Gramavrikshathile Kuyil | 81-ാം വയസ്സില്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയില്‍' പ്രദർശനത്തിനെത്തുന്നു

Last Updated:

കുമാരനാശാന്റെ കവിതയും ജീവിതവുമാണ് 2019ല്‍ തന്റെ 81ാം വയസ്സില്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം

ഗ്രാമവൃക്ഷത്തിലെ കുയില്‍
ഗ്രാമവൃക്ഷത്തിലെ കുയില്‍
കൊച്ചി: 'അതിഥി' മുതല്‍ 'ആകാശഗോപുരം' വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നല്‍കിയ സംവിധായകന്‍ കെ.പി. കുമാരന്‍ (KP Kumaran) സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ (Gramavrikshathile Kuyil) ഏപ്രില്‍ 8ന് തിയെറ്ററുകളിലെത്തുന്നു. ലോകം കണ്ട ഏറ്റവും വലിയ കവികളിലൊരാളായ കുമാരനാശാന്റെ കവിതയും ജീവിതവുമാണ് 2019ല്‍ തന്റെ 81ാം വയസ്സില്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം.
ഗായകനും സംഗീതസംവിധായകനുമായ ശ്രീവല്‍സന്‍ ജെ. മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗ്ഗി അനന്തനും സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്റെ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും അഭിനയിക്കുന്നു. ശ്രീവത്സന്‍ ജെ. മേനോനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ചിരിക്കുന്ന ആശാന്‍ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേര്‍ത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂര്‍ ശ്രീ, കോഴിക്കോട് ശ്രീ എ്ന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് റിലീസ്.
advertisement
2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ IFFKയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുമാരനാശാന്റെ ബയോപിക് എന്നു വിളിക്കാവുന്ന ഈ ചിത്രം തന്റെ സ്വപ്‌നപദ്ധതിയായിരുന്നെന്ന് കെ.പി. കുമാരന്‍ പറഞ്ഞു. കേരളം കണ്ട ഇതിഹാസപുരുഷനായ കുമാരനാശാനെപ്പറ്റിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമായാണ് പ്രേക്ഷകരെ തേടിയെത്തുന്നത്.
കവിയെന്നതിനോടൊപ്പം ദാര്‍ശനികനും സാമൂഹ്യപരിഷ്‌കര്‍ത്താവും വ്യവസായിയുമെല്ലാമായിരുന്ന ആശാന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിഭയുടെ ആവിഷ്‌കാരമായിരുന്നു. 'സാധാരണ നിലയിലുള്ള ഒരു സമ്പൂര്‍ണ ബയോപിക്കല്ല ഗ്രാമവൃക്ഷത്തിലെ കുയില്‍. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50-ാം വയസ്സില്‍ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ജീവിതത്തിലെ സംഭവങ്ങള്‍ എന്നിവയാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്,' സംവിധായകൻ പറഞ്ഞു. ലളിതമായ ശൈലിയില്‍ അമൂര്‍ത്തമായാണ് ആഖ്യാനം. എഡിറ്റിംഗിലെ പരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കെ.പി. കുമാരന്റെ ഭാര്യ എം. ശാന്തമ്മ പിള്ളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
ശ്രീനാരായണ ഗുരുവായി മുന്‍ഷി ബൈജുവും സഹോദരന്‍ അയ്യപ്പനായി രാഹുല്‍ രാജഗോപാലും വേഷമിടുന്ന ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധരും പ്രശസ്തരാണ്. കെ.ജി. ജയനാണ് ഛായാഗ്രാഹകന്‍. ശബ്ദലേഖനം ടി. കൃഷ്‌നുണ്ണി. സംഗീതസംവിധാനം ശ്രീവല്‍സന്‍ ജെ. മേനോന്‍. എഡിറ്റിംഗ്- ബി. അജിത്കുമാര്‍. വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍. സബ്ജക്റ്റ് കണ്‍സള്‍ട്ടന്റായി ജി. പ്രിയദര്‍ശനന്‍ പ്രവര്‍ത്തിച്ച ചിത്രത്തിനായി പട്ടണം റഷീദ് ഒരുക്കിയ മേക്കപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്നത്തെ കേരളീയ സാഹചര്യങ്ങളില്‍ കുമാരനാശാന്റെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്ന് കെ.പി. കുമാരന്‍ പറഞ്ഞു. 'കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ആശാന്‍. അദ്ദേഹത്തെപ്പറ്റി നമ്മള്‍ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കണം,' കെ.പി. കുമാരന്‍ പറയുന്നു.
advertisement
1975ല്‍ അന്നത്തെ ചെറുപ്പക്കാരുടെ കള്‍ട്ട് സിനിമയായി മാറിയ അതിഥിയിലൂടെ രംഗത്തു വന്ന കെ.പി. കുമാരന് വരുന്ന ഈ വർഷം ഓഗസ്റ്റില്‍ 84 വയസ്സ് തികയും. 2022ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തുന്ന ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള കുമാരനാശാനെ പുതിയ തലമുറയ്ക്കു കൂടി പരിചയപ്പെടുത്തുകയെന്ന കടമ കൂടിയാണ് കുമാരന്‍ പൂര്‍ത്തിയാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Gramavrikshathile Kuyil | 81-ാം വയസ്സില്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയില്‍' പ്രദർശനത്തിനെത്തുന്നു
Next Article
advertisement
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
  • 6.5 മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല പാലം തുറന്നു.

  • പുലർച്ചെ 4.56-ന് ആദ്യ ഗുഡ്സ് ട്രെയിൻ പുതിയ ഏഴിമല പാലത്തിലൂടെ കടന്നു.

  • ചങ്കുരിച്ചാൽ പാലം ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് പുതിയ പാലം നിർമിച്ചു

View All
advertisement