ഏറെ നാളായി മലയാള സിനിമാ മേഖലയും അഭിനേതാക്കളും വല്ലാത്ത ഒരു തരം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് ഭീതി ആരംഭിച്ചതോടു കൂടി മാസങ്ങളോളം പ്രവർത്തിമേഖലയിലേക്കു തിരികെപോകാനാവാത്ത അവസ്ഥയിലായിരുന്നു അവരിൽ ഭൂരിഭാഗവും. സിനിമാ തിയേറ്ററുകൾ വെളിച്ചം കണ്ടിട്ട് അതിലുമേറെയായി.
അത്തരത്തിൽ നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം അഭിനയരംഗത്ത് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് നടനും സംവിധായകനുമായ മേജർ രവി. ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ '
മേപ്പടിയാൻ' എന്ന ചിത്രത്തിലാണ് മേജർ രവി വേഷമിടുന്നത്. അദ്ദേഹം സെറ്റിൽ എത്തിയതിന്റെ വിശേഷം ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നു.
കുറേക്കാലമായി വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുകയായിരുന്നു എന്ന് മേജർ രവി. ഇപ്പോൾ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. സെറ്റിലെ മേജർ രവിയുടെ വരവ് ആഘോഷിക്കുകയാണ് വീഡിയോ. സഹപ്രവർത്തകരെ കണ്ടതിന്റെ ആനന്ദത്തിൽ അദ്ദേഹം അവരെ ആശ്ലേഷിക്കുന്നതും വീഡിയോയിൽ കാണാം. മേജർ രവിയുടെ വാക്കുകൾ ചുവടെയുള്ള വീഡിയോയിൽ കേൾക്കാം.
തിയേറ്റർ റിലീസ് ലക്‌ഷ്യം വച്ച് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ. ലോക്ക്ഡൗൺ കാരണം ഷൂട്ടിംഗ് തുടങ്ങാൻ വൈകിയ ചിത്രം വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. സിനിമ തിയേറ്ററിൽ തന്നെയാവും റിലീസ് ചെയ്യുക എന്ന് അണിയറപ്രവർത്തകർ ശുഭാപ്തിവിശ്വാസത്തിലാണ്.
ഒരു മുഴുനീള ഫാമിലി എന്റെർറ്റൈനെർ ആവും ഈ ചിത്രം. ജയകൃഷ്ണൻ എന്നെയൊരു നാട്ടിൻപുറത്ത്കാരന്റെ കഥാപാത്രമായാണ് ഉണ്ണി സ്‌ക്രീനിലെത്തുക. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലാവും ചിത്രീകരണം. ഇന്ദ്രൻസ്, സൈജു കുറുപ്, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.
ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരനായ ഉണ്ണിയെ ആദ്യമായാണ് ഇത്തരത്തിൽ കാണേണ്ടി വന്നതെന്ന് മേജർ രവി. അക്കാര്യം അദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.