• HOME
  • »
  • NEWS
  • »
  • film
  • »
  • Exclusive | 'കേരളാ സ്റ്റോറി'യിൽ അപ്രിയ സത്യങ്ങൾ; ആ സത്യങ്ങൾ സെൻസർ ബോർഡും അം​ഗീകരിച്ചു: നിർമാതാവ് വിപുൽ‍ ഷാ

Exclusive | 'കേരളാ സ്റ്റോറി'യിൽ അപ്രിയ സത്യങ്ങൾ; ആ സത്യങ്ങൾ സെൻസർ ബോർഡും അം​ഗീകരിച്ചു: നിർമാതാവ് വിപുൽ‍ ഷാ

ന്യൂസ് 18-നുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ സിനിമയുടെ നിർമാതാവ് വിപുൽ ഷാ തുറന്നു സംസാരിക്കുന്നു

  • Share this:

    #ടൈറ്റസ് ചൗധരി

    ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസർ പുറത്തു വന്നപ്പോൾ മുതൽ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും ചൂടുപിടിക്കുകയാണ്. 2018-2019 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറുകയും തുടർന്ന് ഐസിസിൽ ചേരുകയും ചെയ്ത കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെക്കുറിച്ചുള്ളതാണ് സിനിമ. ഇത്തരത്തിൽ ഏകദേശം 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തീവ്രവാദ ദൗത്യങ്ങളിൽ ഇവർ ഭാ​ഗമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ചുള്ള ഒരന്വേഷണമാണ് സിനിമ. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു. സിനിമയുടെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ കേരളത്തിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

    സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ന്യൂസ് 18-നുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ സിനിമയുടെ നിർമാതാവ് വിപുൽ ഷാ തുറന്നു സംസാരിച്ചു. സിനിമയിലൂടെ തങ്ങൾ സത്യങ്ങളാണ് വിളിച്ചു പറയുന്നത് എന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയതിനാൽ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അഭിമുഖത്തിന്റെ പൂർണരൂപമാണ് ചുവടെ.

    Also read: The Kerala Story| ‘ദ കേരള സ്റ്റോറി’ക്ക് A സർട്ടിഫിക്കറ്റ് ; പത്തിടത്ത് സെൻസർ കത്രിക

    ഇസ്ലാം മതം സ്വീകരിച്ച് സിറിയയിലെത്തി ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് സിനിമക്ക് ആധാരം. ആ പെൺകുട്ടിയോട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നോ?

    ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ ജയിലിലുള്ള പെൺകുട്ടിയോട് ടെലിഫോൺ വഴി സംസാരിച്ചിരുന്നു. അവളുടെ അമ്മയുമായും ഞങ്ങൾ ഒരു നീണ്ട അഭിമുഖം നടത്തിയിരുന്നു. ഇവർ രണ്ടു പേരിൽ നിന്നും സാധ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചു. അങ്ങനെയാണ് സിനിമയുമായി മുന്നോട്ടു പോയത്. അതിനായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ ഇത്തരം നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് മനസിലായത്. പിന്നീട് ഇത്തരത്തിലുള്ള മൂന്ന് പെൺകുട്ടികളെക്കുറിച്ച് ഞങ്ങൾ പഠിച്ചു.

    കാസ്റ്റിംഗിൽ താങ്കൾ ഭാ​ഗമായിരുന്നോ?

    ചിത്രത്തിന്റെ സഹ-രചയിതാവ് ഞാനാണ്. സിനിമയുടെ നിർമാതാവും ക്രിയേറ്റീവ് ഡയറക്ടറും കൂടിയാണ് ഞാൻ. ചെയ്യുന്ന എല്ലാ പ്രോജക്റ്റുകളിലും എന്റെ റോളിന് അപ്പുറമുള്ള ഇൻപുട്ടുകൾ ഞാൻ കൊടുക്കാറുണ്ട്. എങ്കിൽ മാത്രമേ മികച്ച ഫലം നേടാനാകൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

    സിനിമ ഒരു ​ഗൗരവമായ വിഷയം അടിസ്ഥാനമാക്കിയുള്ളതാണ്. അഭിനേതാക്കളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നോ? അവർക്ക് ആശങ്ക ഉണ്ടായിരുന്നോ?

