'ഇനി ലാലിനെ സമീപിക്കില്ല; അവരൊക്കെ എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിൽ': സിബി മലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
''ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. ''
മലയാളസിനിമയ്ക്ക് പുത്തൻ ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ പ്രധാനിയാണ് സിബിമലയിൽ (Sibi Malayil). മോഹൻലാലുമായി അദ്ദേഹം കൈകോർത്തപ്പോഴൊക്കെ സൂപ്പർ ഹിറ്റുകൾ പിറന്നു. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ... ഇങ്ങനെ നീളുന്നു ഈ കോംബോയുടെ ഹിറ്റ് സിനിമകൾ.
ഇവയിൽ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്ന നിലയിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദശരഥം. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം എന്നിവയൊക്കെ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്.
സ്ത്രീകളെ ഇഷ്ടമില്ലാത്ത മദ്യപാനിയും അതിസമ്പന്നനുമായ രാജീവ് മേനോൻ, മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. എന്നാൽ ഇപ്പോൾ ദശരഥത്തിന് രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും അതു നടക്കാതെ പോയത് കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സിബി മലയിൽ. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
advertisement
സിനിമ പുറത്തിറങ്ങുന്നതിന് തടസ്സമായി നിന്ന കാര്യങ്ങളെ കുറിച്ച് സിബി മലയില്‍ അഭിമുഖത്തിൽ പറയുന്നുണ്ട്.
''ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാർ എഴുതി പൂർത്തിയാക്കിയതാണ്. നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹൻലാലിനേയും സമീപിച്ചിരുന്നു. ഞാൻ ആഗ്രഹിച്ച തുടർച്ചയായിരുന്നു ഹേമന്ത് കുമാർ എഴുതിയത്. എന്നാൽ മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും വേണു പറഞ്ഞു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും''- സിബി മലയിൽ പറയുന്നു.
advertisement
കഥയുടെ ചുരുക്കം ഹൈദരാബാദിൽ പോയി മോഹൻലാലിനോട് പറഞ്ഞ കാര്യവും സിബി മലയിൽ പറയുന്നു. ''
കഥയുടെ ചുരുക്കം ഞാൻ പറഞ്ഞു. 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല. ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂർത്തിയായിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂർത്തിയാക്കി. എന്നാൽ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞു മാറി''.
advertisement
ഇക്കാര്യം ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന്, താൽപര്യമില്ലെന്നും ഇവരൊക്കെയാണോ എന്റെ സിനിമകളിൽ തീരുമാനമെടുക്കേണ്ടതെന്നും സിബി മലയിൽ തുറന്നടിക്കുന്നു.
''എനിക്കു പോകാൻ പറ്റാത്ത ഇടമാണെങ്കിൽ പിന്നെ ഞാൻ അതിനു ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തു, എന്നോടു മുഖം തിരിക്കുന്നിടത്തേക്കു ഞാൻ പോകാറില്ല. എന്റെ ഇത്തരം നിലപാടുകൾ കാരണം നഷ്ടങ്ങൾ ഒരുപാടു സംഭവിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ എനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണ്.''
advertisement
Also Read- Mohanlal in Vrushabha | അച്ഛൻ വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ബഹുഭാഷാ ചിത്രം 'വൃഷഭ' 2023ൽ തുടങ്ങും
''ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. ''- സിബി മലയിൽ കൂട്ടിച്ചേർത്തു.
സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിന് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ലെന്നും രണ്ടാം ഭാഗത്തിന് സാധ്യത നിലനിൽക്കുന്നുവെന്നേ പറയാനാകൂവെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ടെന്നും മമ്മൂട്ടി തയ്യാറാണോ എന്നറിയില്ലെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
advertisement
മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം (1986)
കിരീടം (1989)
ദശരഥം (1989)
ഹിസ് ഹൈനസ് അബ്ദുള്ള (1990)
ധനം (1991)
ഭരതം (1991)
സദയം (1992)
കമലദളം (1992)
മായാമയൂരം (1993)
ചെങ്കോൽ (1993)
സമ്മർ ഇൻ ബെത്‌ലഹേം (1998)
ഉസ്താദ് (1999)
ദേവദൂതൻ (2000)
ഫ്ലാഷ് (2007)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2022 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇനി ലാലിനെ സമീപിക്കില്ല; അവരൊക്കെ എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിൽ': സിബി മലയിൽ