ലോകത്തെ ഇസ്ലാമിന്റെ ഉത്ഭവകേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുകയും ഇന്ന് പുതിയ സാമ്പത്തിക, സാമൂഹിക വിപ്ലവത്തിന്റെ വേദിയുമായ സൗദി അറേബ്യക്ക് ഇന്ന് 91ാമത്തെ ജന്മദിനം. “നമുക്കൊരു വീട്” എന്നതാണ് ഇത്തവണത്തെ സൗദി ദേശീയ ദിനത്തിന്റെ പ്രമേയം. ഗൾഫ് രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളും കഴിഞ്ഞ 91 വർഷത്തിൽ രാജ്യം കടന്നുപോയ മാറ്റങ്ങൾ ആഘോഷിക്കുന്ന വേള കൂടിയാണിത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ചെറിയ രീതിയുള്ള ആഘോഷങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. സൗദി ദേശീയ ദിനത്തെ കുറിച്ചുള്ള ചില അപൂർവ്വ വസ്തുതകളാണ് താഴെ പറയുന്നത്.
സൗദിയുടെ ചരിത്രം
ഏകദേശം കൃസ്തുവർഷം 610 ലാണ് മുഹമ്മദ് നബിക്ക് നുബുവ്വത് അഥവാ പ്രവാചകത്വം ലഭിക്കുന്നത്. ഇതേതുടർന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാം പ്രചരിപ്പിക്കാൻ പ്രവാചകൻ മുന്നിട്ടിറങ്ങുകയും ചെയ്തു. എന്നാൽ മുഹമ്മദ് നബിക്ക് മക്കയിൽ വധഭീഷണി നേരിടുകയും ഇതേതുടർന്ന യസ്രിബ് എന്ന സ്ഥലത്തേക്ക് പലായനം ചെയ്യുകയും ചെയ്തു. യസ്രിബാണ് പിൽക്കാലത്ത് പ്രവാചക പട്ടണം അഥവാ മദീന എന്ന പേരിൽ അറിയപ്പെട്ടത്. പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്കു പലായനം ചെയ്തതു മുതലാണ് ലൂണാർ കലണ്ടർ അല്ലെങ്കിൽ ഹിജ്രി കലണ്ടറിന്റെ തുടക്കം. ഇതുമുതൽ ഇസ്ലാം കൂടുതൽ പ്രചരിക്കുകയും സ്പെയ്ൻ മുതൽ ഇന്ത്യ വരെയുള്ള ഭാഗങ്ങളിൽ എത്തുകയും ചെയ്തു.
1700 കളുടെ തുടക്കത്തിൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് എന്ന മുസ്ലിം പണ്ധിതൽ ഇസ്ലാമിന്റെ യഥാർത്ഥ രൂപം ആളുകൾ പിന്തുടരണം എന്ന ആവശ്യവുമായി രംഗത്തെത്തുകയും അദ്ദേഹം മുഹമ്മദ് ബിൻ സഈദുമായി സഖ്യം ചേർന്ന് സൗദി അറേബ്യൻ സ്റ്റേറ്റ് എന്ന ആശയത്തിന് രൂപം നൽകുകയും ചെയ്തു. മക്കയും മദീനയും ഉൾപ്പെടുന്ന അൽ നജ്ദ് പ്രദേശമായിരുന്നു ഇവരുടെ കേന്ദ്രം. ഓട്ടോമൻകാരുമായുള്ള യുദ്ധത്തിൽ സഊദ് ഭരണകൂലം നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കുകയും റിയാദ് തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, 1865 ൽ കുടുതൽ യുദ്ധങ്ങൾ നടക്കുകയും അന്നത്തെ ഭരണാധികരായിരുന്ന അബ്ദുറഹ്മാൻ അൽ സഊദ് രക്ഷപ്പെട്ട് മരുഭൂവാസികൾക്കിടയിൽ അഭയം പ്രാപിക്കേണ്ടി വന്നു. പിൽക്കാലത്ത്, അബ്ദുറഹ്മാന്റെ മകൻ അബ്ദുൽ അസീസ് റിയാദ് തിരിച്ചുപിടിക്കകയും ആധുനിക സൗദി സ്ഥാപിക്കുകയും ചെയ്തു. 1932 ലാണ് കിംഗ്ഡം ഓഫ് സൗദി അറേബ്യ സ്ഥാപിച്ചത്. അറബി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച സൗദിയുടെ ഭരണ ഘടന ഖുർആൻ ആണ്.
ആഘോഷങ്ങൾ
2016 ലാണ് സൗദി അറേബ്യയെ സാമൂഹികമായും സാന്പത്തികമായും മാറ്റാൻ പദ്ധതിയിട്ട് ‘വിഷൻ 2030’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഈ പദ്ധതി രാജ്യത്തെ സാന്പത്തിക സ്ഥിതി പൂർണമായും സ്വാശ്രയ രീതിയിലുള്ളതും പുരോഗമനപരവും, വൈവിധ്യവുമാക്കാനുള്ള പദ്ധതിയാണ്.
2005 ലാണ് ആദ്യമായി സൗദി ദേശീയ ദിനം പ്രഖ്യാപിച്ചത്. ഈ ദിവസം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ സൗദിക്ക് അനുമോദനം അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷവും തെരുവുകളിലും, സ്കൂളുകളിലും, സർവകലാശാലകളിലും, മറ്റു പൊതുസ്ഥലങ്ങളിലും പച്ച നിറത്തിലുള്ള സൗദിയുടെ പതാകകൾ കൊണ്ട് നിറയും. 91ാം ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗദി തങ്ങളുടെ ദേശീയ വിമാന കന്പനിയായ സൗദിയയുടെ ചില വിമാനങ്ങളുടെ പെയ്ന്റുകളും മാറ്റിയിട്ടുണ്ട്. അൽ ഹെയ്ൽ, അബഹ, തബൂക്ക്, ബുറൈദ, ജിദ്ദ, നജ്രാൻ, ദമാം, അൽ ദിരിയ, മദീന തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ടുകളും നടക്കും. കൂടാതെ സായുധ സേനയുടെ പ്രകടനങ്ങളും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ടെലിവിഷൻ പരിപാടികളും നടത്തപ്പെടും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.