ബിജെപിക്കെതിരായ കോൺഗ്രസ് അവിശ്വാസം തള്ളി; സിപിഎം പിന്തുണയിൽ സ്ഥാനം വേണ്ടെന്ന് ബിജെപിക്കാരിയായ വൈസ് പ്രസിഡന്‍റ്
Last Updated:
ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജനങ്ങളുടെ എതിർപ്പ് നേരിടുന്ന സിപിഎമ്മിന്‍റെ പിന്തുണയോടെ അവിശ്വാസപ്രമേയം അതിജീവിക്കാൻ താൽപര്യമില്ലെന്ന് ബിജെപിക്കാരിയായ വൈസ് പ്രസിഡന്‍റ്
തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജനങ്ങളുടെ എതിർപ്പ് നേരിടുന്ന സിപിഎമ്മിന്‍റെ പിന്തുണയോടെ അവിശ്വാസപ്രമേയം അതിജീവിക്കാൻ താൽപര്യമില്ലെന്ന് ബിജെപിക്കാരിയായ വൈസ് പ്രസിഡന്‍റ്. തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്തിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഇവിടെ ബിജെപി ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടത് അംഗങ്ങൾ വിട്ടുനിന്നതോടെ പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സഹായത്തോടെ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് വൈസ് പ്രസിഡന്‍റായിരുന്ന എസ്. ശാലിനി അറിയിക്കുകയായിരുന്നു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.
അവിശ്വാസപ്രമേയം പരിഗണിച്ച യോഗത്തിൽനിന്ന് ബിജെപി അംഗങ്ങളെ കൂടാതെ അഞ്ച് സിപിഎം അംഗങ്ങളും വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റ് വി. അനിൽകുമാറിനെതിരായ അവിശ്വാസം തള്ളുകയായിരുന്നു. രാവിലെയാണ് പ്രസിഡന്‍റിനെതിരായ അവിശ്വാസം ചർച്ചയ്ക്കെടുത്തത്. എന്നാൽ കോൺഗ്രസിന്റെ ആറ് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസം ചർച്ച ചെയ്യാനിരിക്കെയാണ് നാടകീയമായി എസ്. ശാലിനി രാജി പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിൽ ജനവികാരം എതിരായ പാർട്ടിയുടെ പിന്തുണയോടെ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നായിരുന്നു ശാലിനിയുടെ പ്രതികരണം.
അതിനിടെ വൈസ് പ്രസിഡന്‍റിന്‍റെ രാജി ബിജെപിക്കുള്ളിലും അവിശ്വാസം തള്ളിയത് സിപിഎമ്മിനുള്ളിലും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമായതെന്നാണ് വിവരം. വൈസ് പ്രസിഡന്‍റിന്‍റെ രാജി വ്യക്തിപരമാണെന്നായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം. ബിജെപിക്കെതിരായ അവിശ്വാസപ്രമേയം തള്ളാൻ സഹായകരമായ നിലപാട് സ്വീകരിച്ചതിനെതിരെ സിപിഎമ്മിനുള്ളിലും അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
advertisement
വിളവൂർക്കൽ പഞ്ചായത്തിൽ ഒരു വർഷം മുമ്പ് ബിജെപി പ്രസിഡന്‍റിനെതിരെ കോൺഗ്രസും കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റിനെതിരെ ബിജെപിയും നൽകിയ അവിശ്വാസപ്രമേയം ഇടതുപിന്തുണയോടെ പാസായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിൽനിന്ന് ഇടതുപക്ഷം വിട്ടുനിന്നതോടെ തുല്യവോട്ടുകളിൽ നറുക്കെടുപ്പ് നടത്തിയപ്പോൾ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ ബിജെപിക്ക് ലഭിക്കുകയായിരുന്നു.
Location :
First Published :
July 24, 2019 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിക്കെതിരായ കോൺഗ്രസ് അവിശ്വാസം തള്ളി; സിപിഎം പിന്തുണയിൽ സ്ഥാനം വേണ്ടെന്ന് ബിജെപിക്കാരിയായ വൈസ് പ്രസിഡന്‍റ്


