റോക്കി ഭായിയുടെ രണ്ടാം വരവിന്റെ തിയതി പുറത്തു വിട്ട് അണിയറക്കാർ. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന KGF2 മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രേക്ഷകരുടെ മുന്നിലെത്തും. 2021 ജൂലൈ 16 ആണ് റിലീസ് തിയതി.
ചിത്രത്തിന്റെ ടീസർ കോടികളുടെ വ്യൂസ് നേടി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആയി മാറിയിരുന്നു.
പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.
ലൂസിഫർ ഇങ്ങിയതിന് ശേഷമാണ് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെ സമീപിക്കുന്നത്. താനും ഇതിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു എന്നാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്.
സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. രവീണ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. യഷിന്റെ കാമുകിയുടെ വേഷമാവും ശ്രീനിധിയുടേത്.
കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരീഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21 നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രണ്ടാംഭാഗത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. അധീര എന്ന വില്ലൻ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. സഞ്ജയ് ദത്തിന്റെ 61ാം പിറന്നാൾ ദിനത്തിലാണ് അധീരാ എന്ന വില്ലൻ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.
കന്നഡയിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യ മുഴുവൻ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്.
കോവിഡ് പ്രതിസന്ധി സിനിമയുടെ ചിത്രീകരണത്തെയും ബാധിച്ചിരുന്നു. ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പിന്നീട് നടന്നത്. ചിത്രത്തിന്റെ അവസാന രംഗങ്ങളാണ് പിന്നീട് കോവിഡ‍് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്തത്. 2020 ഒക്ടോബറിലാണ് ചിത്രീകരണം പുനഃരാരംഭിച്ചത്.
ദിവസേന സെറ്റിലുള്ളവരുടെ ആരോഗ്യ നില പരിശോധന നടത്തിയിരുന്നു. ഷൂട്ടിങ് തീരുന്നത് വരെ സെറ്റ് വിട്ട് പുറത്തു പോകാൻ ടീമിലുള്ളവരെ അനുവദിക്കാതെയാണ് ചിത്രീകരണം നടത്തിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് ഇത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത KGF ഒന്നാം ഭാഗം പുറത്തിറങ്ങിയത് 2018ലാണ്. അതുവരെയുണ്ടായിരുന്ന തെലുങ്ക് സിനിമകളേക്കാൾ റെക്കോർഡ് തുകയ്ക്കാണ് KGF പൂർത്തിയാക്കിയത്. 80 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്. ഈ ചിത്രം ബോക്സ് ഓഫീസിൽ 250 കോടി രൂപ നേടി വിജയകരമായി പ്രദർശനം പൂർത്തിയാക്കിയിരുന്നു. 2015ൽ പൂർത്തിയായ തിരക്കഥ രണ്ടു വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
അന്യഭാഷാ ചിത്രങ്ങളിൽ തെലുങ്ക് ചിത്രങ്ങൾ അടക്കി വാണിരുന്ന കേരളത്തിൽ ഒരു കന്നഡ ചിത്രം ഇത്രയധികം ജനപ്രീതി നേടുന്നത് ആദ്യമായാണ്. രണ്ടാം ഭാഗത്തിന്റെ 20 ശതമാനത്തോളം ചിത്രീകരണം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനൊപ്പം തന്നെ നടന്നിരുന്നു.
KGF രണ്ടാം ഭാഗം 2019 മാർച്ച് മാസത്തിൽ ആരംഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.