കാത്തിരിപ്പിനൊടുവിൽ എല്ലാ സിനിമാ-ക്രിക്കറ്റ് പ്രേമികൾക്കും മുന്നിൽ ഈ വർഷത്തെ ഏറ്റവും വലിയതും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ ബോളിവുഡ് ട്രെയ്‌ലർ എത്തിക്കഴിഞ്ഞു. ആമിർ ഖാൻ (Aamir Khan), കരീന കപൂർ ഖാൻ (Kareena Kapoor Khan), മോന സിംഗ്, ചൈതന്യ അക്കിനേനി എന്നിവർ വേഷമിടുന്ന ‘ലാൽ സിംഗ് ഛദ്ദ’യുടെ (Lal Singh Chaddha) ട്രെയ്‌ലർ റിലീസ് ചെയ്‌തു.
ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന 'ലാൽ സിംഗ് ഛദ്ദ'യുടെ ട്രെയ്‌ലർ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്, സിനിമാ പ്രേമികളെ മറ്റൊരു ആവേശക്കടലിലാഴ്ത്തിയ T20 ഫൈനൽ മത്സരത്തിനിടയിൽ ടി.വിയിൽ ലോഞ്ച് ചെയ്തു. ലോക ടെലിവിഷൻ പ്ലാറ്റ്‌ഫോമിലും സ്‌പോർട്‌സ് ലോകത്തും ട്രെയ്‌ലർ ലോഞ്ചിംഗിലൂടെ സിനിമക്ക് ഗംഭീര തുടക്കമായിരിക്കുകയാണ്.
‘ലാൽ സിംഗ് ഛദ്ദ’യുടെ ശ്രദ്ധേയമായ ട്രെയ്‌ലർ പ്രേക്ഷകരെയും പ്രത്യേകിച്ച് ആമിർ ഖാന്റെ ആരാധകരെയും വികാരഭരിതവും വിസ്മയിപ്പിക്കുന്നതുമായ ഒരു യാത്രയിലേക്ക് കൂട്ടിക്കൊണ്ടു വന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. ലാൽ സിംഗ് ഛദ്ദയുടെ കൗതുകകരവും നിഷ്കളങ്കവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന കാഴ്ചയാണ് ഈ ട്രെയ്‌ലർ.
ലാൽ സിംഗ് ഛദ്ദയുടെ കണ്ണുകളിലൂടെ ലോകത്തെ കാണാൻ പ്രേക്ഷകർക്കും ഒപ്പം കൂടാം. അയാളുടെ നിഷ്കളങ്കമായ സ്വഭാവവും ഒരു കുഞ്ഞിന്റേതെന്ന പോലത്തെ ശുഭാപ്തിവിശ്വാസവുമാണ് സിനിമയുടെ പ്രേരകശക്തി. അതേസമയം അമ്മയുമായുള്ള അയാളുടെ മധുരമായ ബന്ധവും കുട്ടിക്കാലത്തെ കൂട്ടുകാരിയോടുള്ള ഇഷ്ടവുമാണ് ചിത്രത്തിന്റെ നെടുംതൂൺ.
ഒന്നിലധികം മനോഹരമായ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമ, ഇന്ത്യൻ പൈതൃകത്തെ അതിന്റെ ശാന്തമായ രൂപത്തിൽ അവതരിപ്പിക്കുന്നു. 'ത്രീ ഇഡിയറ്റ്‌സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡിയെ 'ലാൽ സിംഗ് ഛദ്ദ' മടക്കി കൊണ്ടുവരുന്നു. അവരുടെ കെമിസ്ട്രി പലരെയും ആകർഷിച്ചിട്ടുണ്ടെങ്കിലും, 'ലാൽ സിംഗ് ഛദ്ദ'യുടെ ട്രെയ്‌ലറിൽ നിന്നും ഇത് തൊട്ടറിയാവുന്നതാണ്. ചിത്രത്തിൽ ആമിറിന്റെ അമ്മയുടെ വേഷത്തിൽ മോന സിംഗും മികച്ച ഫോമിലാണ് എത്തുക.
അതേസമയം, 'ലാൽ സിംഗ് ഛദ്ദ'യിലെ ഗാനങ്ങൾ ആരാധകരുടെ ഹൃദയം കവർന്നുകഴിഞ്ഞു. ‘കഹാനി’ ‘മെയിൻ കി കരൺ?’ തുടങ്ങിയ ഗാനങ്ങൾ ഇന്ത്യയിൽ ജനപ്രിയവും ഏറ്റവുമധികം കേൾക്കുന്നതുമായ ഗാനങ്ങളായി മാറിയിരിക്കുന്നു.
‘സീക്രട്ട് സൂപ്പർസ്റ്റാർ’ റിലീസിന് ശേഷം ആമിർ ഖാനും അദ്വൈത് ചന്ദനും ‘ലാൽ സിംഗ് ഛദ്ദ’യ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ്, കിരൺ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്‌പോർട്‌സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.