HOME » NEWS » Film » MOVIES COLD CASE MOVIE REVIEW PRITHVIRAJ TANU BALAK

Cold Case review | കോൾഡ് കേസ്: അതീന്ദ്രിയ സത്യങ്ങളും, ശാസ്ത്രവും, കുറ്റാന്വേഷണവും കൈകോർക്കുമ്പോൾ

Read Cold case movie review | ഒരു കൊലപാതകം, സമാന്തര അന്വേഷണവുമായി പോലീസുകാരനും മാധ്യമപ്രവർത്തകയും

meera | news18-malayalam
Updated: June 30, 2021, 10:59 AM IST
Cold Case review | കോൾഡ് കേസ്: അതീന്ദ്രിയ സത്യങ്ങളും, ശാസ്ത്രവും, കുറ്റാന്വേഷണവും കൈകോർക്കുമ്പോൾ
കോൾഡ് കേസ്
  • Share this:
കാൽനൂറ്റാണ്ടിനും മുൻപ് 'മണിച്ചിത്രത്താഴിലെ' ഡോക്ടർ സണ്ണിയിൽ നിന്നുമാണ് മലയാള സിനിമ സൈക്കോളജിയുടെയും പാരാസൈക്കോളജിയുടെയും അതീന്ദ്രിയ ശക്തികളുടെയും സമന്വയം രൂപം നൽകിയ സൃഷ്‌ടികൾക്ക് പിന്നാലെയുള്ള യാത്ര തുടങ്ങുന്നത്. അത്തരം സിനിമകൾ പിന്നെയും വ്യത്യസ്ത സമയങ്ങളിൽ, വെവ്വേറെ കാലഘട്ടങ്ങളിൽ പ്രേക്ഷകരുടെ മുന്നിലൂടെ കടന്നു പോയി. 'കോൾഡ് കേസിന്' ആമുഖം കുറിക്കുമ്പോൾ, ഇതിൽ ചിലതെല്ലാം വീണ്ടും ഓർമ്മയിൽ തെളിഞ്ഞെന്നിരിക്കും. ത്രില്ലർ ചിത്രങ്ങൾ അരങ്ങുവാഴുന്ന 2020കളിൽ ശാസ്ത്രവും മനുഷ്യനും മനുഷ്യനിർവചനങ്ങൾക്ക് അപ്പുറമുള്ളവയും അണിനിരന്ന ഒരു കഥയുമായാണ് ഈ പൃഥ്വിരാജ് ചിത്രത്തിന്റെ വരവ്.

ഗാർബേജ് ബാഗിൽ പൊതിഞ്ഞ നിലയിൽ ജലാശയത്തിൽ നിന്നും പൊന്തിവന്ന ഒരു തലയോട്ടിയുടെ പിന്നാലെയുള്ള കുറ്റാന്വേഷണ സംഘത്തിന്റെ യാത്രയാണ് 'കോൾഡ് കേസ്'. അന്വേഷണ ചുമതലയിൽ എ.സി.പി. സത്യജിത് എന്ന പൃഥ്വിരാജ് കഥാപാത്രം കടന്നു വരുമ്പോൾ, ഇതേ കേസിന് പിന്നാലെ, പരസ്പരം പരിചയംപോലുമില്ലാതെ, മേധ (അദിതി ബാലൻ) എന്ന മാധ്യമപ്രവർത്തകയും ഇറങ്ങിത്തിരിക്കുന്നു. ഇവരുടെ സമാന്തര അന്വേഷണമാണ് ഇതിവൃത്തം.

സത്യജിത്തിന്റെ യാത്ര തെളിവുകളുടെയും ശാസ്ത്രത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും വഴിയിൽ പുറപ്പെടുമ്പോൾ, മേധയുടേത് മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള അതീന്ദ്രിയ ശക്തികളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ നീങ്ങുന്നു. പഞ്ചേന്ദ്രിയങ്ങൾക്ക് പുറമെയുള്ള ചിലതെല്ലാം പരിചയപ്പെടുത്തുന്ന ടി.വി. പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന മേധ, താനും മകളും താമസിക്കുന്ന വീട്ടിലുണ്ടാവുന്ന വിചിത്രമായ ചില സംഭവവികാസങ്ങളുടെ ചുവടുപിടിച്ച് അവയുടെ ചുരുളഴിക്കാൻ തീരുമാനിക്കുന്നു.

യുക്തിയും വിശ്വാസവും തമ്മിലെ ചേരിചേരായ്ക നിലനിൽക്കുമ്പോഴും, ആ തലയോട്ടിയുടെ പിന്നിലെ വ്യക്തിയെയും അവരുടെ ജീവിത്തെയും അനാവരണം ചെയ്ത്, മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊലയുടെ പൊയ്‌മുഖം വലിച്ചുകീറാൻ സഹായകമാവുന്നു.

മുൻപേ കടന്നു പോയ 'പ്രേതം', 'അഞ്ചാം പാതിരാ', ദൃശ്യം' പോലുള്ള ത്രില്ലർ ചിത്രങ്ങളുമായി മത്സരിക്കാൻ പ്രാപ്തിയുള്ള തിരക്കഥയാണ് ഈ സിനിമയുടെ നെടുംതൂൺ. വീണ്ടുമൊരു പോലീസ് വേഷം ചെയ്ത പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ, അദ്ദേഹം നൽകിയ മറുപടി തന്നെയാണ് ഈ സിനിമയിൽ കാണാൻ കഴിയുന്നത്; ഇവിടെ കഥാപാത്രങ്ങളല്ല, കഥയാണ് പ്രധാനം.

Also read: Prithviraj | Lohithadas | ലോഹിതദാസിന്റെ മരണം തനിക്കേൽപ്പിച്ച ഏറ്റവും വലിയ നഷ്‌ടത്തെക്കുറിച്ച് പൃഥ്വിരാജ്

കാണ്മാനില്ല എന്ന് പോലും ആരും പരാതിപ്പെടാനില്ലാത്ത ഒരു വ്യക്തിയുടെ മരണത്തിന്മേലുള്ള സത്യജിത്തിന്റെ അന്വേഷണവും, മേധയുടെ പ്രയാണവും പലപ്പോഴായി ആരാവും കുറ്റവാളി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ പാകത്തിന് ചില വഴിത്തിരിവുകൾ നൽകുന്നുണ്ട്.

കൂടാതെ മികച്ച രീതിയിലെ സാമൂഹിക നിരീക്ഷണവും സിനിമയുടെ മുതൽക്കൂട്ടാണ്. 'ഒരു മനുഷ്യന് അയാളുടെ സഹജീവിയോട് ഇങ്ങനെയും ചെയ്യാൻ കഴിയുമോ' എന്ന് നമ്മൾ നമ്മളോട് ചോദിച്ച നിമിഷങ്ങൾ ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് കാണാം. പ്രചാരണ വേളയിൽ എങ്ങും തന്നെ പരാമർശിക്കപ്പെടാത്ത ഈ കാലഘട്ടത്തെയും സിനിമ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെടലിന്റെ ആദ്യ ദിനങ്ങൾ കുറ്റകൃത്യത്തിന്റെ പശ്ചാത്തലമായി രംഗപ്രവേശം ചെയ്യുന്നു. എന്നാൽ അതിനുശേഷം ഉണ്ടായ അന്വേഷണത്തിൽ സിനിമയിലെ കഥാപാത്രങ്ങളെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവരായി അവതരിപ്പിക്കാൻ ശ്രദ്ധിക്കാമായിരുന്നു. അക്കാര്യം ഒരു കഥാപാത്രത്തിൽ ഒരുങ്ങുന്നതായി മാറി.

തിരക്കഥ ഏൽപ്പിച്ച ജോലി കഥാപാത്രങ്ങൾ കൃത്യമായി ചെയ്യുമ്പോൾ, അതിനായി സംവിധായകൻ പുതുമുഖങ്ങൾക്കുൾപ്പെടെ അവസരം നൽകിയിട്ടുണ്ട്. പൃഥ്വിരാജിന് പുറമെ, അദിതി ബാലൻ, അനിൽ നെടുമങ്ങാട്, ആത്മീയ, മാലാ പാർവതി, 'സോൾട്ട് മംഗോ ട്രീ'യിലൂടെ ശ്രദ്ധനേടിയ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അലൻസിയർ, രാജേഷ് ഹെബ്ബാർ തുടങ്ങിയ പരിചിത മുഖങ്ങൾ കൂടാതെ ബോളിവുഡിൽ നിന്നും സുചിത്ര പിള്ള, സമാന്തര സിനിമയിൽ സജീവ സാന്നിധ്യമായ കണ്ണൻ നായർ, വിജയകുമാരി, പൂജ മോഹൻരാജ് തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകനായ ശ്രീനാഥ് ആണ് സിനിമയുടെ തിരക്കഥ.

Youtube Video


സിനിമ തിയേറ്ററിനു പുറത്തിറങ്ങിയതിന്റെ കുറവ് പ്രേക്ഷകന് അനുഭവപ്പെടുന്നത് ഇതിലെ ഹൊറർ അന്തരീക്ഷവും അവിടെ ഉപയോഗിച്ചിരിക്കുന്ന സംഗീത വിന്യാസവും ചെറിയ സ്‌ക്രീനുകളിൽ കാണേണ്ടി വരുമ്പോഴാണ്. ബിഗ് സ്‌ക്രീനിൽ ഇവയെല്ലാം കുറച്ചേറെ ആസ്വദിക്കാൻ കഴിഞ്ഞേനെ എന്ന തോന്നൽ ഇല്ലായ്കയില്ല.

പരസ്യചിത്ര മേഖലയിൽ അനേക വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു സംവിധായകൻ സിനിമയിലേക്ക് കടക്കുമ്പോൾ പലപ്പോഴും കാണാവുന്ന സെറ്റുകളിലെ സൗന്ദര്യത്തിന്റെ അത്യാർഭാടം നിലയ്ക്ക് നിർത്താൻ നവാഗത ചലച്ചിത്രകാരൻ തനു ബാലക് ശ്രദ്ധ പുലർത്തി.

ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ 'കോൾഡ് കേസ്' ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
Published by: Meera Manu
First published: June 30, 2021, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories