ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുരുക്കാകുമോ?
- Published by:Sarika N
- news18-malayalam
Last Updated:
ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് വിസ നിയമങ്ങളിൽ മാറ്റം വരുന്നത്
ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ഇന്ത്യക്കാരായ യാത്രക്കാരില്‍ ആശങ്കയുണ്ടാക്കുന്നു. കുടുംബവുമൊന്നിച്ച് ദുബായില്‍ താമസിക്കാന്‍ പദ്ധതിയിടുന്നവര്‍ക്കാണ് കൂടുതല്‍ ആശങ്കയ്ക്ക് ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ അപേക്ഷ പ്രക്രിയയില്‍ യാത്രക്കാര്‍ ഇപ്പോള്‍ അവരുടെ താമസസ്ഥലത്തെ വാടക കരാര്‍, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സ് വിസയുടെ പകര്‍പ്പ്, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവയെല്ലാം നല്‍കണം.
ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 14 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട പരിപാടിയാണിത്.
എല്ലാ ഇന്ത്യന്‍ വിനോദസഞ്ചാരികളും ഹോട്ടല്‍ ബുക്കിംഗ് രേഖകളും റിട്ടേണ്‍ ടിക്കറ്റിലെ വിശദാംശങ്ങളും നല്‍കണമെന്ന് പുതിയ നിയമത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നവര്‍ കൂടുതല്‍ രേഖകള്‍ കൈമാറണം.
''ഹോട്ടല്‍ ബുക്കിംഗിന്റെ രേഖകളും റിട്ടേണ്‍ ടിക്കറ്റിന്റെ വിവരങ്ങളും നല്‍കുന്നത് ന്യായമായ ആവശ്യമാണെങ്കിലും ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നതിന് ആവശ്യപ്പെടുന്ന രേഖകള്‍ വളരെ ബുദ്ധിമുട്ടാണ്,'' ഓഡീസി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഡയറക്ടര്‍ നിഖില്‍ ഠാക്കൂര്‍ദാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ''വാടക കരാറുകളും താമസരേഖകളും പോലെയുള്ള കാര്യങ്ങള്‍ ചോദിക്കുന്നത് വളരെ വിചിത്രമായ കാര്യമാണ്. ഇത് ചില സഞ്ചാരികളെ ബന്ധുവിന്റെ താമസ സ്ഥലത്തിന് പകരം ഹോട്ടല്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചേക്കാം. ഇത് അവരുടെ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും,'' നിഖില്‍ പറഞ്ഞു.
advertisement
ദുബായിലെ ഹോട്ടലുകളില്‍ വാടകയിനത്തില്‍ താരതമ്യേന വലിയ തുകയാണ് ഈടാക്കുന്നത്. ഒരു രാത്രി താമസിക്കാന്‍ 20000 മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കണം. ഇതാണ് സന്ദര്‍ശകരെ ബന്ധുക്കളുടെ വീട്ടില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്. എമിറേറ്റ്‌സ് ഐഡി പോലെയുള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ നല്‍കാന്‍ ബന്ധുക്കള്‍ മടി കാണിക്കാറുണ്ടെന്ന് ട്രാവന്‍ എജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
''ഈ നടപടി ദുബായ് സന്ദര്‍ശിക്കാനും ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനും ആഗ്രഹിക്കുന്നവരെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഇത് മൂലം ക്രിസ്മസ് കാലത്ത് ഇന്ത്യയില്‍നിന്ന് ദുബായിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പടുത്തിയേക്കാം. ദുബായില്‍ കുടുംബാംഗങ്ങളെ പതിവായി സന്ദര്‍ശിക്കുന്ന നിരവധിപേര്‍ ഉണ്ട്. എന്നാല്‍, അവരെല്ലാം ഇക്കാര്യം പുനഃപരിശോധിക്കുകയാണ്. രേഖകള്‍ സമര്‍പ്പിക്കാനുള്ള ബുദ്ധിമുട്ടാണ് കാരണം,'' ട്രാവല്‍ ഏജന്‍സിയായ ശ്രീ വിനായക് ഹോളിഡേസിന്റെ ഉടമസ്ഥനായ സന്തോഷ് ഗുപ്ത ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.
advertisement
പുതിയ നിയമത്തില്‍ ധാരാളം ആശയക്കുഴപ്പങ്ങളുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകള്‍ മൂലം ദുബായിലേക്കുള്ള യാത്ര പലരും ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഹോട്ടലില്‍ താമസിക്കുന്നവര്‍ക്കും കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ബാങ്ക് രേഖകളും പാന്‍ കാര്‍ഡിന്റെ പകര്‍പ്പുകളും നല്‍കണം. ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളുണ്ടെന്നും തുടക്കത്തില്‍ അസൗകര്യം തോന്നുമെങ്കിലും ക്രമേണ അത് ശീലമാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
Location :
New Delhi,Delhi
First Published :
December 02, 2024 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ പുതിയ വിസ നിയമങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുരുക്കാകുമോ?