• HOME
  • »
  • NEWS
  • »
  • film
  • »
  • ട്രെൻഡിങ്ങായ ഇരട്ടമൂക്കുത്തി; വസ്ത്രങ്ങൾക്കായി ദീർഘകാലത്തെ ഗവേഷണം; കാന്താരയുടെ കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഷെട്ടി പറയുന്നു

ട്രെൻഡിങ്ങായ ഇരട്ടമൂക്കുത്തി; വസ്ത്രങ്ങൾക്കായി ദീർഘകാലത്തെ ഗവേഷണം; കാന്താരയുടെ കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഷെട്ടി പറയുന്നു

കാന്താരയിലെ പ്രധാന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഷെട്ടിയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. കാന്താരക്കു വേണ്ടി ചെയ്ത റിസേർച്ചിനെക്കുറിച്ചും വസ്ത്രാലങ്കാരത്തെക്കുറിച്ചുമൊക്കെ പ്രഗതി ഷെട്ടി ന്യൂസ് 18 നുമായുള്ള അഭിമുഖത്തിൽ സംസാരിക്കുന്നു

  • Share this:
സൗമ്യ കലാസ

കഥ പറച്ചിലിലെ പുതുമ കൊണ്ട് ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സിനിമയാണ് കന്നഡ ചിത്രമായ കാന്താര (Kantara). ചിത്രത്തിന്റെ ഉള്ളടക്കം, തിരക്കഥ, സംഗീതം തുടങ്ങിയ എല്ലാ മേഖലകളും ചർച്ചയാകുകയാണ്. കാന്താരയിലെ പ്രധാന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഷെട്ടിയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. കാന്താരക്കു വേണ്ടി ചെയ്ത റിസേർച്ചിനെക്കുറിച്ചും വസ്ത്രാലങ്കാരത്തെക്കുറിച്ചുമൊക്കെ പ്രഗതി ഷെട്ടി ന്യൂസ് 18 നുമായുള്ള അഭിമുഖത്തിൽ സംസാരിച്ചു. പ്രസക്ത ഭാഗങ്ങളാണ് ചുവടെ.

കാന്താരയ്ക്ക് വേണ്ടി എത്ര വസ്ത്രങ്ങൾ തയ്യാറാക്കി?

മൊത്തത്തിൽ ഏകദേശം ആയിരത്തിലധികം വസ്ത്രങ്ങൾ വേണമായിരുന്നു. പ്രധാന കഥാപാത്രത്തിനു വേണ്ടി മാത്രം 350 തോളം വേഷങ്ങൾ തയ്യാറാക്കി. നായിക സപ്തമി ഗൗഡയ്ക്ക് അതിന്റെ ഇരട്ടിയോളം വേണമായിരുന്നു.

തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിക്കാമോ?

സ്‌ക്രിപ്റ്റ് തയ്യാറായി, അത് വായിച്ചയുടൻ ഞാൻ എന്റെ ഗവേഷണം ആരംഭിച്ചു. ആ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു. കർണാടകയുടെ തീരദേശ ഗ്രാമത്തിലെത്തി അവരുടേ നേതാക്കൻമാരുടെ വീട് സന്ദർശിക്കുകയും പഴയ ഫോട്ടോഗ്രാഫുകൾ പരിശോധിക്കുകയും ചെയ്തു. രാജാവിന്റെയും രാജ്ഞിയുടെയും വസ്ത്രങ്ങളും ആഭരണങ്ങളും സംബന്ധിച്ച റഫറൻസ് അവിടെ നിന്നാണ് ലഭിച്ചത്. റാണി അബ്ബക്കയുടെ മ്യൂസിയങ്ങൾ സന്ദർശിക്കുകയും ആ കാലഘട്ടത്തിലെ നിരവധി ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്തു. അതും വളരെയധികം സഹായിച്ചു.

photo- pragathi shetty


കോസ്റ്റ്യൂംസ് ഡിപ്പാർട്ട്‌മെന്റ് ടീമിൽ എത്ര പേരുണ്ടായിരുന്നു? ആഭരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയത് എങ്ങനെയാണ്?

പ്രധാനമായും മൂന്നു പേർ ആയിരുന്നു ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നത്. റോക്കിയും കിരണും ആയിരുന്നു എന്റെ സഹായികൾ. ഇവരെ കൂടാതെ വസ്ത്രങ്ങളുടെ കണ്ടിന്യുവിറ്റി പരിശോധിക്കാൻ മറ്റ് നാല് കോസ്റ്റ്യൂമർമാരും ഉണ്ടായിരുന്നു. ബംഗളൂരു, മംഗളൂരു, ഉഡുപ്പി, മണിപ്പാൽ, കുന്ദാപുര എന്നിവിടങ്ങളിലെ വിവിധ കച്ചവടക്കാരിൽ നിന്നാണ് വസ്ത്രങ്ങൾ പ്രധാനമായും കണ്ടെത്തിയത്. ഓരോ കഥാപാത്രത്തിന്റെയും വസ്ത്രത്തിന് കൃത്യമായ രൂപരേഖ ഉണ്ടായിരുന്നു.

സിനിമയിൽ താങ്കളും മക്കളും അഭിനയിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ച് പറയാമോ?

അതെ, സിനിമയുടെ തുടക്കത്തിൽ വരുന്ന റാണിയുടെ വേഷമാണ് ഞാൻ ചെയ്തിരിക്കുന്നത്. അതിൽ ഞാൻ മൂന്ന് സാരി ഉടുത്തിട്ടുണ്ട്. ഓരോ സാരിക്കു പിന്നിലും ഓരോ കഥയുണ്ട്. ഒരു പ്രത്യേക മെറ്റീരിയലും നിറവും വേണമായിരുന്നു. അത് ഇപ്പോൾ ലഭിക്കാനും ബുദ്ധിമുട്ടാണ്. മഞ്ഞ നിറത്തിലുള്ളത് ഒരു ബനാറസി സാരിയാണ്, അതിൽ മനോഹരമായി ഡിസൈൻ ചെയ്ത പല്ലു ഉണ്ട്. രണ്ടാമത്തെ സാരി, മെറൂൺ നിറത്തിലുള്ളതാണ്. അത് എന്റെ അമ്മയുടെ വിവാഹ സാരി ആണ്. മൂന്നാമത്തേത് എനിക്കറിയാവുന്ന ഒരാളിൽ നിന്ന് ലഭിച്ചതാണ്. രാജാവിന്റെയും രാജ്ഞിയുടെയും മുഴുവൻ സീക്വൻസും സ്‌ക്രീനിൽ ഏകദേശം 2 മിനിറ്റ് വരും. പക്ഷേ ആ ഭാ​ഗമെടുക്കാൻ പതിനഞ്ചു ദിവസത്തെ ഷൂട്ടിങ്ങ് വേണ്ടി വന്നു. ഞങ്ങളുടെ മക്കളായ രൺവിത്തും രാധ്യയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കാന്താരയുടെ വസ്ത്രാലങ്കാരം സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം ഏതായിരുന്നു?

വസ്ത്രങ്ങൾക്ക് പഴക്കം തോന്നിപ്പിക്കുക എന്ന കാര്യം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ. ഞങ്ങൾക്ക് ഒരുപോലുള്ള ഒന്നിലധികം വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ടായിരുന്നു, കാരണം അഭിനേതാക്കൾ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ അവയിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടായേക്കാം. കാന്താരയിൽ ആകെ നാല് ഫൈറ്റുകൾ ഉണ്ട്. കുറച്ച് വസ്ത്രങ്ങളും ചെരിപ്പുകളും പൂർണമായും കേടായി. ചിലപ്പോഴൊക്കെ വസ്ത്രങ്ങൾ പഴയതായി തോന്നാൻ കുറച്ച് മണ്ണ് പുരട്ടിയിരുന്നു. ചില അഭിനേതാക്കൾ ഇതറിഞ്ഞാൽ, അവർ തീർച്ചയായും അവ ധരിക്കാൻ വിസമ്മതിക്കും. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല.

photo- pragathi shetty


നായികയായ സപ്തമി ഗൗഡയുടെ വസ്ത്രങ്ങളെക്കുറിച്ച് കൂടുതൽ പറയാമോ? ആ ഇരട്ട മൂക്കുത്തിക്കൾ ഇപ്പോൾ ട്രെൻഡിങ്ങാണല്ലോ

സപ്തമിയുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നത് തുടക്കം മുതൽ ഒരു വെല്ലുവിളിയായിരുന്നു. പിന്നീട് അവൾക്ക് മറ്റു സിനിമകളിലും അഭിനയിക്കേണ്ടതാണല്ലോ. അതുകൊണ്ടു തന്നെ ഞങ്ങൾ ആദ്യം പ്രസ് ചെയ്യുന്ന നോസ്പിൻ ആണ് പരീക്ഷിച്ചത്. എന്നാൽ അതിന് ഒരു നാച്വറൽ ലുക്ക് തോന്നിയില്ല. പിന്നീട് മൂക്കു കുത്താമെന്ന തീരുമാനത്തിലെത്തി. രണ്ടു വശവും കുത്തുമ്പോൾ അനുഭവിക്കുന്ന വേദന വെറുതെയാകില്ലെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. ഇപ്പോൾ പല പെൺകുട്ടികളും ഇത് അനുകരിക്കുന്നുണ്ട്. നമ്മുടെ പ്രയത്‌നങ്ങൾ ഫലം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.

