വിജീഷ് മണി (Vijeesh Mani) കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ആദിവാസി' (Adivasi) എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ ചിണ്ടിക്കി ഊരിലെ മധുവിന്റെ വീട്ടിലെത്തി അമ്മ മല്ലിയമ്മയെയും സഹോദരി സരസുവിനെയും സന്ദർശിച്ച് സിനിമയിലെ ഭാഗങ്ങൾ കാണിച്ചു.
സംവിധായകൻ വിജീഷ് മണി, നടൻ മുരുകേഷ് ഭുതുവഴി, ഗോത്ര ഗായിക വടികിയമ്മ, നാഗമ്മ, ശാരദാമ്മ എന്നിവരാണ് വീട്ടിലെത്തിയത്. അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന മധുവിന്റെ കഥയാണ് 'ആദിവാസി' എന്ന പേരിൽ സിനിമയാക്കുന്നത്.
മധുവിന്റെ മരണം ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ഈ ചിത്രത്തിൽ മധുവായി എത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അപ്പാനി ശരത്താണ്. 'മധു'വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമായി വരുന്ന ഈ സിനിമ ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും.
2018 ഫെബ്രുവരി 22നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു കൈകൾ കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഇയാളെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. ലോകത്തിന് മുൻപിൽ കേരളം തല താഴ്ത്തി നിന്ന നാളുകളായിരുന്നു അത്.
കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭം കേരളം മുഴുവൻ അലയടിച്ചു. ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിലുള്ള ഞെട്ടൽ രേഖപ്പെടുത്തി. ഇതോടെ പൊലീസ് നടപടികൾ ഊർജിതമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ മധുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്.
ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. മുരുകേശ്വരൻ നിർവ്വഹിക്കുന്നു.
എഡിറ്റിങ്ങ്- ബി. ലെനിൽ, സംഗീതം- രതീഷ് വേഗ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കലാ സംവിധാനം- കൈലാസ്, വസ്ത്രാലങ്കാരം- ബുസി ബേബി ജോൺ, ലൈൻ പ്രൊഡ്യൂസർ-വിയാൻ, സ്റ്റിൽസ്- രാമദാസ് മാത്തൂർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Summary: A movie on Madhu, who was brutally murdered in mob lynching in 2018 is being made in Malayalam. Makers of the movie 'Adivasi' had paid a visit to the house of Madhu and met his family members. Actor Appani Sarath reprises the role of Madhu in the movie directed by Vijeesh Maniഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.