• HOME
  • »
  • NEWS
  • »
  • gulf
  • »
  • മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം

മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം

'നിങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകരാണ് ഞങ്ങളുടെ സൂപ്പർ ഹീറോകൾ പ്രവാസി നഴ്‌സുമാർക്ക് എന്റെയും നമ്മുടെ നാടിന്റെയും പൂർണ പിന്തുണയുണ്ട്.. '

Mohanlal

Mohanlal

  • Share this:
ദുബായ്: എല്ലാദിവസത്തെയും പോലെ ജോലിത്തിരക്കുകളിലായിരുന്നു ഇന്നലെയും യുഎഇയിലെ മലയാളി നഴ്സുമാർ. എന്നാൽ ഇതിനിടെ ഇവരില്‍ പലരെയും തേടി ഒരു അപ്രതീക്ഷിത കോളെത്തി. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ ആയിരുന്നു ഫോണിന്‍റെ ഇങ്ങേത്തലയ്ക്കൽ. കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന മാലാഖമാർക്ക് നന്ദി അറിയിക്കാനായിരുന്നു നഴ്സസ് ദിനത്തോടനുബന്ധിച്ച് താരത്തിന്‍റെ ഈ അപ്രതീക്ഷിത ഫോൺ സർപ്രൈസ്.പ്രിയതാരത്തോട് ഫോണിൽ സംസാരിച്ചതിന്‍റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല ദുബായി മീഡിയോർ ഹോസ്പിറ്റൽ നഴ്സായ അനുമോൾ ജോസഫിന്. 'ഫോൺ എടുക്കുന്നതിനായി സുരക്ഷാ കവചങ്ങളും മറ്റും ഊരിമാറ്റുന്നതിനുള്ള ബുദ്ധിമുട്ടോർക്കുമ്പോൾ സാധാരണയായി പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള കോളുകള്‍ ഇപ്പോൾ അങ്ങനെ എടുക്കാറില്ല... പക്ഷെ ഈ കോൾ എടുത്തില്ലായിരുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ പശ്ചാത്തപിച്ചേനെ... ഈ ഒരു മുഹൂർത്തം ഞാൻ ജീവിത കാലം മുഴുവന്‍ ഓർത്തിരിക്കും..' മോഹൻലാലിനോട് സംസാരിച്ച ശേഷം ഇതായിരുന്നു അനുമോളുടെ പ്രതികരണം.കോവിഡിനെതിരെ പോരാടുന്ന നഴ്സുമാർക്ക് നന്ദി അറിയിച്ചു കൊണ്ടായിരുന്നു മോഹൻലാൽ നേരിട്ട് തന്നെ ഓരോരുത്തരെയും വിളിച്ച് സംസാരിച്ചത്.'ഹലോ ഞാൻ ആക്ടർ മോഹൻലാൽ' എന്നായിരുന്നു സംഭാഷണം ആരംഭിച്ചത്. 'നിങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകരാണ് ഞങ്ങളുടെ സൂപ്പർ ഹീറോകൾ പ്രവാസി നഴ്‌സുമാർക്ക് എന്റെയും നമ്മുടെ നാടിന്റെയും പൂർണ പിന്തുണയുണ്ട്.. ഞങ്ങളുടെ എല്ലാ പ്രാർഥനകളും നിങ്ങൾക്കൊപ്പമുണ്ട്’എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകൾ.

'താരത്തിന്‍റെ ഫോൺ വരുമ്പോൾ താനൊരു മീറ്റിംഗിലായിരുന്നുവെന്നാണ് അബുദാബി വിപിഎസ് ഹെൽത്ത് കെയറിലെ നഴ്സായ പ്രിൻസി ജോർജ് പറയുന്നത്. ആദ്യം വിശ്വസിക്കാൻ പറ്റിയില്ല.. ഞെട്ടലിലായിരുന്ന എന്നെ അദ്ദേഹം തന്നെയാണ് സമാധാനിപ്പിച്ചത്.. എന്‍റെ സുഹൃത്തുക്കളുമായും സംസാരിച്ചുവെന്നും പ്രിൻസി പറയുന്നു. 'എല്ലാവരും വളരെ സന്തോഷത്തിലാണ്.. നഴ്സസ് ദിനത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം.. ആശുപത്രിയിൽ സമ്മാനങ്ങളും പൂക്കളും ചോക്ലേറ്റും ഒക്കെ ലഭിക്കാറുണ്ട്.. പക്ഷെ ഇത് ശരിക്കും സ്പെഷ്യലാണ്' പ്രിൻസി കൂട്ടിച്ചേർത്തു.

'അവർ ചെയ്യുന്ന ത്യാഗങ്ങൾക്ക് നന്ദി അറിയിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.. അവരോട് എപ്പോഴും നമ്മൾ കടപ്പെട്ടിരിക്കണം. അവരുടെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കണം.. എന്നായിരുന്നു ഇതിൽ മോഹന്‍ലാലിന്‍റെ പ്രതികരണം.

യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ ഗ്രൂപ്പുകളിൽ ഒന്നായ വിപിഎസ് ഹെൽത്ത്കെയറിന്റെ ദുബായ്, അബുദാബി, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെ ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്‌കെയർ ആശുപത്രികളിലെ നഴ്സുമാരുമായിട്ടായിരുന്നു മോഹൻലാലിന്റെ സംഭാഷണം.

നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചു നഴ്‌സുമാർക്ക് സർപ്രൈസ് നൽകാൻ വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്‌മെന്‍റെ് തന്നെയാണ് താരത്തിന് നല്‍കിയത്. രാവിലെ ഒരു സുപ്രധാന കോൾ വരുമെന്നും അത് എടുക്കാൻ വിട്ടുപോകരുതെന്ന് നഴ്സുമാരോടും പറഞ്ഞിരുന്നു. എന്നാൽ ആരാണ് വിളിക്കാൻ പോകുന്നതെന്ന് അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ഡിസംബറിൽ കയ്യിലെ പരുക്കിന് മോഹൻലാൽ ചികിത്സ തേടിയിരുന്നത് വിപിഎസ് ഹെൽത്ത്കെയറിന്റെ ദുബായ് ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറിയിൽ ആയിരുന്നു.

Published by:Asha Sulfiker
First published: