Sabaash Chandrabose review | സൗകര്യപ്രദമായി കൈപ്പിടിയിലൊതുങ്ങുന്ന ദീർഘചതുരാകൃതിയിലെ സ്മാർട്ട് ഫോണിൽ നെടുകെയും കുറുകെയും വിരൽ കൊണ്ട് വരച്ച് ലോകം കാണുന്ന കാലത്ത് നിന്നും ഒരു ചെറിയ ട്രങ്ക് പെട്ടിയോളം വലുപ്പത്തിൽ മിന്നിമിന്നിത്തെളിയുന്ന, ചിലപ്പോൾ ഇടതടവില്ലാതെ കാഴ്ച തരുന്ന ടി.വി. കാലത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ആഗ്രഹമില്ലെങ്കിലും, അങ്ങനെയൊരു കാലത്തെക്കുറിച്ച് എപ്പോഴെങ്കിലുമെല്ലാം മനസ്സിനുള്ളിൽ ഒരു ഫ്ലാഷ്ബാക്ക് അടിച്ചിട്ടുണ്ടാവില്ലേ? കുറഞ്ഞ പക്ഷം അതൊരു 'ട്രെൻഡ്' ആയിരുന്ന കാലത്ത് ജീവിച്ചവരെങ്കിലും ഓർക്കാറില്ലേ?
ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിയിലെ ദൂരദർശൻ കാണാൻ നാട്ടിലെ ഏതെങ്കിലുമൊരു വീട്ടിൽ ഒത്തുകൂടുന്ന കുറച്ചു നാട്ടുകാർ. അതോടൊപ്പം ഒത്തുകൂടലിന്റെ രസങ്ങളും, സൗഹൃദം പങ്കിടലും. 1986ലെ നെടുമങ്ങാട്ടെ ആ വീടിന്റെ നാഥൻ യതീന്ദ്രനാണ്. ഭാര്യ പ്രമീളയും കുടുംബവുമായി കഴിയുന്ന വീട്ടിൽ വലുപ്പച്ചെറുപ്പമേതുമില്ലാതെ, പ്രായഭേദമന്യേ അവിടുത്തെ ഏറ്റവും വലിയ ആനന്ദത്തിനായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വിക്കു മുൻപിൽ ഏവരും ഒത്തുകൂടുന്നു. കൂട്ടത്തിൽ യതീന്ദ്രന്റെ അടുത്ത കൂട്ടുകാരനായ ചന്ദ്രബോസ് എന്ന ചന്ദ്രനും കുടുംബവും.
ഏതൊരു കാര്യത്തിനും ഒരന്ത്യം ഉണ്ടാവും എന്നല്ലേ? സമാധാനമായി കഴിയുന്ന ഈ മനുഷ്യരുടെ ഇടയിലും അത് സംഭവിച്ചു. കാഴ്ചയും നാട്ടു കാര്യങ്ങളുമായി കഴിയവേ, ഇതേ ടി.വി. കാരണം ചന്ദ്രനും യതീന്ദ്രനും തമ്മിൽ അസ്വാരസ്യം ഉടലെടുക്കുന്നു. പട്ടാളത്തിൽ നിന്നും മടങ്ങിയ യതീന്ദ്രന്റെ വീട്ടിലുള്ളതിനേക്കാൾ മികച്ച കളർ ടി.വി. തന്നെ സ്വന്തമാക്കും എന്ന വെല്ലുവിളിയിൽ, ആ വീട്ടിൽ നിന്നും ചന്ദ്രനും കുടുംബവും പടിയിറങ്ങുന്നു.
ഇതേ നാട്ടിൽ, കണ്ണിൽച്ചോരയില്ലാത്ത ഗഞ്ചർ മുതലാളി നടത്തുന്ന, തൊഴിലാളി പ്രശ്നത്തിൽ അടച്ചുപൂട്ടപ്പെട്ട ഫാക്ടറിയിൽ തൊഴിലെടുത്ത് ജീവിക്കുന്ന ചന്ദ്രൻ കൂട്ടിയാൽ കൂടുമോ ഒരു കളർ ടി.വിയുടെ വില? വീട്ടിലെ പെണ്ണുങ്ങളുടെ പരിഭവവും, നാട്ടുകാരുടെ ഒത്ത നടുക്ക് നടത്തിയ വെല്ലുവിളിയും എല്ലാം ചേർന്ന് സ്വസ്ഥത നഷ്‌ടപ്പെട്ട ചന്ദ്രൻ പോംവഴി കണ്ടെത്തി. ചന്ദ്രന്റെ വീട്ടിലും ടി.വി. എത്തി. ഈ ടി.വി. വരുന്ന വഴിയും പൊല്ലാപ്പുകളും ആരംഭിക്കുന്നതേയുള്ളൂ. സംവിധായകൻ വി.സി. അഭിലാഷ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുക ആ കാഴ്ചകളിലേക്കാണ്.
അത്യന്ത്യം കലാമൂല്യം നിറഞ്ഞ 'ആളൊരുക്കത്തിന്' ശേഷം, അൽപ്പം തമാശയും സസ്പെൻസുമൊക്കെയായി ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് സംവിധായകന്റെ തൊട്ടടുത്ത ചിത്രമായ 'സബാഷ് ചന്ദ്രബോസ്'.
36 വർഷങ്ങൾക്ക് മുൻപുള്ള ജീവിത രീതിയും പശ്ചാത്തലവും ജനങ്ങളുടെ സംസാര ഭാഷയുമെല്ലാം കറയറ്റ രീതിയിൽ പാക്ക് ചെയ്യാൻ ഈ സിനിമയ്ക്കായി എന്നതാണ് തിരുവനന്തപുരത്തെ നാട്ടിൻപുറം പശ്ചാത്തലമാക്കി എടുത്ത ചിത്രത്തിൽ എടുത്തുപറയേണ്ടത്.
'തിരോന്തരം' ഭാഷ എന്ന വിളിപ്പേരിന് പുറത്ത്, ഇംഗ്ലീഷും മംഗ്‌ളീഷും മൊഴിയുന്ന മലയാളികളുടെ കാലത്തിനും മുൻപ്, ഇവിടെ നാടൻ ശൈലിയിൽ ഒരു ഭാഷ ഉണ്ടായിരുന്നെന്നും, അത് കേട്ടാൽ കളിയാക്കി ചിരിക്കാനുള്ളതല്ലെന്നും സംവിധായകന് ഉത്തമ ബോധ്യമുണ്ട്. പലപ്പോഴും ബിഗ് സ്‌ക്രീനിൽ പാളിപ്പോയ ആ ശൈലി, ആ നാടുമായി ബന്ധമില്ലാത്ത അഭിനേതാക്കളെക്കൊണ്ട് പറയിക്കുക എന്നതാവും ഒരു പക്ഷെ സിനിമ നേരിട്ട വെല്ലുവിളി.
എവിടെയെങ്കിലും അല്ലറചില്ലറ 'എന്തര്', 'യെവിടെ', 'ചെല്ലക്കിളീ' വിതറി, അച്ചടി ഭാഷയിലേക്കു പോവാതെ, അവസാനം വരെയും നായകന്മാരെയും പ്രധാന കഥാപാത്രങ്ങളെയും ജൂനിയർ ആർട്ടിസ്റ്റുകളെയും കൊണ്ട് വരെ ആ ഭാഷ തനിമ ചോരാതെ മനോഹരമായി അവതരിപ്പിച്ച ചലച്ചിത്രകാരന് അഭിനന്ദനങ്ങൾ.
വർഷങ്ങൾക്ക് മുൻപ് സാധാരണക്കാരന്റെ മോഹങ്ങളും മോഹഭംഗങ്ങളുമായി ജീവിക്കുന്ന യുവാക്കളുടെ പ്രതിനിധി ചന്ദ്രനായി തന്നെ ഏല്പിച്ച ജോലിക്കു വിഷ്ണു ഉണ്ണികൃഷ്ണൻ മിഴിവേകി. കൗണ്ടറുകളും സ്വാഭാവികതയുമായി ജോണി ആന്റണിയും ഒപ്പം ചേർന്നപ്പോൾ, ഇരുവരും ചേർന്ന് സിനിമയുടെ പൂർണ്ണ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി എന്ന് പറയാം. ഫീൽ-ഗുഡ് ചിത്രമായ 'സബാഷ് ചന്ദ്രബോസ്' തലനാരിഴ കീറി പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യം തന്നെയില്ല.
2017ൽ ഒരു ടി.വി.ക്കാലം പറഞ്ഞു പോയ ചിത്രമായ 'ബഷീറിന്റെ പ്രേമലേഖനം' കണ്ടുകഴിഞ്ഞുവെങ്കിലും, അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് അഭിലാഷിന്റെ ചിത്രത്തിന്. വലിയ ചിന്തകൾക്കും, വരികൾക്കിടയിൽ പലയാവർത്തി വായിച്ചെടുക്കേണ്ട ദർശനങ്ങൾക്കും മുതിരാതെ കുടുംബവുമൊന്നിച്ച് കണ്ടാസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രത്തെ സ്വീകരിക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ 'സബാഷ് ചന്ദ്രബോസ്' നിരാശപ്പെടുത്തില്ല.
Published by:Meera Manu
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.