ഷാരൂഖ് ഖാന് വധഭീഷണി; വിളിക്കാൻ ഉപയോഗിച്ച ഫോൺ നടനെതിരെ മുമ്പ് പരാതി നൽകിയ അഭിഭാഷകന്റേത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഷാരൂഖ് ഖാനെ വിളിക്കാൻ ഉപയോഗിച്ച ഫോൺ രണ്ടു ദിവസം മുമ്പ് തന്റെ കയ്യിൽ നിന്നും മോഷണം പോയതെന്നാണ് അഭിഭാഷകനായ ഫൈസാൻ ഖാൻ പറയുന്നത്
മുംബൈ: നടൻ ഷാരൂഖ് ഖാനെതിരെ വന്ന വധഭീഷണിക്കായി ഉപയോഗിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു അഭിഭാഷകനാണ് ഫോണിന്റെ ഉടമയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, വധഭീഷണി മുഴക്കി വിളിച്ചത് താനല്ലെന്നും തന്റെ ഫോൺ മൂന്നു ദിവസം മുമ്പ് കാണാതായെന്നുമാണ് അഭിഭാഷകനായ ഫൈസാൻ ഖാൻ അവകാശപ്പെടുന്നത്.
ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് ചൊവ്വാഴ്ചയാണ് ഭീഷണി കോൾ വന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. വിളിച്ചയാൾ നടനോട് 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുക നൽകിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഭീഷണി മുഴക്കിയത്. വധഭീഷണിക്കായി ഉപയോഗിച്ച ഫോണ്‍ തന്റെ പക്കല്‍ നിന്നും മോഷണം പോയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ റായ്പുരിലെ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫൈസാൻ ഖാൻ പറഞ്ഞു.
എന്നാൽ, ഫോണിന്റെ ഉടമയായ അഭിഭാഷകൻ മുമ്പ് ഷാരൂഖ് ഖാനെതിരെ പരാതി നൽകിയ ആളാണ്. ഷാരൂഖ് ഖാൻ്റെ അഞ്ജാം (1994) എന്ന സിനിമയിലെ മാൻ വേട്ടയെ പരാമർശിക്കുന്ന ഒരു സംഭാഷണത്തിനെതിരെയാണ് ഇദ്ദേഹം നേരത്തെ മുംബൈ പോലീസിൽ പരാതി നൽകിയത്.
advertisement
“ഞാൻ രാജസ്ഥാൻ സ്വദേശിയാണ്. ബിഷ്‌ണോയ് സമൂഹത്തെ എനിക്കറിയാം. മാനുകളെ സംരക്ഷിക്കുന്നതിനെ കുറിച്ച് അവരുടെ മതത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, ഒരു മുസ്ലീം മാനിനെക്കുറിച്ച് ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അത് അപലപനീയമാണ്. അതിനാൽ, ഞാൻ ഒരു എതിർപ്പ് ഉന്നയിച്ചു, ”ഫൈസാൻ ഖാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നവംബര്‍ അഞ്ചാം തീയതി രാത്രി എട്ടു മണിയോടെയാണ് ഷാരൂഖിനെ വധിക്കുമെന്ന് പറഞ്ഞ് മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോൺ സന്ദേശം വന്നത്. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഷാരൂഖിന്റെ വീടായ മന്നത്തിനു പുറത്ത് നില്‍ക്കുകയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്നും പോലീസ് പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ റായ്പുരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു.
advertisement
ഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകിയത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് നിരന്തരമായ വധഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിനു നേരെയും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 08, 2024 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരൂഖ് ഖാന് വധഭീഷണി; വിളിക്കാൻ ഉപയോഗിച്ച ഫോൺ നടനെതിരെ മുമ്പ് പരാതി നൽകിയ അഭിഭാഷകന്റേത്