നേപ്പാള്‍ റാപ്പര്‍ ബാലേൻ പ്രധാനമന്ത്രിയാകണമെന്ന് യുവാക്കൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
ബാലേന്‍ ഷായുടെ കുറിക്കുകൊള്ളുന്ന എഴുത്തുകളാണ് നേപ്പാളികള്‍ക്കിടയില്‍ അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റിയത്
രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗര പ്രക്ഷോഭത്തിനാണ് നേപ്പാള്‍ സാക്ഷ്യം വഹിക്കുന്നത്. യുവാക്കളാണ് പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ളത്. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ വ്യവസ്ഥയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മന്ത്രിമാരുടെയും വസതികള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
കെപി ശര്‍മ ഒലി പ്രധാനമന്ത്രി പദം രാജിവെച്ചു. രാഷ്ട്രപതി ഇത് അംഗീകരിച്ചുകൊണ്ട് നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള വഴിയൊരുക്കി. ഇതോടെ ഇടക്കാല പ്രധാനമന്ത്രിയായി റാപ്പർ ബാലേന്ദ്ര ഷായുടെ പേര് ഉയര്‍ത്തിക്കാട്ടി പ്രതിഷേധക്കാര്‍ ക്യാംപെയിന്‍ ആരംഭിച്ചു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, എക്‌സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള നേപ്പാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം പിന്നീട് ഒരു ബഹുജന പൗര പ്രസ്ഥാനമായി മാറുകയായിരുന്നു. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ രോഷാകുലരായ യുവാക്കള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുകയും സുപ്രീം കോടതിക്ക് തീയിടുകയും ചെയ്തു. പ്രതിഷേധത്തില്‍ കുറഞ്ഞത് 20 പേര്‍ മരിക്കുകയും 200-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
advertisement
പ്രതിഷേധത്തിനിടയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി യുവാക്കള്‍ മുന്നോട്ടുവെക്കുന്ന പേര് കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടേതാണ്. സംഘര്‍ഷം ശമിപ്പിക്കാന്‍ ഒരു നിഷ്പക്ഷ നേതാവ് വരണമെന്ന് ജെന്‍ സി പ്രക്ഷോഭക്കാര്‍ ആഗ്രഹിക്കുന്നു. ഇത് ചെന്നെത്തിനിൽക്കുന്നത് ബാലേന്ദ്ര ഷായിലും
റാപ്പറില്‍ നിന്നും നേപ്പാളിനെ നയിക്കാന്‍ രാഷ്ട്രീയക്കാരനായി മാറിയ ബാലേന്ദ്ര ഷാ ആരാണെന്നറിയാം.
ബാലേന്‍ ഷാ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ നേപ്പാളിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ മേയറാണ്. സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന അദ്ദേഹം ജനപിന്തുണയോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിലെ പ്രതിഷേധക്കാരായ യുവാക്കളുടെ അടക്കം നിരവധി പേരുടെ പ്രശംസ നേടിയ വ്യക്തിത്വമായി മാറി.
advertisement
വളര്‍ന്നുവരുന്ന സംഗീതജ്ഞരെ പോലെ ബാലേന്‍ ഷായുടെ സംഗീതത്തിലെ കുറിക്കുകൊള്ളുന്ന എഴുത്തുകള്‍ നേപ്പാളികള്‍ക്കിടയില്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. അദ്ദേഹത്തിന്റെ റാപ്പുകള്‍ നേപ്പാളിലെ വീടുകള്‍ ഏറ്റെടുത്തു. ഇത് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ വേറിട്ട നേതാവാക്കി ഉയർത്തി.
2022-ലാണ് ബാലേന്ദ്ര ഷാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നേപ്പാള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കാതെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. മാലിന്യ ശേഖരണം, ഗതാഗത കുരുക്ക്, അനധികൃത നിര്‍മ്മാണം, നഗര ദുര്‍ഭരണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള ഷായുടെ പ്രചാരണങ്ങള്‍ കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചു.
advertisement
മുതിര്‍ന്ന രാഷ്ട്രീയക്കാരെയും പാര്‍ട്ടികളെയും ബാലേന്ദ്രയുടെ വിജയം അമ്പരപ്പിച്ചു. അവിടെയും നിന്നില്ല, അസാധാരണമായ രീതികളിലാണ് അയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു മേയര്‍ എന്ന നിലയില്‍ അദ്ദേഹം യോഗങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി, ഉദ്യോഗസ്ഥരെ നേരിട്ട് വെല്ലുവിളിച്ചു. അഴിമതിയില്‍ കുളിച്ച വ്യവസ്ഥകളില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിച്ച നിരാശരായ നേപ്പാളികളുടെ ഭാഷയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സംസാരിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വിലക്കിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഇതിനിടയിൽ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായി മാറി. യുവാക്കള്‍ ബാലേന്ദ്ര ഷായെ പരസ്യമായി പിന്തുണച്ചു. തന്റെ പൂര്‍ണ്ണ സഹതാപം യുവാക്കളോടാണെന്ന് അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. വ്യക്തിപരമായോ പാര്‍ട്ടി നേട്ടങ്ങള്‍ക്കോ വേണ്ടി രാഷ്ട്രീയക്കാര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
advertisement
പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമില്ലെങ്കിലും പ്രധാനമന്ത്രി ഒലിയുടെ രാജിക്കുശേഷം നേപ്പാളില്‍ നിലനില്‍ക്കുന്ന ശൂന്യത നികത്താന്‍ ബാലേന്‍ ഷാ സ്വയം അവതരിച്ചു.
അതേസമയം, നേപ്പാളില്‍ പ്രതിഷേധം തുടരുകയാണ്. ടിവി സ്റ്റേഷനുകളും ഓഫീസുകളും പ്രതിഷേധക്കാര്‍ കത്തിച്ചു. സൈന്യം അവരോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചു. തല്‍ക്കാലം ഭരണ നിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 10, 2025 12:05 PM IST