ദൃശ്യം 2വിന്‍റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ എസ്എസ് രാജമൗലി. ചിത്രത്തിന്‍റെ സംവിധായകൻ ജീത്തു ജോസഫിന് അയച്ച സന്ദേശത്തിലാണ് ദൃശ്യം 2 കണ്ട ശേഷമുള്ള പ്രതികരണം രാജമൗലി അറിയിച്ചത്. ചിത്രത്തെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിച്ച ബാഹുബലി സംവിധായകൻ, തിരക്കഥ,സംവിധാനം, എഡിറ്റിംഗ്, ആക്ടിംഗ് എന്നിങ്ങനെ ഓരോ മേഖലകളെയും എടുത്ത് പറഞ്ഞാണ് അഭിനന്ദനം വാരിച്ചൊരിയുന്നത്.
സംവിധായകൻ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് ജീത്തു ജോസഫ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ ആവേശത്തോടെ പങ്കുവച്ചിരിക്കുന്നത്. ഇത്തരമൊരു അഭിനന്ദനം കിട്ടിയതിൽ കൃതാർത്ഥനാണെന്നും കുറിച്ചിട്ടുണ്ട്. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 കണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് രാജമൗലിയുടെ സന്ദേശം. ചിത്രം കണ്ടത് മുതൽ അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ നിറഞ്ഞു നിന്നതിനാല്‍ ദൃശ്യത്തിന്‍റെ ആദ്യഭാഗവും കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ തെലുങ്ക് വേർഷൻ റിലീസ് ചെയ്ത സമയത്ത് തന്നെ കണ്ടിരുന്നുവെന്ന കാര്യവും പ്രത്യേകം കുറിക്കുന്നുണ്ട്.
'തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്‍റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ് അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്നും കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നു'. രാജമൗലി സന്ദേശത്തിൽ പറയുന്നു.
ഫെബ്രുവരി 18നാണ് ദൃശ്യം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.