ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്
ദൃശ്യം 2. ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വഴിയാണ് ചിത്രം പുറത്തിറങ്ങുന്നത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പുതിയ ടീസറും താരം പുറത്തുവിട്ടിരുന്നു.
റിലീസിന് മുന്നോടിയായി ട്വിറ്ററിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ. #AskMohanlal എന്ന ഹാഷ്ടാഗിലാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്. ഇതിനകം നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്തിയിട്ടുണ്ട്. ഇതിനെല്ലാം രസകരമായ മറുപടികളാണ് താരം നൽകുന്നത്.
ഒടിടി റിലീസിന് ശേഷം ദൃശ്യം 2 തിയേറ്റർ റിലീസ് ഉണ്ടാകുമോ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി സാധ്യതയുണ്ടെന്നാണ് മോഹൻലാൽ മറുപടി നൽകിയിരിക്കുന്നത്.
ലാലേട്ടന്റെ പ്രിയപ്പെട്ട കാർട്ടൂൺ ഏതാണെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി ബോബനും മോളിയും എന്ന് മറുപടിയും മോഹൻലാൽ നൽകി. മറ്റൊരു രസകരമായ ചോദ്യം ഇങ്ങനെയാണ്, 'ലാലേട്ടാ, ഇനി എത്ര കുത്തേണ്ടി വരും?' ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ, "അപ്പം തിന്നാ പോരേ, കുഴി എണ്ണണോ?"
ദാസനേയും വിജയനേയും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ ആരാധകനോട് താനും മിസ്സ് ചെയ്യുന്നു എന്നായിരുന്നു ലാലേട്ടന്റെ മറുപടി. മറ്റൊരു ചോദ്യം ഇങ്ങനെ, "അമ്മയുടെ പുതിയ ചിത്രത്തിൽ കില്ലർ റോൾ ചെയ്യുന്നത് ലാലേട്ടൻ ആണെന്ന് പറഞ്ഞാൽ അതേയെന്ന് പറയുമോ"? എങ്ങനെ അറിഞ്ഞു എന്നായിരുന്നു മോഹൻലാലിന‍്റെ മറുചോദ്യം.
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ ഈ വർഷം ഉണ്ടാകുമോ എന്ന ചോദ്യത്തിനും സാധ്യതയുണ്ടെന്ന് തന്നെയാണ് താരത്തിന്റെ മറുപടി.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ദൃശ്യം 2' ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് ദൃശ്യം ഒന്നാം ഭാഗം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.