    ഒരു ബോൾഡ് സിനിമയായിട്ടല്ല ഞാൻ ഇതിനെ കാണുന്നത്. ഇത് വളരെ പ്രധാനപ്പെട്ട, പറയേണ്ട ഒരു കഥയാണ്. അതുകൊണ്ടു തന്നെ അഭിനേതാക്കളെ സമീപിച്ചപ്പോൾ അവർ യാതൊരു മടിയും കാണിച്ചില്ല. അവരെല്ലാം വളരെ സന്തോഷത്തോടെയാണ് ഈ സിനിമയുടെ ഭാ​ഗമായത്. ഈ സിനിമയിൽ എല്ലാവരും വളരെ പ്രതിബദ്ധതയോടും ആത്മാർത്ഥതയോടും കൂടിയാണ് പ്രവർത്തിച്ചത്.

    കേരള സ്‌റ്റോറിയുടെ പ്രദർശനം നിരോധിക്കണമെന്ന് ചില രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ?

    ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. ചിത്രം പ്രദർശിപ്പിക്കാൻ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അവർ ഏകദേശം ഒന്നര മാസത്തോളം ഈ സിനിമ സൂക്ഷ്മമായി പരിശോധിച്ചു. ഈ സൂക്ഷ്മപരിശോധനയിലൂടെ കടന്നു പോയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവർ ഞങ്ങൾ നൽകിയ എല്ലാ തെളിവുകളും രേഖകളും അംഗീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ഞങ്ങൾ പറയുന്ന സത്യത്തെ അംഗീകരിച്ചു എന്നതിന്റെ തെളിവാണിത്. ഇതിനെല്ലാം ശേഷവും, ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ, ആരെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വിഷയം കോടതിക്കോ നിയമ സംവിധാനങ്ങൾക്കോ വിടുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളോർത്ത് ഞാൻ വിഷമിക്കുന്നില്ല. നിയമമനുസരിച്ച്, ഞങ്ങൾ എല്ലാം ശരിയായി ചെയ്തെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല.

    ലവ് ജിഹാദല്ല സിനിമ കൈകാര്യം ചെയ്യുന്ന വിഷയമെന്നും പെൺകുട്ടികൾ ഇരകളാകുന്നതിനെ കുറിച്ചുള്ള ചിത്രമാണ് ‘ദ കേരള സ്റ്റോറി’ എന്നും താങ്കൾ പറഞ്ഞിരുന്നല്ലോ. എന്നാൽ ഇതുപോലുള്ള വിഷയങ്ങളെക്കുറിച്ച് സിനിമ ചെയ്യുമ്പോൾ അതിൽ രാഷ്ട്രീയം ഉണ്ടാകുമെന്ന് താങ്കൾ കരുതുന്നില്ലേ?

    എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് എതിരായ ചില കാര്യങ്ങൾ കാണുമ്പോൾ അവർ അതിനെ എതിർക്കാനുള്ള പ്രവണത കാണിക്കുന്നു. അതുകൊണ്ടാണ് ഈ ചിത്രം പുറത്തിറങ്ങാനോ ആളുകൾ കാണാനോ പാടില്ല എന്ന് അവർ പറയുന്നത്. അതിനാൽ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ചിത്രത്തെ എതിർക്കുകയാണെങ്കിൽ, ഈ സിനിമ ആ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനു തന്നെ എതിരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, രാഷ്ട്രീയം നമ്മുടെ ദൈനംദിന ജീവിതത്തിൽ പോലും പ്രധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. നമ്മുടെ രാജ്യത്തിപ്പോൾ എല്ലാം രാഷ്ട്രീയമായി മാറുകയാണ്. അപ്രിയമായ ഒരു സത്യം നിങ്ങൾ പറയുമ്പോൾ അതും രാഷ്ട്രീയവത്കരിക്കപ്പെടും. അതിനെതിരെ പ്രതിരോധം ഉണ്ടാകും. ഒരു ജനാധിപത്യ രാജ്യത്തിലെ ആളുകൾക്ക് ഞങ്ങളോട് വിയോജിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ ഞങ്ങൾ സത്യം പറയുന്നിടത്തോളം കാലം ഞങ്ങൾ വിശ്വസിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള സിനിമ നിർമിക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. ഇത് ഒരു തെറ്റായ കാര്യമായി എനിക്ക് തോന്നേണ്ടതില്ല. ഇതേക്കുറിച്ചുള്ള ഏത് ചർച്ചയ്ക്കും സംവാദത്തിനും ഞങ്ങൾ തയ്യാറാണ്. അത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണെന്ന് ഞാൻ കരുതുന്നു.

