മില്ലേനിയം സ്റ്റാർസിൽ ശ്രോതാക്കൾ കേട്ടുതുടങ്ങിയതാണ് വിജയ് യേശുദാസിന്റെ ശബ്ദം. വിജയ്‌യുടെ സിനിമാ സംഗീത ജീവിതം രണ്ട് പതിറ്റാണ്ടു പിന്നിടുന്നു. പാട്ടുകളുടെ എണ്ണത്തേക്കാൾ ഓർമ്മയിൽ തങ്ങുന്ന ഇമ്പമേറിയ ഗാനങ്ങൾ സമ്മാനിച്ച ഗായകൻ എന്ന വിശേഷണമാവും കൂടുതൽ അനുയോജ്യം.
2000 ജനുവരിയിൽ പുറത്തിറങ്ങിയ ജയറാം-സുരേഷ് ഗോപി-ബിജു മേനോൻ ചിത്രമായ മില്ലേനിയം സ്‌റ്റാർസിൽ അച്ഛൻ യേശുദാസിനൊപ്പമാണ് വിജയ് അഞ്ചു ഗാനങ്ങൾ ആലപിച്ചത്. പിന്നീടങ്ങോട്ട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വിജയ്‌യുടെ ശബ്ദ സാന്നിധ്യം പ്രേക്ഷകർ അറിഞ്ഞു. ഇടയ്ക്ക് അഭിനയവും ചെറുതായൊന്നു പരീക്ഷിച്ചു.
സംഗീത ജീവിതത്തിന്റെ 20 വർഷങ്ങൾ പിന്നിടുമ്പോൾ സംഗീതത്തിന് പുറമെ സംരംഭകന്റെ റോളിൽ കൂടി വിജയ് യേശുദാസ് വളർന്നിരിക്കുന്നു. ലോകോത്തര സലൂൺ ബ്രാൻഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാൻഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കൾക്കൊപ്പം വിജയ് എത്തുകയാണ്. ജീവിതം ഒരിടത്തു തന്നെ ഒതുങ്ങിക്കൂടാതെ പുതുമയും പരീക്ഷണങ്ങളും ആഗ്രഹിക്കുന്ന വിജയ് ന്യൂസ് 18 മലയാളത്തോട് വിശേഷങ്ങൾ പങ്കിടുന്നു.
സ്വപ്രയത്നം നൽകിയ നിലനിൽപ്പും ഊർജവുമാണ് വിജയ്‌യുടെ സംഭാഷണത്തിലുടനീളം തെളിയുന്നത്. പകരക്കാരനില്ലാത്ത പ്രതിഭയായ അച്ഛൻ യേശുദാസിന്റെ മകൻ എന്ന പേരിന് പുറമെ വിജയ് യേശുദാസ് ആയി അറിയപ്പെടാൻ, സ്വന്തം കഴിവ് തെളിയിച്ച് അംഗീകരിക്കപ്പെടാൻ, ഒട്ടേറെ കടമ്പകൾ താണ്ടിയ അനുഭവസമ്പത്താണ് ആ വാക്കുകളിൽ"മലയാള സിനിമയിൽ ദാസേട്ടന്റെ മകൻ കഷ്‌ടപ്പാടിനെ പറ്റി പറയുമ്പോൾ പലരും വിശ്വസിക്കില്ല. പക്ഷെ ഓരോരുത്തർക്കും അവരുടേതായ ബുദ്ധിമുട്ടുകളുണ്ട്. എന്റെ അച്ഛൻ ഒരു സംഗീത സംവിധായകന്റെ അടുത്തുപോലും എനിക്കായി ശുപാർശ ചെയ്തിട്ടില്ല. ഏതെങ്കിലും സംവിധായകനോടോ അഭിനേതാവിനോടോ എന്നെ വിളിച്ചു പാടിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ മലയാളത്തിലും തമിഴിലും നിലയുറപ്പിക്കാൻ ഞാൻ ഏഴുവർഷത്തോളമെടുത്തു. സ്വയം കഴിവ് തെളിയിച്ച് തന്നെ അവിടംവരെ എത്തേണ്ടി വന്നു."
21-ാം വർഷത്തിലേക്ക് കടക്കുമ്പോൾ നൽകാനുള്ള സർപ്രൈസ് എന്താണ്?മനസ്സിൽ ഒരു ചിന്തയുണ്ട്. അത് സർപ്രൈസ്ആ യിത്തന്നെയിരിക്കട്ടെ. 20 വർഷങ്ങൾ കൊണ്ട് പഠിച്ചത്, സിനിമാപ്പാട്ട് കൊണ്ട് മാത്രം നിലനിൽക്കാനാണ് ശ്രമമെങ്കിൽ നമ്മൾ ശരിക്കും പെടും എന്ന കാര്യമാണ്. സ്വന്തം കാലിൽ നിൽക്കാൻ കൂടി പഠിക്കണം.
കോവിഡ് കാലങ്ങളിൽ കൂടുതലായും ഗായകരെ സൗജന്യമായി പാടിക്കുന്ന പ്രവണതയുണ്ടായി. ഞാനും, മറ്റു പല ഗായകരും അങ്ങനെ പാടി. ആദ്യത്തെ രണ്ട് മാസത്തിനു ശേഷം ഞാൻ അത് നിർത്തി, ശ്രദ്ധതിരിച്ചു.
പ്രളയത്തിന്റെ പരിണിത ഫലങ്ങൾക്കൊടുവിൽ കോവിഡും കൂടിയായപ്പോൾ താൻ ഉൾപ്പെടെയുള്ള ഗായകർക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ നഷ്‌ടപ്പെട്ടു. ചെന്നൈയിൽ താമസിക്കുമ്പോൾ നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചത്.
ഗായകരും സംഗീതജ്ഞരും സ്റ്റുഡിയോ അല്ലെങ്കിൽ മ്യൂസിക് സ്കൂൾ ആരംഭിക്കുമ്പോൾ ,തികച്ചും വ്യത്യസ്തമായി ഒരു സലൂൺ തുറക്കുന്നു. സംഗീത മേഖലയിൽ ബിസിനസ് തുടങ്ങുന്നതിനെ പറ്റി ചിന്തിച്ചിരുന്നോ?വളരെയേറെ വർഷങ്ങൾ കഴിഞ്ഞാലേ സ്കൂൾ അല്ലെങ്കിൽ സ്റ്റുഡിയോയിൽ നിന്നുള്ള ഫലം പൂർണ്ണമായും ലഭിക്കുകയുള്ളൂ. കുറച്ചു നാളായി സ്പോർട്സുമായി ബന്ധപ്പെട്ട് ഒരു ബിസിനസ് എന്ന ചിന്ത ഉള്ളിൽക്കൊണ്ടു നടന്നിരുന്നു. അപ്പോഴാണ് ഈ ആശയം മുന്നിൽ എത്തുന്നത്. സുഹൃത്ത് വിജയ് മൂലനാണ് ഇങ്ങനെ ഒരു ബിസിനസ് സംരഭത്തെക്കുറിച്ച് അവതരിപ്പിച്ചത്. കേട്ടപ്പോൾ കൊള്ളാമെന്നു തോന്നി. കോവിഡ് കാലത്തും ജനങ്ങൾക്കിടയിൽ ഗ്‌റൂം ചെയ്യാനുള്ള വ്യഗ്രത മനസ്സിലാക്കിയപ്പോൾ ഇനി അധികം വൈകിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തി. ജീവിത ശൈലിയുമായി ചേർന്ന് പോകുന്ന ഒരു ആശമെന്ന രീതിയിലാണ് ഈ ബിസിനസ്സിലേക്ക് കടക്കുന്നത്. ഞങ്ങൾ രണ്ടുപേരും അനസ് നാസിർ എന്ന സുഹൃത്തും കൂടി ചേർന്നാണ് നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുക.
കേരളത്തിൽ കണ്ടുവരുന്ന സലൂൺ ഫോർമാറ്റുകളുടെ പൊളിച്ചെഴുത്ത് കൂടിയാണ് വിജയ് ഉദ്ദേശിയ്ക്കുന്നത്. ഗോവ കഴിഞ്ഞാൽ തെന്നിന്ത്യയിൽ തുറക്കാൻ പോകുന്ന അന്താരാഷ്ട്ര സലൂൺ ശൃംഖലയുടെ ആദ്യ ബ്രാഞ്ച് വിജയ്‍യും കൂട്ടുകാരും ചേർന്ന് കൊച്ചിയിൽ ആരംഭിക്കുന്നു :ന്യൂയോർക് സ്റ്റൈൽ പിന്തുടരുന്ന കനേഡിയൻ ബ്രാൻഡാണ് 'ചോപ്ഷോപ്'. അത്യാധുനികതയുടെ നൂതന സങ്കേതങ്ങൾ ഇവിടെ ലഭ്യമാക്കും. ബൈക്കിനും ബ്ലെയ്ഡിനും ബിയേർഡിനും (താടി) ജീവിതത്തിൽ പ്രാധാന്യം കൽപ്പിക്കുന്ന ബ്രൂക്‌ലിൻ മാതൃകയിൽ പ്രവർത്തിക്കുന്ന ഇടമാണിത്. പുരുഷന്മാർക്കായി പ്രീമിയം സേവനമാണ് ലഭിക്കുക. ആദ്യത്തെ ബ്രാഞ്ചാണ് തുറക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലെ ജീവനക്കാരാവും ഇവിടെ സേവനം നൽകുക.
നിലവിൽ ഗോവയിലുള്ള സലൂൺ സന്ദർശിച്ച് അതിനേക്കാൾ വിസ്തീർണ്ണത്തിലാണ് കേരളത്തിൽ ബ്രാഞ്ച് ഒരുങ്ങുന്നത്. കൊച്ചിയിൽ ഇത് ആദ്യമാണ്. ഭാവിയിൽ തെന്നിന്ത്യയിലെ പ്രചരണമാണ് ലക്ഷ്യമിടുന്നത്. അതേസമയം കേരളത്തിൽ കോഴിക്കോട് പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കാനാണ് പ്ലാൻ.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് 'ചോപ്ഷോപ്' കൊച്ചി പനമ്പിള്ളി നഗറിൽ പ്രവർത്തന സജ്ജമാവുകയാണ്.
ആട് ജീവിതത്തിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പാടുന്നു. പിന്നെ സിനിമാഭിനയവുംആട് ജീവിതം ആദ്യ ഷെഡ്യൂൾ പൂർത്തിയായപ്പോഴേ ബ്ലെസി സർ അറിയിച്ചു. പാട്ട് കഴിഞ്ഞ വർഷം റെക്കോർഡ് ചെയ്തു കഴിഞ്ഞു. ചിന്മയിയുമൊത്തുള്ള ഡ്യുയറ്റ് ആണ്.
കോളാമ്പിയിൽ അതിഥി വേഷമുണ്ട്. തുടക്കത്തിൽ അപ്പ ഇടയകന്യകേ പാടിയ മൈക്ക് തപ്പി പോകുന്ന ഒരു രംഗമാണ്. അതിൽ രഞ്ജി പണിക്കർ സാറും രോഹിണി മാഡവും അച്ഛൻ പാടിയ ഒരു പാട്ടു കേൾപ്പിക്കുന്നു.
മറ്റൊരു കഥാപാത്രം സാൽമൺ എന്ന ബഹു-ഭാഷാ ചിത്രത്തിലാണ്. എല്ലാം പുതുമുഖങ്ങളാണ്. രസകരമായ ഒരു ത്രില്ലറായിരിക്കുമത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.