Gold movie review | മൊബൈൽ ഫോൺ കട നടത്തുന്ന ജോഷി (പൃഥ്വിരാജ്) എന്ന യുവാവിന്റെ വീട്ടുമുറ്റത്ത് ഒരു സുപ്രഭാതത്തിൽ ലോഡുമായി അജ്ഞാത വാഹനം പ്രത്യക്ഷപ്പെടുന്നു. ഉടമസ്ഥനില്ലാത്ത വാഹനം അയാളുടെ ജീവിതത്തിൽ നിശ്ചയിച്ചുറപ്പിച്ചത് പോലെ പലതിനും ആരംഭം കുറിക്കുന്നു. വളരെ നല്ലൊരു ത്രെഡ് എന്ന് പറയാം. റിലീസിനു മണിക്കൂറുകൾ ശേഷിക്കെ സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലെ ആദ്യ വാചകം തന്നെ സംഭവിക്കുന്ന കാഴ്ചയിലേയ്ക്കാണ് ‘ഗോൾഡ്’ (Gold movie) പ്രയാണം ആരംഭിക്കുക. കുറച്ചുപേരുടെ മുഖത്ത് മാസ്ക് ഉള്ളതിനാൽ കഥ കോവിഡ് കാലത്ത് നടക്കുന്നതാണെന്ന് ഉറപ്പിക്കാം.
ത്രെഡ് കഥയും തിരക്കഥയുമായി മാറിയ ശേഷം വലിയ പരിക്കുകളില്ലാതെ രക്ഷപെടുന്നുണ്ട്. അപ്പോഴും ചില ‘പക്ഷെ’കൾ ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയുന്നില്ല.
തുടക്കത്തിൽ പറഞ്ഞ ത്രെഡ് സംഭവിക്കുമ്പോൾ, നായകൻ കാലതാമസമില്ലാതെ പോലീസിൽ വിവരമറിയിക്കുന്നു. പോലീസ് സംഭവസ്ഥലത്തെത്തുന്നു. സംശയാസ്പദമായ നിലയിൽ രായ്ക്കുരാമാനം ലോഡ് നിറഞ്ഞ ഒരു വാഹനം അപരിചതന്റെ വീട്ടിൽ പാർക്ക് ചെയ്യപ്പെടുമ്പോൾ പോലീസ് എത്തി ആ ലോഡ് എന്താണെന്ന് തുറന്നു പരിശോധിക്കുന്ന പ്രക്രിയ തീർത്തും സ്വാഭാവികം. അതുപോലെ തന്നെ തൊട്ടടുത്തുള്ള വീട്ടുകാരോ നാട്ടുകാരോ സംഭവമറിഞ്ഞ് ഒന്നെത്തി നോക്കുകയെങ്കിലും ആവാം. ജോഷിയും അമ്മയും (മല്ലിക സുകുമാരൻ) താമസിക്കുന്ന വീട്ടുപറമ്പിൽ ഇത്രയുമൊക്കെ ഉണ്ടായിട്ടും, പോലീസിനും നാട്ടുകാർക്കും എന്തായാലും കൗതുകം തീരെയില്ല. ലോഡ് മൂടിയ ടാർപോളിൻ ഷീറ്റ് ഒന്നുയർത്തി നോക്കി പോകുന്നതിൽ തീരുന്നു പോലീസിന്റെ കടമ. എന്തിനേറെ പറയുന്നു, ഈ ലോഡ് വന്നതില്പിന്നെ മകൻ വീട്ടിലും പരിസരത്തുമായി നടത്തുന്ന ചില തന്ത്രങ്ങൾ അമ്മ അറിയുന്നുപോലുമില്ല.
ഒരു മലയാള വാണിജ്യ ചിത്രം സബ് ടൈറ്റിലോടെ കേരളത്തിലെ തിയേറ്ററുകളിൽ വരിക പതിവില്ലെങ്കിൽ, ‘ഗോൾഡിൽ’ അതിനുപകരം ക്യാപ്‌ഷനുകളുടെ ഘോഷയാത്ര പ്രതീക്ഷിച്ചോ. ഇവിടെ, ഇങ്ങനെ, ആര് തുടങ്ങിയ നിലയിൽ ക്യാപ്‌ഷനിലൂടെയുള്ള വിളിച്ചു പറയൽ സിനിമയുടെ സ്വാഭാവികതയിലേക്കുള്ള ഇടപെടലല്ലേ എന്ന് തോന്നിക്കൂടായ്കയില്ല. ഡയലോഗിൽ തന്നെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, അൽപ്പം കൂടി എൻഗേജിങ് ആയി തോന്നേണ്ടിയ കാര്യങ്ങൾ ക്യാപ്‌ഷനിൽ കുടുങ്ങിക്കിടപ്പുണ്ട്.
സിനിമയുടെ ആദ്യപകുതിയിൽ ലാഗ് അടിക്കൽ സാധ്യത തെളിയുന്നു. ഇവിടെയാണ് സിനിമയുടെ പ്രധാന ഹൈപ്പുകളിൽ ഒന്നായിരുന്ന നായിക നയൻതാരയുടെ വരവ്. വീടിനുള്ളിലെ സോഫയിലിരുന്നു കൊണ്ട് ചില ഡയലോഗുകൾ പറയുക മാത്രമാണ് താരം ചെയ്യുക. അതേസമയം, സ്ക്രീൻ സമയത്തിന്റെ ഏറിയ പങ്കും നായകൻ പൃഥ്വിരാജ് അക്ഷീണം പ്രവർത്തിക്കേണ്ടിവന്നു എന്നത് നായികയ്ക്കും നായകനും ലഭിച്ച സ്ക്രീൻസ്‌പെയ്‌സിന്റെ വൈരുധ്യം എടുത്തുകാട്ടും. സുമംഗലി ഉണ്ണികൃഷ്ണൻ (നയൻതാര) ഇനി എന്ത് ചെയ്യുമായിരിക്കും എന്ന ചോദ്യം മനസ്സിൽവച്ചാവും പ്രേക്ഷകൻ രണ്ടാം പകുതിയിൽ കണ്ണുംനട്ടിരിക്കുക.
എഡിറ്റിംഗ് ടേബിളിൽ മലയാള സിനിമ വർഷങ്ങൾക്ക് മുൻപ് പറഞ്ഞുവെച്ച ചിലതെല്ലാം പൊടിതട്ടിയെടുത്തിട്ടുണ്ട്. പുത്രന്റെ തന്നെ ‘പ്രേമം’ സിനിമയിലെ പൂമ്പാറ്റ ഇവിടെയും ഫ്രയിമുകളെ തഴുകി പറക്കുന്നത് കാണാം. അതുപോലെ പുൽച്ചാടി, അണ്ണാൻ, ഉറുമ്പ് (ഒറ്റയ്ക്കും കൂട്ടമായും) സ്‌ക്രീനിൽ ഇടയ്ക്കിടെ ഹാജർ വച്ചുപോകുന്നുണ്ട്. പ്രകൃതിയാണ് ഇവിടെ മെയിൻ. ജമ്പ് കട്ട് ഒക്കെ ഇനിയും കാലഹരണപ്പെട്ടിട്ടില്ല എന്ന് ‘ഗോൾഡ്’ൽ കാണാം. ഒരാൾ വെറുതെ നടന്നു പോകുന്ന ഷോട്ടിൽ തന്നെ അത് പര്യവേക്ഷിക്കപ്പെട്ടിട്ടുണ്ട്.
മുന്നേ പറഞ്ഞ പോലെ നായകൻ തന്നെയാണ് സിനിമയുടെ സർവ്വസ്വം. ഇദ്ദേഹം ഇല്ലാത്ത രംഗങ്ങൾ രണ്ടേമുക്കാൽ മണിക്കൂറിൽ എണ്ണിപ്പെറുക്കുകയാവും എളുപ്പം. കലാമൂല്യമുള്ള, അല്ലെങ്കിൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുന്ന അഭിനേതാക്കളായ ജഗദീഷ്, ബാബുരാജ്, സുരേഷ് കൃഷ്ണ, ഷമ്മി തിലകൻ, ഷറഫുദീൻ, സൗബിൻ ഷാഹിർ, സിജു വിത്സൺ, ലാലു അലക്സ്, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ തുടങ്ങിയവർക്കും ക്യാമറയ്ക്കുമുന്നിൽ അവസരം നൽകിയിട്ടുണ്ട്.
ബോർ അടിച്ചാൽ കേൾക്കാൻ ഒരു ബാൻഡ് ഗാനവും ഡാൻസുമുണ്ട്. ഒരേ സ്റെപ്പിലെ ഡാൻസ് വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതിനാൽ, കാണുന്നവർക്കും സ്റ്റെപ്പുകൾ മനഃപാഠമാക്കി പരീക്ഷിക്കാൻ കഴിയും. കഥയുടെ സന്ദർഭത്തിൽ എന്താണ് കാര്യം എന്ന് ആലോചിച്ചാലും പിടിതരാത്ത ഉൾപ്പെടുത്തലുകളായി പഴയകാല സിനിമാ പാട്ടുകളും നാദിർഷായുടെ പഴയ പാരഡി കാസറ്റിലെ വരികളും കേൾക്കാം.
മുഴുനീളവേഷത്തിൽ നയൻതാരയെ മലയാളത്തിൽ കാണാൻ ‘ലവ്, ആക്ഷൻ, ഡ്രാമ’ കഴിഞ്ഞതുമുതലുള്ള കാത്തിരിപ്പ് തുടരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.