽ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടിരിക്കുന്നത്
പ്രൊഡക്ഷൻ കൺട്രോളർമാർ മോഷ്ടിക്കും എന്ന പരാമർശത്തിൽ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ കേസ്. സാന്ദ്രയ്ക്കെതിരെ ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചു. പ്രൊഡക്ഷൻ കൺട്രോളർമാരെ സാന്ദ്രാ തോമസ് മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് സംഘടന പറഞ്ഞത്.
ഫെഫ്ക്ക ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാമർശത്തിൽ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമാവശ്യപ്പെട്ടിരിക്കുന്നത്. മാനനഷ്ടക്കേസാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ എറണാകുളം സബ്കോടതിയിൽ സാന്ദ്ര തോമസിനെതിരെ ഫയൽ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി അഭിഭാഷക ശ്രുതി ഉണ്ണിക്കൃഷ്ണൻ മുഖേനയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് ണ്ടുമാസം മുൻപ് സാന്ദ്ര നൽകിയ അഭിമുഖത്തിലാണ് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ മോശം പരാമർശം നടത്തിയിരിക്കുന്നത്.
അവരിപ്പോൾ ആർട്ടിസ്റ്റ് മാനേജേഴ്സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആർട്ടിസ്റ്റ് മാനേജേഴ്സ് എന്നാക്കണം. പ്രൊഡക്ഷൻ കൺട്രോളിങ്ങല്ല അവർ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവർ. ഇതുകേൾക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ തനിക്കെതിരെ വന്നാലും യാഥാർത്ഥ്യം ഇതാണെന്നും സാന്ദ്ര പറഞ്ഞിരുന്നു.
advertisement
തന്റെ കൂടെ പ്രവർത്തിച്ച പല പ്രൊഡക്ഷൻ കൺട്രോളർമാരും പൈസക്കാരായി ഫ്ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ടെന്നും തനിക്ക് മനസിലാവാത്ത രീതിയിൽ മോഷ്ടിച്ചോളൂ എന്ന് താൻ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണ് പറഞ്ഞത്.
ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷൻ കൺട്രോളർമാരെ ഒഴിവാക്കാത്തതെന്നുമായരുന്നു സാന്ദ്രയുടെ പരാമർശം. പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക ഇനി മലയാള സിനിമയിൽ ആവശ്യമില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 02, 2025 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രൊഡക്ഷൻ കൺട്രോളർമാർ മോഷ്ടിക്കും എന്ന പരാമർശത്തിൽ സാന്ദ്ര തോമസിനെതിരെ കേസ്