    കേരള സ്റ്റോറിയോട് പ്രമുഖരായ ആരെങ്കിലും വിയോജിച്ചത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ?

    കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി സിനിമ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്തെന്ന് ഞാൻ വായിച്ചു.‌ സിനിമ തന്റെയോ തന്റെ പാർട്ടിയുടെയോ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, അതിനെതിരെ സംസാരിക്കാൻ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്. എന്നാൽ സിനിമ നിരോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയും സെൻസർ ബോർഡുമാണ്. സെൻസർ ബോർഡ് ഒരു സിനിമക്ക് അംഗീകാരം നൽകി കഴിഞ്ഞാൽ അത് നിരോധിക്കാൻ കഴിയില്ല. എന്നാൽ ആരെങ്കിലും ഈ സിനിമ നിരോധിക്കാൻ ഇനിയും കാരണം കണ്ടെത്തുന്നുണ്ടെങ്കിൽ അതു നടക്കട്ടെ. സിനിമ പെൺകുട്ടികൾ അകപ്പെടാനിടയുള്ള കെണികളെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെങ്കിൽ, ഞാൻ ഇനി എന്ത് പറയാൻ? അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക എന്നത് അവരുടെ തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണ്. ചിത്രത്തിന് ‘ദി കേരള സ്റ്റോറി’ എന്ന് പേരിട്ടതുകൊണ്ട്, ചിത്രം കേരളത്തിന് എതിരാണെന്ന് അർത്ഥമാക്കുന്നില്ല.

    മുംബൈ അധോലോകത്തെ കുറിച്ച് പറയുന്ന ‘മുംബൈ സാഗ’ എന്നൊരു സിനിമയുണ്ട്. അതിനർത്ഥം ആ സിനിമ മുംബൈയ്‌ക്കെതിരാണ് എന്നാണോ? ദാവൂദ് ഇബ്രാഹിമിന്റെ കഥ ഞാൻ സിനിമയാക്കിയാലോ? അത് ഏത് സ്ഥലം പശ്ചാത്തലമാക്കിയാകും? അയാൾ മുംബൈയിൽ ഓപ്പറേഷൻ നടത്തിയതിനാൽ അത് മുംബൈ ആസ്പദമാക്കി നിർമിക്കേണ്ടി വരും. അതിനർത്ഥം അത് മുംബൈയ്‌ക്കെതിരാണ് എന്നാണോ? ഒരിക്കലുമല്ല.

    കേരളത്തെ നമ്മൾ ഭൂമിയിലെ സ്വർ​ഗം എന്ന് വിളിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് കേരളം. എന്നാൽ കേരളത്തിൽ ആരും തെറ്റായ കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് പറയാനാകില്ല. കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നതു പോലെ ഇത്തരം വിഷയങ്ങളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഞങ്ങളുടെ സിനിമയെ കേരളത്തിനെതിരെയുള്ള കഥ എന്ന് വിളിക്കുകയും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതിനു പകരം, അവർക്കു വേണ്ടി ഞങ്ങൾ ചെയ്ത ഒരു സേവനമാണ് ഇതെന്ന് അവർ മനസിലാക്കണം. എന്റെ അഭിപ്രായത്തിൽ, ഇത്തരം വാദങ്ങളെല്ലാം യുക്തിക്ക് നിരക്കാത്തതാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ, തെറ്റായ ഒന്നും ഇവിടെ സംഭവിക്കുന്നില്ലെന്ന് പറയുന്നതിനു പകരം, രാജ്യത്തിനായി എന്തെങ്കിലും പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്.

    കഥയിൽ പരാമർശിച്ചിരിക്കുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾക്കായി സിനിമ പ്രദർശിപ്പിച്ചിരുന്നോ?

    അവരെ സിനിമ ഉടൻ കാണിക്കും. അവരിൽ ചിലർക്ക് കോവിഡ് പിടിപെട്ടിരുന്നു. അതിനാൽ ഞങ്ങൾക്ക് നേരത്തെ സിനിമ കാണിക്കാൻ സാധിച്ചില്ല.

    Published by:user_57
    First published: