നടന്‍ മമ്മൂട്ടിയുടെ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ‘മമ്മൂട്ടി കമ്പനി’യുടെ ലോഗോ മാറ്റും. കമ്പനിയുടെ ലോഗോ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ലോഗോ പിന്‍വലിച്ചു. പുതിയ ലോഗോ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടക്കുമെന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി പറയുന്നുവെന്നും മമ്മൂട്ടി കമ്പനി അറിയിച്ചു.
‘സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ അപ്ഡേറ്റുകൾക്കായി ഇവിടം സന്ദർശിക്കുക.’
ജോസ്‌മോൻ വാഴയിൽ എന്ന വ്യക്തി മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാ ബേസ് എന്ന സിനിമ ഗ്രൂപ്പിലൂടെയാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയടിയാണെന്ന ആരോപണം ഉന്നയിച്ചത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു എന്നാണ് പ്രധാന ആരോപണം.
ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനർ ചെയ്തിരിക്കുന്നതെന്നും മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്മോൻ വാഴയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിർമ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതിൽ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്മോൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ ആണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം. റോഷാക്ക്, നന്പകൽ നേരത്ത് മയക്കം, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മറ്റ് സിനിമകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.