ഫോറസ്റ്റ് ഗാർഡ് ആയിട്ടുള്ള സപ്തമിയുടെ വേഷം തികച്ചും വ്യത്യസ്തമായിരുന്നു. ഞാൻ വനംവകുപ്പ് ജീവനക്കാരോടൊപ്പം ഇരുന്ന് തൊണ്ണൂറുകളിലെ വസ്ത്രങ്ങളെക്കുറിച്ച് പഠിച്ചു. സ്ത്രീകൾ വനം വകുപ്പിൽ ചേരാൻ തുടങ്ങിയ കാലമായിരുന്നു അത്. അക്കാലത്തെ ബാഡ്ജുകളും തുണിയുടെ നിറവുമൊക്കെ ഞാൻ പഠിച്ചു.

ആഭരണങ്ങളെക്കുറിച്ച് പറയാമോ? അവ എവിടെ‌ നിന്നാണ് കണ്ടെത്തിയത്?

മിക്കതും സിനിമയ്ക്കുവേണ്ടി പ്രത്യേകമായി ഉണ്ടാക്കിയെടുത്തവയാണ്. ഒരു സ്വർണ്ണപ്പണിക്കാരന്റെ കൂടെ ഇരുന്ന് കടലാസിൽ ചിത്രങ്ങൾ വരച്ച് ചെയ്യിപ്പിച്ചെടുത്തതാണ്. മിക്ക ആഭരണങ്ങളും വെള്ളിയിൽ നിർമ്മിച്ചതും സ്വർണം പൂശിയതുമാണ്. ഞാൻ റഫർ ചെയ്‌ത പല വിശദാംശങ്ങളെക്കുറിച്ചുമുള്ള ചിത്രങ്ങളൊന്നും കൈവശം ഇല്ലാത്തതിനാൽ എനിക്കവ വരച്ചു കാണിക്കേണ്ടി വന്നു.

പ്രൊമോഷൻ ചടങ്ങുകളിൽ വരുമ്പോളുള്ള ഋഷഭിന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയാമോ? അതിപ്പോൾ ഒരു ഫാഷൻ സ്റ്റേറ്റ് മെന്റായി  മാറിയിരിക്കുകയാണല്ലോ.

അത് ഞങ്ങൾ പ്ലാൻ ചെയ്തതാണ്. പ്രൊമോഷനു പോകുമ്പോൾ ധരിക്കാൻ ഞാൻ ധാരാളം കോസ്റ്റ്റ്റ്യൂമുകൾ ഋഷഭിനു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ആളുകൾക്ക് സിനിമയുടെ ഒരു ഫീൽ നൽകാനാണ് ഇങ്ങൻെ ചെയ്യുന്നത്. ‌സപ്തമിയും അവളുടെ ലുക്കിന് ചേരുന്ന വിധത്തിലുള്ള ട്രഡീഷണൽ ടച്ച് ഉള്ള കോസ്റ്റ്യൂമുകളാണ് ധരിക്കുന്നത്.

photo- pragathi shetty


വസ്ത്രാലങ്കാരത്തിൽ താത്പര്യം തോന്നിയത് എപ്പോൾ മുതലാണ്? താങ്കളുടെ സ്വപ്ന പദ്ധതി എന്താണ്?

വസ്ത്രാലങ്കാര മേഖലയിൽ സജീവമാകുന്നതിനു മുൻപ് ഞാൻ സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാനിത് നൂറിലേറെ തവണ കണ്ടിട്ടുണ്ടാകണം. എന്റെ കൂടെ സിനിമ കാണുന്നവർ കഥയും കഥാപാത്രങ്ങളുമൊക്കെയാണ് സാധാരണ ശ്രദ്ധിക്കുക. എന്നാൽ ആ കാലഘട്ടത്തിലെ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാമാണ് ഞാൻ വളരെ താത്പര്യത്തോടെ ശ്രദ്ധിച്ചത്. പീരിയഡ് ഡ്രാമകളും വിന്റേജ് ശൈലികളുമെല്ലാം എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. വിവാഹശേഷം ഈ രംഗത്തേക്ക് ചുവടുവെക്കാൻ തീരുമാനിച്ചു. ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് ചേരുകയും അതിനുശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. കാന്താരയുടെ ടീമിനൊപ്പം ഞാൻ വളരെ ആസ്വദിച്ചാണ് പ്രവർത്തിച്ചത്. എപ്പോഴും പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നല്ല ടീമുകൾക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് എന്റെ സ്വപ്നം. ഇതുപോലുള്ള പ്രോജക്ടുകളിൽ ഇനിയും പ്രവർത്തിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Published by:Rajesh V
First published: