• HOME
  • »
  • NEWS
  • »
  • film
  • »
  • ദി കേരള സ്റ്റോറി: 'നിർമ്മാതാവിന്റെയും അഭിനേതാക്കളുടെയും അധ്വാനത്തെക്കുറിച്ച് ചിന്തിക്കൂ'; റിലീസിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

ദി കേരള സ്റ്റോറി: 'നിർമ്മാതാവിന്റെയും അഭിനേതാക്കളുടെയും അധ്വാനത്തെക്കുറിച്ച് ചിന്തിക്കൂ'; റിലീസിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

'സിനിമാ നിർമ്മാതാവിന്റെ കണ്ണിലൂടെ നോക്കൂ, എത്ര വെല്ലുവിളികൾ നേരിടേണ്ടിവരും? സിനിമാ നിർമ്മാതാവിന്റെ കാഴ്ചപ്പാടിലൂടെ നിന്ന് ഇത് നോക്കണം'

  • Share this:

    വിവാദ ഹിന്ദി ചിത്രമായ ദി കേരള സ്റ്റോറിക്കെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച വീണ്ടും വിസമ്മതിച്ചു. കേസ് തങ്ങളുടെ മുമ്പാകെ ഇല്ലാത്തതിനാൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

    “ഹർജി പരിഗണിക്കാൻ കഴിയില്ല, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സിനിമയ്ക്ക് അനുമതി നൽകി. കേരള ഹൈക്കോടതി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ഞങ്ങൾ ഇന്നലെ ഹർജി നിരസിക്കുകയും ചെയ്തു. ഈ മൂന്ന് ഘട്ടങ്ങൾക്ക് ശേഷവും വീണ്ടും കേസ് പരിഗണിക്കുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച നിർമ്മാതാവിന്റെയും അഭിനേതാക്കളുടെയും അധ്വാനവും പരിശ്രമവും കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു. സിനിമാ നിർമ്മാതാവിന്റെ കണ്ണിലൂടെ നോക്കൂ, എത്ര വെല്ലുവിളികൾ നേരിടേണ്ടിവരും? സിനിമാ നിർമ്മാതാവിന്റെ കാഴ്ചപ്പാടിലൂടെ നിന്ന് ഇത് നോക്കണം. ഓരോ തവണയും വെല്ലുവിളികൾ ഉണ്ടാകുമ്പോൾ എന്തൊക്കെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു.

    മെയ് 5ന് സിനിമ റിലീസാകും. അതിന് മുമ്പ് അടിയന്തര വാദം കേൾക്കാൻ ഹർജിക്കാർക്ക് ഒരു ദിവസം മുമ്പ് സുപ്രീം കോടതി അനുമതി നൽകിയിട്ടും വിഷയം കേൾക്കാൻ വ്യാഴാഴ്ച ബെഞ്ച് രൂപീകരിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചതായി മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി സുപ്രീം കോടതി മുമ്പാകെ പരാമർശിച്ചു. എന്നാൽ ബെഞ്ച് രൂപീകരിച്ചതായി കാണിച്ച് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന് കത്തയച്ചതായി അഹമ്മദി പറഞ്ഞു. പക്ഷേ വ്യാഴാഴ്ച ബെഞ്ച് സിറ്റിങ് നടത്തില്ലെന്ന് രജിസ്ട്രി പിന്നീട് ഹർജിക്കാരെ അറിയിക്കുകയായിരുന്നു. കേരള ഹൈക്കോടതി വേനൽക്കാല അവധിയിലാണെന്നും അഹമ്മദി സുപ്രീം കോടതിയെ അറിയിച്ചു.

    എന്നാൽ ഈ ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഹർജിക്കാരനോട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയ സർട്ടിഫിക്കേഷൻ കണക്കിലെടുത്ത് സിനിമയുടെ ഇടക്കാല സ്റ്റേ നിരസിച്ച് കൊണ്ട് മെയ് 2 ന് ഹൈക്കോടതി വിശദമായ ഉത്തരവ് പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്ഐഎസ്) ചേരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെക്കുറിച്ചുള്ള ഹിന്ദി ചിത്രമാണ് ദി കേരള സ്റ്റോറി. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇത് വ്യാജ വിവരങ്ങളും വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അജണ്ടയും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ സിനിമയാണെന്ന് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോൺഗ്രസും ആരോപിച്ചു. കേരളത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ വിവിധ സംഘടനകൾ സിനിമയ്ക്ക് എതിരെ നടത്തി വരികയാണ് .

    Published by:Anuraj GR
    First published: