Salmon | വിജയ് യേശുദാസ് നായകനാവുന്ന 'സാൽമൺ' പ്രേക്ഷകരിലേക്ക്; റിലീസ് തിയതി ഇതാ
- Published by:user_57
- news18-malayalam
Last Updated:
റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ജോണറില്‍ കാഴ്ചക്കാരിലേക്കെത്തുന്ന ബിഗ്ബജറ്റ് സിനിമയാണ് സാല്‍മണ്‍ 3D
ഗായകൻ വിജയ് യേശുദാസ് (Vijay Yesudas) നായകനാവുന്ന മലയാള ചിത്രം ‘സാൽമൺ’ (Salmon 3D) തിയേറ്ററുകളിലേക്ക്. ഡോള്‍സിനും കാട്ടുമാക്കാനും ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ്. ഏഴു ഭാഷകളില്‍ പുറത്തിറക്കുന്ന ത്രി ഡി സിനിമ ‘സാല്‍മണ്‍’ സിനിമയുടെ അഞ്ച് ഭാഷകള്‍ റിലീസിന് തയ്യാറായി. ജൂണ്‍ 30ന് ഇന്ത്യയിലേയും വിദേശങ്ങളിലേയും തിയേറ്ററുകളില്‍ സാല്‍മണ്‍ ത്രി ഡി പ്രദര്‍ശനത്തിനെത്തും.
റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ജോണറില്‍ കാഴ്ചക്കാരിലേക്കെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാല്‍മണ്‍ 3D എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി. പെക്കാട്ടില്‍, ജോയ്സന്‍ ഡി. പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥാകുമ്പോഴും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറി സഞ്ചരിക്കുന്ന സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രതികൂലമായ അവസ്ഥകളെ തരണം ചെയ്ത് ജീവിതംകൊണ്ട് ഭൂഖണ്ഡാന്തര യാത്ര നടത്തുന്ന നായകന്‍ തന്നെയാണ് ‘സാല്‍മണ്‍’ എന്ന പേരിലേക്ക് സിനിമയെ എത്തിക്കുന്നത്.
advertisement
ദുബായ് മഹാനഗരത്തിലാണ് സര്‍ഫറോഷും ഭാര്യ സമീറയും മകള്‍ ഷെസാനും ജീവിക്കുന്നത്. അവധിക്കാലത്ത് ഭാര്യയും മകളും നാട്ടില്‍ പോയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് സര്‍ഫറോഷിന് സര്‍പ്രൈസ് ഒരുക്കുകയും അതിനിടയില്‍ അവിടെ നടക്കുന്ന ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായാണ് സാല്‍മണ്‍ സസ്പെന്‍സ് ത്രില്ലറായി പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ എത്തുന്നത്.
advertisement
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ മൂവിയില്‍ നായകനായി ഗായകന്‍ വിജയ് യേശുദാസെത്തുന്നു. വിജയിന്റെ സര്‍ഫറോഷിനൊപ്പം വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ജോനിത ഡോഡ, നേഹ സക്‌സേന തുടങ്ങിയവരും വേഷമിടുന്നു. നിരവധി ചലച്ചിത്രങ്ങളില്‍ വേഷമിട്ട അഭിനേതാവ് കൂടിയായ സംവിധായകന്‍ ഷലീല്‍ കല്ലൂരും വ്യത്യസ്ത വേഷവുമായി സാല്‍മണ്‍ ത്രി ഡിയിലുണ്ട്.
ടി സീരിസ് ലഹിരിയിലൂടെ പുറത്തിറങ്ങിയ സാല്‍മണിലെ ഗാനങ്ങള്‍ ഇതിനകം ഇന്ത്യന്‍ യുവത്വത്തിന്റെ ചുണ്ടുകളില്‍ ലഹരിയായി പടര്‍ന്നുകഴിഞ്ഞു. വിജയന്‍ യേശുദാസും ജോനിറ്റ ഡോഡയും രംഗത്തെത്തിയ ‘കാതല്‍ എന്‍ കവിതൈ’ എന്ന ഗാനം യൂട്യൂബിലും ഇന്‍സ്റ്റ റീല്‍സിലും വൈറലായിരുന്നു. ഒന്നരക്കോടിയിലേറെ കാഴ്ചക്കാരാണ് ടി സീരിസ് ലഹിരിയുടെ യൂട്യൂബ് ചാനലില്‍ മാത്രം ഈ ഗാനത്തിനുണ്ടായത്. പത്ത് ലക്ഷത്തോളം പേര്‍ റീല്‍സ് ചെയ്യാന്‍ ഈ ഗാനം ഉപയോഗിച്ചു.
advertisement
ഇതിനു പിന്നാലെ പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥപറയുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ ഗാനവും പുറത്തുവന്നു. സൗഹൃദവും ഗൃഹാതുരത്വവും ചേര്‍ന്നുവരുന്ന വരികളും സംഗീതവും ദൃശ്യങ്ങളും നിറഞ്ഞ ഗാനമാണിത്.
ഇന്ത്യയിലെ ആദ്യ 3D സിനിമ മൈഡിയര്‍ കുട്ടിച്ചാത്തന്‍ പുറത്തിറങ്ങി 39 വര്‍ഷത്തിന് ശേഷം ആദ്യമായി ഒറിജിനല്‍ 3D ക്യാമറയില്‍ ചിത്രീകരിച്ച ചലച്ചിത്രം എന്ന പ്രത്യേകതയും സാല്‍മണിനുണ്ട്.
രാഹുല്‍ മേനോനാണ് ക്യാമറ. ത്രിഡി സ്റ്റിറോസ്‌കോപിക് ഡയറക്ടറായി ജീമോന്‍ പുല്ലേലിയും സൗണ്ട് ഡിസൈനറായി ഗണേഷ് ഗംഗാധരനും ത്രിഡി സ്റ്റീരിയോ ഗ്രാഫറായി ജീമോന്‍ കെ.പി. (കുഞ്ഞുമോന്‍), സംഗീതം ശ്രീജിത്ത് എടവനയും നിര്‍വഹിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2023 11:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Salmon | വിജയ് യേശുദാസ് നായകനാവുന്ന 'സാൽമൺ' പ്രേക്ഷകരിലേക്ക്; റിലീസ് തിയതി ഇതാ