• HOME
  • »
  • NEWS
  • »
  • film
  • »
  • Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം; ജോർജുകുട്ടി കുടുങ്ങുമോ?; കാണികളെ നടുക്കി ദൃശ്യം 2

Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം; ജോർജുകുട്ടി കുടുങ്ങുമോ?; കാണികളെ നടുക്കി ദൃശ്യം 2

Read Drishyam 2 review | ഡിജിറ്റൽ യുഗത്തിൽ ഇത്തരം ഒരു കുറ്റാന്വേഷണ സിനിമയുടെ സസ്പെൻസ് അല്ലെങ്കിൽ ക്ലൈമാക്സ് എത്ര നേരം സൂക്ഷിച്ചു വെക്കാം എന്നുള്ളത് അതിന്റെ സൃഷ്ടാക്കൾക്ക് ഒരു വെല്ലുവിളി തന്നെയാണ്

Drishyam 2

Drishyam 2

  • Share this:
    പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകിൽ രണ്ടാം തരക്കാരനായി തല കുനിച്ചു നിൽക്കാൻ മാത്രമായിരുന്നു അത്തരത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. പലപ്പോഴും നിരാശയോ ചിലപ്പോഴൊക്കെ വെറുപ്പോ ഒക്കെയാണ് തീയറ്ററുകളെ ജനസാഗരമാക്കിയ തകർപ്പൻ വിജയങ്ങളുടെ മിക്ക രണ്ടാം ഭാഗങ്ങളും ആദ്യ ഭാഗത്തിന്റെ കടുത്ത ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകർ ആദ്യ ഭാഗവുമായി നടത്തുന്ന അനിവാര്യമായ താരതമ്യമാണ് ഇതിന് പ്രധാന കാരണം. ആദ്യ ഭാഗത്തിലെ പരിചിതമായ കഥാപാത്രങ്ങളിലൂടെ ഓരോ കാണിയും തന്റേതായ ഭാവന ലോകമുണ്ടാക്കിയിരിക്കുന്ന അവസ്ഥയിലാണ് രണ്ടാം ഭാഗം എത്തുക. അത് മിക്കവാറും നിരാശയിലാകും അവസാനിക്കുക. എന്നാൽ ഇതിന് ഒരു അപവാദമാവുകയാണ് ഏഴുവർഷം മുമ്പ് വലിയ പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്നു ആദ്യ പ്രദർശനത്തിനു ശേഷം കാണികളെ ഞെട്ടിച്ച് ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും അധികം താമസിയാതെ പടർന്ന ദൃശ്യത്തിന്റെ തുടർച്ചയായ ദൃശ്യം 2.

    അന്നത്തെ ഇടത്തരക്കാരനായ ഇടുക്കി രാജാക്കാട് സ്വദേശി .ജോർജുകൂട്ടി (മോഹൻലാൽ )യും കുടുംബവും അവരുടെ ഭൗതിക അവസ്ഥകളിൽ വളരെ മുന്നോട്ട് പോയി നിൽക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കാണാതായ വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരന്റെ മൃതദേഹം തേടിയാണ് ഇതിലെ അന്വേഷണം. വരുണിന്റെ 'അമ്മയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഗീത പ്രഭാകർ(ആശാ ശരത് )ക്കു വേണ്ടി ബാച്ച് മേറ്റ് ബാസ്റ്റിൻ തോമസ് (മുരളി ഗോപി ) എന്ന ഐജി നടത്തുന്ന വ്യക്തിപരമായ അന്വേഷണമാണ് കഥയെ നിയന്ത്രിക്കുന്നത്.

    രാജാക്കാട് പോലീസ് സ്റ്റേഷനുള്ളിൽ മറവു ചെയ്തതായി ആരോപിക്കുന്ന മൃതദേഹത്തിനു പിന്നിലെ രഹസ്യം പുറത്താവുന്നതാണ് നിർണായകം. എന്നാൽ താൻ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ജോർജുകൂട്ടി അതിനെ നേരിടുന്ന രീതിയാണ് രണ്ടാം ഭാഗത്തെ പ്രേക്ഷകന് ആദ്യ ഭാഗത്തിനേക്കാൾ മിഴിവുള്ളതാക്കുന്നത്.

    ഒരു ദുരന്തത്തിൽ നിന്നും തന്റെ കുടുംബത്തെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സാധാരണക്കാരൻ. ദുരൂഹ സാഹചര്യത്തിൽ കാണാതായ ഏക മകൻ എവിടെ എന്ന് അന്വേഷിക്കുന്ന ഏറെ സ്വാധീന ശക്തിയുള്ള മറ്റൊരു കുടുംബം. ഒരുതരത്തിൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രം.കുറ്റകൃത്യം ചെയ്ത ഒരാളെയും അയാളുടെ കുടുംബത്തെയും പിന്തുടരുന്ന ഭയം, ഒരു കുറ്റകൃത്യം ചെയ്താൽ അതു മറയ്ക്കാൻ മറ്റൊന്ന് ചെയ്യണ്ടി വരും എന്നതെല്ലാം ഈ കഥയിൽ കലർന്നിട്ടുണ്ട് .എന്നാൽ ബുദ്ധിമാനായ ഒരു ക്രിമിനൽ തന്റെ രക്ഷയ്ക്കായി ഏത് അറ്റം വരെയും പോകുമെന്നതിന്റെ തെളിവായി വെക്കാവുന്നതാണ് ഇതിലെ ആഖ്യാനം. അതിന് ഉതകുന്ന തരത്തിൽ കഥാപാത്രങ്ങളെയും കഥ നടക്കുന്ന ഭൂമികയെയും കൃത്യമായി കലർത്തിയതാണ് ചിത്രത്തിന്റെ വിജയം. കഥ നടക്കുന്ന ഇടുക്കി എന്ന ജില്ലയുടെ പ്രത്യേകത മുതൽ മുതൽ സ്വന്തം കഥയുടെ പകർപ്പവകാശത്തിന് വേണ്ടി പുസ്തകം ഇറക്കുന്നത് വരെയുള്ള കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ദൃശ്യം ആദ്യ ഭാഗത്തിന്റെ കഥയെ ചൊല്ലിയുള്ള തർക്കത്തിൽ ഇത്തരത്തിൽ ഉണ്ടായ  കേസ് വരെ ഇതിൽ സമർത്ഥമായി ഇഴുകി ചേർന്നിട്ടുണ്ട്.

    പതിഞ്ഞ താളത്തിൽ പോകുന്ന നായകന് ഒപ്പമാണ് ജയിക്കാനായി ഇറങ്ങിയ പ്രതിനായകനായ ഐജി. കഥയ്ക്ക് പിരിമുറുക്കം നൽകുന്നതിൽ ഏറെ സഹായിക്കുന്ന പാത്ര സൃഷ്ടിയും അവതരണവും. സങ്കീർണമായ ഈ കഥാപാത്രത്തെ അനായാസമായ ശരീര ഭാഷയിലൂടെയിലൂടെയാണ് മുരളിഗോപി പകരുന്നത്. ഒരു സീനിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ പോലും കഥാഗതിയിൽ നിർണായകമാകുന്ന തരത്തിൽ കെട്ടുറപ്പുള്ള തിരക്കഥയാണ് സംവിധായകൻ ജിത്തു ജോസഫിന്റെത്.

    ഡിജിറ്റൽ യുഗത്തിൽ ഇത്തരം ഒരു കുറ്റാന്വേഷണ സിനിമയുടെ സസ്പെൻസ് അല്ലെങ്കിൽ ക്ലൈമാക്സ് എത്ര നേരം സൂക്ഷിച്ചു വെക്കാം എന്നുള്ളത് അതിന്റെ സൃഷ്ടാക്കൾക്ക് ഒരു വെല്ലുവിളി തന്നെയാണ്.  പ്രത്യേകിച്ച് ആദ്യ ഭാഗത്തിന്റെ വൻ വിജയം നൽകുന്ന പ്രതീക്ഷകളുടെ അമിതഭാരം ഉള്ള അവസരത്തിൽ.എന്നാൽ സസ്പെൻസ് പരസ്യമായാലും അതിലേക്ക് പിടിച്ചിരുത്തുന്നതിലെ ശക്തിയാണ് സിനിമയുടെ വിജയം .

    അത് കൊണ്ട് തന്നെ ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുക എന്നത് വാണിജ്യപരമായി സുരക്ഷിതമായ ഒരു സാധ്യതയാണ്.എന്നാൽ ദൃശ്യം 2 തീയറ്ററിൽ എത്താതെ പോകുമ്പോൾ അത്തരം ഒരു സങ്കേതം ഇത്തരം ഒരു ചിത്രത്തിന് നൽകുന്ന ദൃശ്യാനുഭവമാണ് നഷ്ടമാകുന്നത്. അത് ഇപ്പോഴത്തെ അവസ്ഥയിൽ കുറച്ചു ബുദ്ധിമുട്ടുള്ളതാണ് എങ്കിലും അത്ര ചെറിയ ഒന്നല്ല. കാരണം നമ്മുടെസ്വന്തം ചെറിയ സ്‌ക്രീനിൽ കണ്ട നിങ്ങളെ ഈ കഥാപാത്രങ്ങൾ ഏറെ നേരം പിന്തുടരാതിരിക്കില്ല. അത് കൊണ്ടുതന്നെ വെറുതെ അങ്ങ് വന്നുപോകാനുള്ളതല്ല ദൃശ്യം 2.

    English Summary: Review of Malayalam film Mohanlal starrer  Drishyam 2  directed by Jeethu Joseph, a sequel to super hit  Malayalam crime thriller Drishyam.  Drishyam was remade into many Indian languages.
    Published by:Chandrakanth viswanath
    First published: